X
    Categories: indiaNews

യെദ്യൂരപ്പയെ നേതൃത്വത്തില്‍നിന്ന് മാറ്റണം; കര്‍ണാടക ബിജെപിയില്‍ പൊട്ടിത്തെറി

ബെംഗളൂരു: കര്‍ണാടകത്തില്‍ മന്ത്രിസഭാ വികസനം ചര്‍ച്ചയായതോടെ ബിജെപിയില്‍ വിഭാഗീയത പുകയുന്നു. മന്ത്രിസഭാ വികസനത്തിന് അനുമതി വാങ്ങാനായി മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പ ഡല്‍ഹിയിലാണ്. കൂടുതല്‍ പേര്‍ മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ട്. പദവി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാരിനെതിരേ നീങ്ങുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതിനിടയില്‍ യെദ്യൂരപ്പയെ നേതൃത്വത്തില്‍നിന്ന് മാറ്റണമെന്നാവശ്യവുമായി മറ്റൊരു വിഭാഗവും രംഗത്തുണ്ട്. യെദ്യൂരപ്പയുടെ പ്രായം ഉയര്‍ത്തിക്കാട്ടിയും മകന്‍ ബി.വൈ. വിജയേന്ദ്രയുടെ ഭരണത്തിലെ ഇടപെടലും ചൂണ്ടിക്കാട്ടിയാണ് യെദ്യൂരപ്പയ്‌ക്കെതിരേ നീക്കം നടത്തുന്നത്. മുന്‍ മുഖ്യമന്ത്രിയും ലിംഗായത്ത് നേതാവുമായ ജഗദീഷ് ഷെട്ടാറിനെയാണ് ഇവര്‍ നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കാട്ടുന്നത്.

മന്ത്രിസഭാ വികസനം സര്‍ക്കാരിനു മുന്നില്‍ വെല്ലുവിളിയാണ്. നിലവില്‍ മന്ത്രിസഭയില്‍ മൂന്ന് സ്ഥാനമാണ് ഒഴിവുള്ളത്. കോണ്‍ഗ്രസ്ജെഡിഎസ്. സഖ്യം വിട്ട് ബിജെപി.യോടൊപ്പം ചേര്‍ന്ന എം.ടി.ബി. നാഗരാജ്. എ.എച്ച്. വിശ്വനാഥ്, ആര്‍. ശങ്കര്‍ എന്നിവരെ ഉള്‍പ്പെടുത്തണം. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തണമെങ്കില്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കേണ്ടി വരും. ആറു പേരെ ഒഴിവാക്കാനാണ് യെദ്യൂരപ്പയുടെ തീരുമാനം. ഇത്തരമൊരു നീക്കം വിഭാഗീയതയ്ക്കിടയാക്കും. ഇതാണ് സര്‍ക്കാരിന് മുന്നിലെ പ്രതിസന്ധി. മുതിര്‍ന്ന നേതാക്കളായ ഉമേഷ് കട്ടി, മുരുകേഷ് നിറാനി, സി.പി. യോഗേശ്വര്‍ എന്നിവര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയവരില്‍ ഉള്‍പ്പെടും.

web desk 3: