ലണ്ടന്‍: ഇത്തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടര്‍ ബെര്‍ത്ത് നേടിയത് അഞ്ച് പ്രീമിയര്‍ ലീഗ് ടീമുകള്‍. നോക്കൗട്ട് നറുക്കെടുപ്പ് നടന്നപ്പോള്‍ ഇവരില്‍ മൂന്ന് ടീമുകള്‍ക്കും താരതമ്യേന അശക്തരായ പ്രതിയോഗികള്‍. എന്നാല്‍ രണ്ട് പേരാവട്ടെ അകപ്പെട്ടിരിക്കുന്നത് പ്രബലര്‍ക്ക് മുന്നിലും. പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ പതിനൊന്ന് പോയന്റിന്റെ വ്യക്തമായ ലീഡില്‍ കുതിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഏറ്റവും വലിയ ഭാഗ്യവാന്മാര്‍. സെര്‍ജി അഗ്യൂറോയും ഓട്ടോമാന്‍ഡിയും റഹീം സ്‌റ്റെര്‍ലിംഗുമെല്ലാം കളിക്കുന്ന സ്റ്റാര്‍ സംഘത്തിന് മുന്നില്‍ വരുന്നത് സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബേസില്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും വലിയ ഭയമില്ല. കഴിഞ്ഞ ദിവസം സ്പാനിഷ് ലാലീഗയില്‍ റയല്‍ മാഡ്രിഡ് അഞ്ച് ഗോളിന് തകര്‍ത്തുവിട്ട സെവിയെയാണ് ഹൗസേ മോറിഞ്ഞോയുടെ സൂപ്പര്‍ സംഘത്തിന്റെ പ്രതിയോഗികള്‍. ലിവര്‍പൂളിനും പേടിക്കാനില്ല. പോര്‍ച്ചുഗീസ് ക്ലബായ പോര്‍ട്ടോയാണ് അവര്‍ക്കെതിരെ വരുന്നത്. എന്നാല്‍ ടോട്ടനമാണ് വലിയ പ്രതിയോഗികളെ നേരിടേണ്ടി വരുന്നത്-ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്തസ്. പോയ വര്‍ഷം റയല്‍ മാഡ്രിഡിനോട് ഫൈനലില്‍ തോറ്റവരാണ് ജിയാന്‍ ലുക്കാ ബഫണ്‍ നയിക്കുന്ന അനുഭവസമ്പന്നരുടെ ഇറ്റാലിയന്‍ നിര. ചെല്‍സിക്കും തലവേദന ചെറുതല്ല-സാക്ഷാല്‍ ലിയോ മെസിയുടെ ബാര്‍സിലോണയാണ് അവര്‍ക്ക് മുന്നില്‍. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളാണെങ്കിലും പ്രീമിയര്‍ ലീഗില്‍ ഇത് വരെ കരുത്തിനൊത്ത കുതിപ്പ് നീലപ്പട നടത്തിയിട്ടില്ല. സ്‌പെയിനില്‍ നിന്നും മൂന്ന് ടീമുകള്‍ക്കാണ് നോക്കൗട്ട് ബെര്‍ത്ത്. ഇവരില്‍ റയല്‍ മാഡ്രിഡും ബാര്‍സിലോണക്കും കാര്യങ്ങള്‍ എളുപ്പമല്ല. നിലവിലെ ചാമ്പ്യന്മാരായ റയലിന് മുന്നില്‍ വരുന്നത് നെയ്മറുടെ പി.എസ്.ജി. ഫ്രഞ്ച് ലീഗില്‍ അതിശക്തരായി മുന്നേറുകയാണ് പി.എസ്.ജി. നെയ്മര്‍ മാത്രമല്ല എഡ്ഗാര്‍ കവാനിയും കൈലിയന്‍ മാപ്പെയുമെല്ലാം കളിക്കുന്നവരാണ് പാരീസ് സംഘം. മാപ്പെയെ റയല്‍ കോച്ച് സൈനുദ്ദീന്‍ സിദാന്‍ നേരത്തെ നോട്ടമിട്ടിരുന്നു. ഇപ്പോള്‍ അബുദാബിയില്‍ ഫിഫ ലോക ക്ലബ് ഫുട്‌ബോളില്‍ കളിക്കുകയാണ് റയല്‍. നറുക്കെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ചാമ്പ്യന്‍സ് ലീഗില്‍ ആരെ നേരിടാനും തന്റെ ടീം റെഡിയാമെന്ന് സിദാന്‍ പറഞ്ഞു. സീസണിന്റെ തുടക്കത്തില്‍ മോശം ഫോമിലായിരുന്നു ടീം. പക്ഷേ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തരായി തിരിച്ചെത്തിയതാണ് കോച്ചിന് ആശ്വാസം നല്‍കുന്നത്. ബാര്‍സിലോണക്കും കാര്യങ്ങള്‍ എളുപ്പമല്ല. ലാലീഗയില്‍ മെസിയും സുവാരസും തകര്‍പ്പന്‍ ഫോമിലാണ്. പക്ഷേ ഇംഗ്ലീഷ് ചാമ്പ്യന്മാര്‍ ദുര്‍ബലരല്ല. മൂന്നാമത് സ്പാനിഷ് ടീമായ സെവിയെയും വിയര്‍ക്കും-മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ.ഇറ്റലിയില്‍ നിന്നും രണ്ട് പേരാണ് ഇത്തവണ. യുവന്തസും റോമയും. യുവന്തസ് ടോട്ടനത്തെ നേരിടുമ്പോള്‍ റോമക്ക് കാര്യങ്ങള്‍ എളുപ്പമാണ്-ഷാക്തര്‍ ഡോണ്‍സ്റ്റക്കാണ് എതിരാളികള്‍. ജര്‍മനിയില്‍ നിന്നുമുള്ള ഏകപ്രതിനിധികളായ ബയേണ്‍ മ്യൂണിച്ചിന് ബെസികിറ്റാസാണ് എതിരാളികള്‍.
പലരും ഇത്തവണ പ്രതീക്ഷിച്ച ഫൈനലാണ് റയലും പി.എസ്.ജിയും തമ്മില്‍. ആ മല്‍സരമാണ് പ്രീ ക്വാര്‍ട്ടറില്‍ നടക്കാന്‍ പോവുന്നത്. ബാര്‍സിലോണയും ചെല്‍സിയും തമ്മിലൊരു സെമി ചിലര്‍ മുന്നില്‍ കണ്ടിരുന്നു. ആ മല്‍സരവും വളരെ നേരത്തെ വരുന്നു. ഇംഗ്ലീഷ് ടീമുകളില്‍ ഇത്തവണ അപ്രതീക്ഷിത മുന്നേറ്റം നടത്തിയവരാണ് ടോട്ടനം. റയലിനെ പോലും അവര്‍ വെംബ്ലിയില്‍ തോല്‍പ്പിച്ചു-3-1ന്. പക്ഷേ പ്രി ക്വാര്‍ട്ടറിലേക്ക് വരുന്ന ടോട്ടനത്തിന് മുന്നിലെ നിലവിലെ രണ്ടാം സ്ഥാനക്കാരായ യുവന്തസാണ്.