വിശാല്‍ ആര്‍
മനുഷ്യകുലം ഒരു നിര്‍ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഭൂമിയിലെ ജനസംഖ്യ 800 കോടി മറികടന്നു. 700 കോടി പിന്നിട്ട് 11 വര്‍ഷം കഴിയുമ്പോഴാണ് 800 കോടിയിലേക്ക് ജനസംഖ്യ എത്തുന്നത്. വരും ദശകങ്ങളിലും ജനസംഖ്യ വര്‍ധനവ് ഉണ്ടാകുമെന്നാണ് ഐക്യരാഷ്ട്ര സഭ ജനസംഖ്യ വിഭാഗം പറയുന്നത്. 2050 ആകുമ്പോഴേക്കും മനുഷ്യായുസ്സ് 77.2 വയസ്സായി ഉയരും എന്നതിനാലാണ് ജനസംഖ്യയില്‍ അഭൂതപൂര്‍വമായ വര്‍ധനവ് ഉണ്ടാകുന്നത്. ആയുസ്സ് വര്‍ധിക്കുന്നതിനാലും കൂടുതല്‍ ആളുകള്‍ ഗര്‍ഭിണികളാകാന്‍ ഇടയുള്ള പ്രായപരിധിയിലേക്ക് കടക്കുന്നതിനാലുമാണ് വരും ദശകങ്ങളില്‍ ജനസംഖ്യാവര്‍ധനവ് ഉണ്ടാവുക. 2030 ആകുമ്പോഴേക്കും ലോക ജനസംഖ്യ 850 കോടിയും 2050 ആകുമ്പോഴേക്കും 970 കോടിയുമാകുമെന്നാണ് ഐക്യരാഷ്ട്ര സഭ പ്രവചിക്കുന്നത്. 2080 ആകുമ്പോഴേക്കും 1040 കോടിയുമാകും. അതിന് ശേഷം 2100 വരെ ജനസംഖ്യയില്‍ കാര്യമായ വര്‍ധനവുണ്ടാകാനിടയില്ല. ജനസംഖ്യാവര്‍ധന നിരക്ക് 1960 ന് ശേഷം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2020 ആയപ്പോഴേക്കും ഇത് ഒരു ശതമാനമായി ചുരുങ്ങി. 2050 ആകുമ്പോഴേക്കും ജനസംഖ്യ വര്‍ധന നിരക്ക് 0.5 ശതമാനമായി കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യുത്പാദന നിരക്ക് കുറയുന്നതിനാലാണിത്.
1950ല്‍ ഒരു സ്ത്രീയുടെ ആയുസ്സില്‍ ശരാശരി അഞ്ച് കുട്ടികള്‍ക്കാണ് ജന്മം നല്‍കിയിരുന്നതെങ്കില്‍ 2021 ആയപ്പോഴേക്കും അത് 2.3 കുട്ടികളായി കുറഞ്ഞിരുന്നു. 2050 ആകുമ്പോഴേക്കും ഇത് 2.1 ആയി കുറയും എന്നാണ് കണക്കാക്കുന്നത്. ലോകത്തില്‍ ഭൂരിഭാഗം ജനങ്ങളും ജീവിക്കുന്നത് പ്രത്യുത്പാദന നിരക്ക് കുറഞ്ഞുവരുന്ന രാജ്യങ്ങളിലാണ്. മനുഷ്യന്റെ ശരാശരി ആയുസ്സിലുണ്ടായ വര്‍ധനവാണ് ജനസംഖ്യ കൂടുന്നതിന് പ്രധാന കാരണമായി പറയുന്നത്. 2019ല്‍ മനുഷ്യന്റെ ശരാശരി ആയുസ്സ് 72.8 വയസ്സായിരുന്നു. 1990 ലേതിനേക്കാള്‍ ഒന്‍പത് വര്‍ഷം കൂടുതലാണിത്. 2050 ആകുമ്പോഴേക്കും ഇത് 77.2 വയസ്സായി ഉയരും. അതേസമയം പല വികസ്വര രാജ്യങ്ങളിലും ജനനനിരക്കില്‍ കാര്യമായ കുറവുണ്ട്. അടുത്ത ദശാബ്ദങ്ങളില്‍ ലോക ജനസംഖ്യാ വര്‍ധനവിന്റെ പകുതിയില്‍ കൂടുതലും മുഖ്യമായി എട്ടുരാജ്യങ്ങളിലായിരിക്കുമെന്നാണ് അനുമാനം. കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പൈന്‍സ്, ടാന്‍സാനിയ എന്നീ രാജ്യങ്ങളിലാണ് വരുംനാളുകളില്‍ ജനസംഖ്യയില്‍ കാര്യമായ വര്‍ധന പ്രതീക്ഷിക്കുന്നത്. 2023ല്‍ ഇന്ത്യ ചൈനയെ പിന്തള്ളി ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറും. 145.2 കോടിയാണ് ചൈനയിലെ ജനസംഖ്യ. 141.2 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യയിപ്പോള്‍.
