X

കേരളോത്സവം സംഘടിപ്പിക്കാൻ കഴിയില്ലെങ്കിൽ യുവജനക്ഷേമ ബോർഡ് പിരിച്ച് വിടണം:  പി കെ ഫിറോസ് 

കോഴിക്കോട് : സംസ്ഥാന കേരളോത്സവം നടത്താൻ കഴിയാത്ത യുവജനക്ഷേമ ബോർഡ് പിരിച്ച് വിടണമെന്ന്  മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ നടത്തും എന്ന് പ്രഖ്യാപിച്ച സംസ്ഥാന കേരളോത്സവം ഇത് വരെ സംഘടിപ്പിച്ചിട്ടില്ല.

ഡി.വൈ.എഫ്.ഐ ക്കാരെ കുത്തിനിറച്ചുള്ള യുവജനക്ഷേമ ബോർഡിന് യുവാക്കളുടെ വിഷയത്തിലല്ല താൽപ്പര്യം എന്ന് വെളിവാക്കുന്ന ഒടുവിലത്തെ അനുഭവമാണിത്. കലാ-കായിക മേഖലയിൽ ഒട്ടേറെ പ്രതിഭകളെ കണ്ടെത്തുകയും അവർക്ക് അവസരം നൽകുകയും ചെയ്യുന്ന കേരളോത്സവം പരിപാടി നടത്താത്തത് സർക്കാറിൻ്റെ പിടിപ്പ് കേടും യുവ പ്രതിഭകളോടുള്ള അവഗണനയുമാണെന്ന് അദ്ദേഹം തുടർന്നു.

യുവജനങ്ങളുടെ കലാ-കായിക ശേഷി പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ വർഷവും സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് സംഘടിപ്പിച്ച് വരുന്ന പരിപാടിയാണ് കേരളോത്സവം.

എന്നാൽ ജില്ല തലം വരെയുള്ള കേരളോത്സവം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാന കേരളോത്സവം നടത്തിപ്പ് സംബന്ധമായി യുവജനക്ഷേമ ബോർഡിൽ നിന്നും  അറിയിപ്പോ വ്യക്തതയോ ഇത് വരെ വന്നിട്ടില്ല. പ്രാഥമിക മത്സരങ്ങൾ ഗ്രാമ പഞ്ചായത്ത് – മുൻസിപ്പൽ തലത്തിലും പിന്നീട് ബ്ലോക്ക്‌ – ജില്ലാ തലങ്ങളിലും മൽസരങ്ങൾ നടന്നതിന് ശേഷമാണ് സംസ്ഥാന തലത്തിൽ കേരളോത്സവം നടത്തുന്നത്. എന്നാൽ ഇത്തവണ 2023 നവംബർ മാസത്തിന് മുമ്പ് തന്നെ ജില്ലാതലം വരെയുള്ള മത്സരങ്ങൾ പൂർത്തീകരിച്ചു.

കേരളോത്സവം ഓരോ വർഷവും പ്രഹസനമായി മാറുന്നതും സർക്കാറിൻ്റെ അലംഭാവം മൂലമാണ്. ഏറെ വൈകി മാത്രം മാന്വൽ പ്രസിദ്ധീകരിക്കുകയും വേണ്ടത്ര സമയം അനുവദിക്കാതിരിക്കുകയും ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന ഏക പരിപാടിയുടെ അവസ്ഥയാണിത്. സംസ്ഥാന കേരളോത്സവം നടത്താനുള്ള നടപടികൾ സർക്കാർ അടിയന്തിരമായി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യക്ഷ സമരത്തിന് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും പി.കെ ഫിറോസ് വ്യക്തമാക്കി.

webdesk13: