ഷാര്‍ജ: ഷാര്‍ജയില്‍ ഇന്ത്യക്കാരിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. മലയാളിയായ ഭര്‍ത്താവാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് നിഗമനം. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കേരളത്തിലേക്ക് കടന്നതായാണ് വിവരം. എന്നാല്‍ കൊല നടത്തിയത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. കൊല നടന്നിട്ട് ഏകദേശം ഒരു മാസമായിട്ടുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍.
യുവതിയെ കാണാനില്ലെന്ന് അറിയിച്ച് യുവതിയുടെ സഹോദരന്‍ പൊലീസില്‍ നല്‍കി നല്‍കിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. സഹോദരിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെയായതോടെയാണ് ഇയാള്‍ ഷാര്‍ജയില്‍ നേരിട്ടെത്തിയത്. ഇവര്‍ താമസിച്ചിരുന്ന വീട്ടിലെത്തി സഹോദരന്‍ അന്വേഷിച്ചുവെങ്കിലും വിവരമൊന്നും ലഭിച്ചില്ല. പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോഴാണ് ഒരു ഭാഗത്തെ ടൈലുകള്‍ ഇളകി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെയാണ് വീട്ടില്‍ പരിശോധന നടത്തിയതെന്ന് ഷാര്‍ജ പൊലീസ് മേധാവി മേജര്‍ ജനറല്‍ സൈഫ് അല്‍ സിരി അല്‍ ഷംസി പറഞ്ഞു. അഴുകി തുടങ്ങിയ മൃതദേഹം ഫോറന്‍സിക് നടപടികള്‍ക്കായി ആസ്പത്രിയിലേക്ക് മാറ്റി.
നാട്ടിലേക്ക് കടന്ന ഭര്‍ത്താവിനെ കണ്ടെത്തുന്നതിനായി ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. കൊല്ലപ്പെട്ട യുവതിയെ കൂടാതെ ഭര്‍ത്താവിന് മറ്റൊരു ഭാര്യ കൂടിയുണ്ടെന്നും കൊല നടത്തുന്നതിന് മുമ്പ് രണ്ടാം ഭാര്യയെയും കുട്ടികളെയും ഇയാള്‍ ഇന്ത്യയിലേക്ക് അയച്ചുവെന്നാണ് കരുതുന്നത്.
കേരളത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് ഷാര്‍ജയിലെ വീടിനു മുന്നില്‍ ഇയാള്‍ വാടകക്ക് എന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നതായി സമീപവാസികള്‍ പറഞ്ഞു.