ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് അഴിമതി നടത്തിയതിന്റെ വിശദാംശങ്ങള്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കുമെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഭീഷണിക്കു പിന്നാലെ സഭാ നടപടികള്‍ സ്തംഭിപ്പിച്ച് ഭരണപക്ഷം. ഇതേതുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നലെ നടപടികളിലേക്ക് കടക്കാതെ പിരിഞ്ഞു. നോട്ട് വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ നടത്തിയ പ്രതിഷേധം കാരണമാണ് ആദ്യ ദിനങ്ങളില്‍ സഭ തടസ്സപ്പെട്ടതെങ്കില്‍ ഇന്നലെ ചിത്രം പൂര്‍ണമായും മാറുന്നതാണ് കണ്ടത്. പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് ഭരണകക്ഷി അംഗങ്ങള്‍ സഭയിലെത്തിയത്. കോണ്‍ഗ്രസിനെതിരെ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങിയ ഭരണകക്ഷി അംഗങ്ങളുടെ ബഹളം കാരണം പലതവണ സഭ നിര്‍ത്തിവെച്ച് വീണ്ടുംചേര്‍ന്നെങ്കിലും ഫലമുണ്ടായില്ല. ഇതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. അതുകൊണ്ട് ഇന്ന് സമാപിക്കുന്ന ശീതകാല സമ്മേളനം പൂര്‍ണമായി വെള്ളത്തിലായേക്കും. നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ഇന്നലേയും ലോക്‌സഭയില്‍ രംഗത്തെത്തി. ഇതിനു തൊട്ടു പിന്നാലെ അഗസ്റ്റ വെസ്സ്‌ലാന്റ് കോപ്റ്റര്‍ ഇടപാട് ഉന്നയിച്ച് ഭരണകക്ഷികള്‍ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തുകയും മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലേക്ക് നീങ്ങുകയുമായിരുന്നു. രാജ്യസഭയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഭരണപക്ഷമാണ് സഭ തടസ്സപ്പെടുത്താന്‍ മുന്നില്‍ നിന്നത്.