തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് നേതാക്കള്‍ കേരള ഗവര്‍ണ്ണര്‍ പി.സദാശിവത്തിന് നിവേദനം നല്‍കി. കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന അവകാശ നിഷേധങ്ങളും ,വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്തിലാക്കുന്ന പരീക്ഷകളുടെ റിസള്‍ട്ട് ,മൂല്യനിര്‍ണയം തുടങ്ങിയവയിലെ പാളിച്ചകളും മലബാറിലെ ഡിഗ്രി,പി.ജി സീറ്റുകളിലെ അപര്യാപ്തത ,വിദൂര വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍,യു.ജി.സി പിരിച്ചു വിടുന്നതിലെ ആശങ്കകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഗവര്‍ണ്ണറെ എം.എസ്.എഫ് നേതാക്കള്‍ ധരിപ്പിച്ചു.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍,മുസ്‌ലിം ലീഗ് സ്‌റ്റേറ്റ് സെക്രട്ടറി ബീമപള്ളി റഷീദ്,സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശരീഫ് വടക്കയില്‍,ഷബീര്‍ ഷാജഹാന്‍,ക്യാമ്പസ്സ് വിംഗ് കണ്‍ വീനര്‍ കെ.എം ഫവാസ് എന്നിവര്‍ നിവേദന സംഘത്തില്‍ പങ്കെടുത്തു.