X

സാവി ബാഴ്‌സലോണയുടെ പരിശീലക സ്ഥാനം ഒഴിയുന്നു

സ്പാനിഷ് ക്ലബ് എഫ്‌സി ബാഴ്‌സലോണയുടെ പരിശീലക സ്ഥാനമൊഴിയുന്നതായി സാവി ഹെര്‍ണാണ്ടസ്. സീസണൊടുവില്‍ ക്ലബ് വിടുമെന്ന് സാവി അറിയിച്ചു. സ്പാനിഷ് ലീഗില്‍ വിയ്യാറയലിനോട് മൂന്നിനെതിരെ 5 ഗോളുകള്‍ക്ക് പരാജയപ്പെട്ടതിനു പിന്നാലെയാണ് സാവിയുടെ പ്രഖ്യാപനം. റൊണാള്‍ഡ് കോമനു പകരക്കാരനായി 2021ല്‍ ഖത്തര്‍ ക്ലബ് അല്‍ സാദില്‍ നിന്ന് ബാഴ്‌സയിലെത്തിയ സാവി ക്ലബിന്റെ മുന്‍ ഇതിഹാസ താരം കൂടിയായിരുന്നു.

‘ഈ സീസണു ശേഷം ഞാന്‍ ബാഴ്‌സ പരിശീലകനായി തുടരില്ല. കുറച്ചു ദിവസം മുന്‍പെടുത്ത തീരുമാനമാണ്. പക്ഷേ, ഇക്കാര്യം പ്രഖ്യാപിക്കാന്‍ ഇതാണ് പറ്റിയ സമയമെന്ന് ഞാന്‍ കരുതുന്നു. ഒരു ബാഴ്‌സ ആരാധകനെന്ന നിലയില്‍, ക്ലബിന് ഗുണമുണ്ടാവുന്ന കാര്യമെന്ന നിലയില്‍, ഇത് ശരിയായ തീരുമാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ക്ലബിനെക്കാള്‍ വലുതായി ആരുമില്ല. ക്ലബിനൊരു പ്രശ്‌നമാവാന്‍ ഞാനില്ല. പരിഹാരത്തിനു വേണ്ടിയാണ് ഞാനെത്തിയത്. ഇപ്പോള്‍ അതല്ല അവസ്ഥ. ഇനി ലീഗിലെയോ ചാമ്പ്യന്‍സ് ലീഗിലെയോ സ്ഥിതിയില്‍ എന്തെങ്കിലും മികച്ച റിസല്‍ട്ട് വന്നാലും തീരുമാനത്തിനു മാറ്റമില്ല.’ സാവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിയ്യാറയലിനെതിരെ പരാജയപ്പെട്ടതോടെ ലീഗില്‍ ഒന്നാമതുള്ള റയല്‍ മാഡ്രിഡിനെക്കാള്‍ പത്ത് പോയിന്റ് പിന്നിലായി. 1963നു ശേഷം ക്യാമ്പ് നൂവിലെ ഒരു ലാലിഗ മത്സരത്തില്‍ ബാഴ്‌സ ഇതാദ്യമായാണ് അഞ്ച് ഗോള്‍ വഴങ്ങുന്നത്. 1951നു ശേഷം ഇത് ആദ്യമായാണ് തുടര്‍ച്ചയായ മത്സരങ്ങളില്‍ ബാഴ്‌സ നാലിലധികം ഗോളുകള്‍ വഴങ്ങുന്നത്.

ആദ്യ സീസണുകള്‍ നന്നായി തുടങ്ങിയ സാവിക്ക് പിന്നീട് ക്ലബില്‍ അടിപതറുകയായിരുന്നു. സ്ഥാനമേറ്റെടുത്ത 2021 സീസണില്‍ ഒമ്പതാമതായിരുന്ന ക്ലബിനെ രണ്ടിലേക്ക് എത്തിക്കാന്‍ സാവിക്ക് കഴിഞ്ഞിരുന്നു. തൊട്ടടുത്ത സീസണില്‍ ബാഴ്‌സ ലീഗ് ജേതാക്കളായി. ആ സീസണില്‍ സ്പാനിഷ് സൂപ്പര്‍ കോപ്പയും വിജയിച്ചു. എന്നാല്‍, ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടം കടക്കാന്‍ സാധിച്ചില്ല. ഈ സീസണില്‍ നോക്കൗട്ടിലെത്താന്‍ സാധിച്ചിട്ടുണ്ട്.

സീസണില്‍ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ കടന്നെങ്കിലും ലാ ലിഗയിലെ പ്രകടനങ്ങള്‍ ദിനം പ്രതി മോശമായിക്കൊണ്ടിരുന്നു. സൂപ്പര്‍ കോപ്പ ഫൈനലില്‍ റയലിനോട് ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് തോറ്റതും കോപ്പ ഡെല്‍ റേ ക്വാര്‍ട്ടറില്‍ അത്‌ലറ്റിക് ക്ലബിനോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോറ്റതും സാവിയുടെ സ്ഥാനത്തിന് ഇളക്കം തട്ടിച്ചിരുന്നു.

webdesk13: