പുതുച്ചേരി : മുന്‍ സ്പീക്കറെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ വനിതാ ഗുണ്ട നേതാവ് ബിജെപിയില്‍ ചേര്‍ന്നു. അറസ്റ്റ് വാറന്റിനെ തുടര്‍ന്ന് ഒളിവില്‍ കഴിയവെയാണു കാരയ്ക്കലിലെ കുപ്രസിദ്ധ ഗുണ്ട ഏഴിലരസി ബിജെപി സംസ്ഥാന പ്രസിഡന്റില്‍നിന്ന് അംഗത്വം സ്വീകരിച്ചത്. മുന്‍ സ്പീക്കറും കൃഷിമന്ത്രിയുമായിരുന്ന മുതിര്‍ന്ന രാഷ്ട്രീയ നേതാവിനെയടക്കം മൂന്നുപേരെ കൊന്ന കേസിലെ പ്രതിയാണ് ഏഴിലരസി.

തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി 15 കേസുകളുണ്ട്. 2017ല്‍ മുന്‍ സ്പീക്കറും കൃഷിമന്ത്രിയും കാരയ്ക്കലിലെ പ്രമുഖ രാഷ്ട്രീയ നേതാവുമായിരുന്ന വി.എം.സി. ശിവകുമാറിനെ പട്ടാപ്പകല്‍ പെട്രോള്‍ ബോംബ് എറിഞ്ഞു വീഴ്ത്തിയശേഷം വെട്ടിയും കുത്തിയും കൊന്ന കേസിലെ മുഖ്യപ്രതിയാണ് ആര്‍.ഏഴിലരസി.

ഏഴിലരസി കഴിഞ്ഞ വര്‍ഷം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഉടനെ ഗുണ്ടാ ആക്ട് പ്രകാരം തടവിലായി. തടവുകഴിഞ്ഞു പുറത്തിറങ്ങിയശേഷം അജ്ഞാത കേന്ദ്രത്തിലിരുന്നായിരുന്നു പ്രവര്‍ത്തനം. ബിജെപി സംസ്ഥാന പ്രസിഡന്റ് ആര്‍.സാമിനാഥനെ വിളിച്ചുവരുത്തിയാണ് അംഗത്വം നേടിയത്.

ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ വിവാദമായി. അറസ്റ്റ് വാറന്റുള്ള പ്രതിയെ തേടി പൊലീസ് തിരച്ചിലും തുടങ്ങി. അതേസമയം, ആര്‍ക്കു വേണമെങ്കിലും പാര്‍ട്ടിയില്‍ ചേരാമെന്നും ഏഴിലരസി പാര്‍ട്ടി അംഗത്വം സ്വീകരിച്ചതില്‍ അസ്വാഭാവികതയില്ലെന്നുമാണ് ബിജെപി വാദം.