ബോളിവുഡില്‍ തനിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ പടച്ചുവിടുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി വിഖ്യാത സംഗീതജ്ഞന്‍ എ ആര്‍ റഹ്മാന്‍. ഒരു എഫ് എം റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തിനിടെയാണ് റഹ്മാന്‍ ഇതു പറഞ്ഞത്.
‘ബോളിവുഡില്‍ അടുത്തകാലത്തായി വളരെക്കുറച്ച് സിനിമകളിലേ ഭാഗമായിട്ടുള്ളൂ. എനിക്കെതിരെ തെറ്റായ പ്രചരണങ്ങളുമായി ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ദില്‍ ബേചാര എന്ന സിനിമയ്ക്കായി സംവിധായകന്‍ മുകേഷ് ഛബ്ര എന്നെ സമീപിക്കുകയായിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ നാല് പാട്ടുകള്‍ക്ക് ഞാന്‍ ഈണം നല്‍കി. അദ്ദേഹം എന്നോടു കുറേ കഥകള്‍ പറഞ്ഞു. പലരും അദ്ദേഹത്തോടു പറഞ്ഞുവത്രേ. റഹ്മാനു പിന്നാലെ പോകേണ്ടെന്നും മറ്റും. ഒന്നാലോചിച്ചപ്പോള്‍ എനിക്ക് മനസ്സിലായി. എന്തുകൊണ്ടാണ് നല്ല സിനിമകള്‍ എന്നെ തേടി വരാത്തത്. എന്തുകൊണ്ടാണ് വളരെക്കുറച്ച്, കമേഴ്‌സ്യല്‍ അല്ലാത്ത ചിത്രങ്ങള്‍ മാത്രം എനിക്ക് ലഭിക്കുന്നത് എന്ന്’

‘ ആളുകള്‍ എന്നില്‍ നിന്നും ഹിറ്റുകള്‍ പ്രതീക്ഷിക്കുന്നു. എനിക്കെതിരെ പലരും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഞാന്‍ വിധിയിലും ഈശ്വരനിലും വിശ്വസിക്കുന്നുണ്ട്. നല്ല സിനിമകളുടെ ഭാഗമാകാന്‍ എന്നും ശ്രമിക്കുന്നുമുണ്ട്.’- റഹ്മാന്‍ പറഞ്ഞു.

മുകേഷ് ഛബ്ര സംവിധാനം ചെയ്ത ദില്‍ ബേചാരയിലാണ് റഹ്മാന്‍ ഏറ്റവുമൊടുവിലായി സംഗീതം നല്‍കിയത്. നടന്‍ സുശാന്ത് സിങ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രമാണ് ദില്‍ ബേചാര.