X

ഇന്നും ജയിച്ചാല്‍ വിന്‍ഡീസ് ജേതാക്കള്‍; ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് നിര്‍ണായക മത്സരം

പ്രോവിഡന്‍സ് (ഗുയാന): ഇന്നും തോറ്റാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വന്‍ നാണക്കേട്. വിന്‍ഡീസിനെതിരായ ടി-20 പരമ്പരയിലെ ആദ്യ രണ്ട് മല്‍സരത്തിലും തല താഴ്ത്തിയ ഹാര്‍ദിക് പാണ്ഡെ സംഘത്തിന് അഞ്ച് മല്‍സര പരമ്പര സ്വന്തമാക്കാന്‍ ഇനിയുള്ള മൂന്ന് മല്‍സരങ്ങളിലും വിജയിക്കണം. ആദ്യ മല്‍സരത്തില്‍ നാല് റണ്‍സിനും രണ്ടാം മല്‍സരം രണ്ട് വിക്കറ്റിനുമാണ് ഇന്ത്യ തോറ്റത്. ഇതോടെ 2-0 എന്ന നിലയില്‍ വിന്‍ഡീസ് മുന്നിലാണ്.

ഇന്നത്തെ മൂന്നാം മല്‍സരം സ്വന്തമാക്കാനായാല്‍ അവര്‍ക്ക് പരമ്പര നേടാം. ബാറ്റര്‍മാരാണ് ഇന്ത്യക്ക് ആഘാതം. വിന്‍ഡീസ് സ്ലോ ട്രാക്കുകളില്‍ വലിയ സ്‌ക്കോര്‍ നേടാന്‍ കഴിയാതെ നട്ടം തിരിയുകയാണ് എല്ലാവരും. ആദ്യ മല്‍സരത്തിലെ വിജയലക്ഷ്യം 150 റണ്‍സ് മാത്രമായിരുന്നു. അത് നേടാനായില്ല. രണ്ടാം മല്‍സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് നേടിയത് 152 റണ്‍സ്. ഏഴ് പന്ത് ബാക്കി നില്‍ക്കെ വിന്‍ഡീസ് ഈ ലക്ഷ്യം മറികടന്നു. ഈ പരമ്പരയിലുടെ അരങ്ങേറ്റം നടത്തിയ തിലക് വര്‍മ മാത്രമാണ് രണ്ട് മല്‍സരങ്ങളിലും സാമാന്യം റണ്‍സ് നേടിയത്. ബാക്കിയെല്ലാവരും ദുരന്തമായിരുന്നു. വിന്‍ഡീസ് സ്പിന്നര്‍മാര്‍ക്കാണ് ഇവരെല്ലാം വിക്കറ്റ് സമ്മാനിച്ചത്.

രണ്ടാം മല്‍സരത്തില്‍ തിലക് 51 റണ്‍സ് പൊരുതി നേടിയപ്പോള്‍ സ്‌ക്കോര്‍ബോര്‍ഡിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌ക്കോര്‍ ഓപ്പണര്‍ ഇഷാന്‍ കിഷന്റെ ബാറ്റില്‍ നിന്നായിരുന്നു-27 റണ്‍സ്. അതേ സമയം വിന്‍ഡീസ് നിരയില്‍ നിക്കോളാസ് പുരാന്‍ 67 റണ്‍സുമായി തിരിച്ചടിക്ക് നേതൃത്വം നല്‍കി. വാലറ്റത്തിന്റെ മിന്നില്‍ പ്രകടനവും ടീമിന് കരുത്തായി. എന്നാല്‍ ഇന്ത്യന്‍ വാലറ്റം രണ്ട് മല്‍സരങ്ങളിലും ദുര്‍ബലമായിരുന്നു.

webdesk11: