Culture

ആര്‍.ബി.ഐ യോഗത്തിന്റെ മിനുട്‌സ് പുറത്തു വിടണമെന്ന് കോണ്‍ഗ്രസ്

By chandrika

December 30, 2016

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയ നവംബര്‍ എട്ടിലെ ആര്‍.ബി.ഐ മിനുട്‌സ് പുറത്തു വിടണമെന്ന് മുന്‍ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. അസാധുവാക്കപ്പെട്ട 500, 1000 രൂപ നോട്ടുകളില്‍ 86 ശതമാനവും ബാങ്കുകളില്‍ തിരികെയത്തിയെന്ന ആര്‍.ബി.ഐയുടെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അരമണിക്കൂര്‍ യോഗം ചേര്‍ന്ന് നിശ്ചയിക്കാവുന്ന കണക്കുകളല്ലിതെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത നോട്ട് പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട 50 ദിവസത്തെ കാലാവധി അവസാനിച്ചിരിക്കുകയാണ്. എന്നിട്ടും നോട്ട് പ്രതിസന്ധിക്ക് അയവില്ലാത്ത സാഹചര്യത്തിലാണ് നോട്ട് അസാധുവാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ നിശിത വിമര്‍ശവുമായി ചിദംബരം രംഗത്തെത്തിയത്. നയ തീരുമാനങ്ങളിലെ സമ്പൂര്‍ണ പിടിപ്പുകേടിന്റേയും ഭരണ പരമായ തകര്‍ച്ചയുടേയും വ്യാപക അഴിമതിയുടേയും ഉത്തമ ഉദാഹരണമാണ് മോദി സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

50 ദിവസത്തിനകം രാജ്യത്തെ നോട്ട് പ്രതിസന്ധി പരിഹരിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദിയെ ചിദംബരം പരിഹസിച്ചു. നോട്ട് അസാധുവാക്കലിലൂടെ ലോകത്തെ ഭീകരവാദ ശൃംഖലയുടേയും ലഹരി, മനുഷ്യക്കടത്ത് മാഫിയയുടേയും അധോലോക പ്രവര്‍ത്തനങ്ങളുടേയും ചിറകരിയാന്‍ ഇന്ത്യക്കായെന്നും അദ്ദേഹം പരിഹസിച്ചു. നോട്ട് അസാധുവാക്കല്‍ തീരുമാനം എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെ ആശ്രയിച്ചായിരിക്കും അതിന്റെ വിജയമെന്ന് താന്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്, എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ മൊത്തം തീരുമാനങ്ങളും പാളിപ്പോയെന്നാണ് നടപടികള്‍ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൊത്തത്തില്‍ നോട്ട് അസാധുവാക്കല്‍ തീരുമാനം പിടിപ്പു കേടിന്റേയും ഭരണത്തകര്‍ച്ചയുടേയും വ്യാപക അഴിമതിയുടേയും വേദിയായി മാറിയെന്ന് ചിദംബരം ആരോപിച്ചു. 50 ദിവസം കൊണ്ട് സര്‍ക്കാര്‍ അവകാശപ്പെട്ടതൊന്നും നടന്നില്ലെന്ന് തെളിയിച്ചുകഴിഞ്ഞു. 2000 രൂപയുടെ പുതിയ നോട്ടുകളില്‍ പോലും വ്യാപകമായി ഹവാലപ്പണം കണ്ടെത്തിയിട്ടുണ്ട് കള്ളപ്പണം ഇനി ഉണ്ടാകുമോ, കൈക്കൂലി പുതിയ നോട്ടുകളില്‍ നല്‍കുന്നത് അവസാനിപ്പിക്കാനാകുമോ തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും യാതൊരു വ്യക്തതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പണരഹിത സമ്പദ് വ്യവസ്ഥ എന്നത് സാധ്യമായ കാര്യമല്ലെന്നും ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ ഡിജിറ്റല്‍ രൂപത്തിലേക്കു മാറുന്നതിനോട് തങ്ങള്‍ക്ക് വിരോധമില്ല, എന്നാല്‍ താരതമ്യേന മൂല്യം കുറഞ്ഞ കറന്‍സികള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നത് വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ പണത്തിലേക്കു മാറുമ്പോള്‍ സ്വകാര്യതയുടെ വിഷയം കൂടിയുണ്ടെന്നും ഇത് ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.