ജനസംഖ്യാവര്‍ധന ഉയര്‍ത്തുന്ന വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍, ഭൂമിയിലെ നിലവില്‍ ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ച് ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ചൂണ്ടുന്നത്. 800 കോടി ജനങ്ങളുള്ള ലോകത്ത് വ്യക്തിഗത അവകാശങ്ങളും തിരഞ്ഞെടുപ്പുകളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ജനങ്ങള്‍ക്കും സമൂഹത്തിനും ഭൂലോകമാകെത്തന്നെയും അഭിവൃദ്ധി പ്രാപിക്കാനുള്ള അനന്തമായ സാധ്യതകളാണ് കണ്ടെത്തേണ്ടത്.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യംമുതല്‍, ലോകം അഭൂതപൂര്‍വമായ ജനസംഖ്യാ വര്‍ധന അനുഭവിച്ചിട്ടുണ്ട്. 1950നും 2020നും ഇടയില്‍ ലോക ജനസംഖ്യ മൂന്നിരട്ടിയിലധികം വര്‍ധിച്ചു. ലോകത്തിന്റെ എല്ലാ ഭാഗത്തും ജനസംഖ്യാ വളര്‍ച്ചനിരക്ക് ഒരുപോലെയല്ല. വ്യാവസായിക രാജ്യങ്ങളായ ജപ്പാനിലെയും യൂറോപ്പിലെ മിക്ക രാജ്യങ്ങളിലെയും ജനസംഖ്യാ വളര്‍ച്ച സാവധാനത്തിലാണ്. അവരുടെ ജനസംഖ്യ ഇരട്ടിയാകാന്‍ 50 മുതല്‍ 100 വര്‍ഷംവരെ വേണ്ടിവന്നു. അമേരിക്ക, റഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, കാനഡ, അര്‍ജന്റീന എന്നീ രാജ്യങ്ങളിലെ ജനസംഖ്യ 30 മുതല്‍ 40 വര്‍ഷംകൊണ്ട് ഇരട്ടിയാകുന്നു. എന്നാല്‍, ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും അധിവസിക്കുന്ന ലോകത്തിലെ താഴ്ന്ന വരുമാനമുള്ളതും വികസിതമല്ലാത്തതുമായ ഇന്ത്യ പോലുള്ള മറ്റു പ്രദേശങ്ങളില്‍ ജനസംഖ്യാ വളര്‍ച്ച വേഗത്തിലാണ്.
കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച് ലോകത്ത് ഏറ്റവും മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി വൈദ്യശാസ്ത്ര രംഗവുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുകയും ഒട്ടേറെ പുതിയ മരുന്നുകള്‍ ഉത്പാദിപ്പിക്കാനും സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനും സാധിച്ചതിന്റെ ഫലമായി ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരം ഉണ്ടാക്കാനായി. വൈദ്യശാസ്ത്രരംഗം ഫലപ്രദമായി ഇടപെട്ടതിന്റെ ഭാഗമായി ജനങ്ങളുടെ ആയുര്‍ ദൈര്‍ഘ്യം വര്‍ധിക്കാനും ശിശു മരണ നിരക്കും മാതൃമരണ നിരക്കും കുറയ്ക്കാനും സാധിച്ചു. ജനസാന്ദ്രത കൂടുതലാണെങ്കിലും ദക്ഷിണ കൊറിയ, ജപ്പാന്‍, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങള്‍ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തങ്ങളുടെ കൈവശമുള്ള വിഭവങ്ങള്‍ നന്നായി ഉപയോഗപ്പെടുത്തി വളരെ കാര്യക്ഷമമായി സാഹചര്യത്തെ നേരിടുന്നുവെന്നത് ഇന്ത്യയടക്കമുള്ള ജനസാന്ദ്രത കൂടിയ പ്രദേശങ്ങള്‍ക്ക് പാഠമാണ്. ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ അടിസ്ഥാനത്തില്‍ ജനജീവിതം മെച്ചപ്പെടുത്താനുള്ള സൗകര്യം ലോകമെമ്പാടും വ്യാപകമാണ്. പക്ഷേ ഇത്തരത്തിലുള്ള പുരോഗതി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമാണ്.
കാലാവസ്ഥാ വ്യതിയാനം, പോഷകാഹാരക്കുറവ്, തൊഴിലില്ലായ്മ, പട്ടിണി, അക്രമം തുടങ്ങിയ വെല്ലുവിളികള്‍ വലിയ ഭീഷണിയായി പല ജനവിഭാഗവും നേരിടേണ്ടിവരുന്നു. ലിംഗഭേദം, വംശം, വര്‍ഗം, മതം, വൈകല്യം എന്നിവയെ അടിസ്ഥാനമാക്കി, മറ്റ് ഘടകങ്ങള്‍ക്കൊപ്പം, നിരവധി ആളുകള്‍ ഇപ്പോഴും വിവേചനത്തിനും ഉപദ്രവത്തിനും അക്രമത്തിനും കുടിയിറക്കപ്പെടുന്നതിനും വിധേയരാകുന്നു.