ന്യൂഡല്‍ഹി: ഇന്ത്യയില്‍ തെരഞ്ഞെടുത്ത ഐഫോണ്‍ മോഡലുകളുടെ വില കുറച്ച് കൊണ്ട് ആപ്പിള്‍ രംഗത്ത്. ഐഫോണ്‍ സിക്സ് എസ്, ഐഫോണ്‍ സിക്സ് എസ് പ്ലസ്, ഐഫോണ്‍ എസ്.ഇ എന്നിവയുടെ വിലയാണ് കുറച്ചത്. 22,000 രൂപയോളമാണ് വില കുറച്ചത്. അടുത്ത മാസം ആപ്പിളിന്റെ പുതിയ മോഡലായ ഐഫോണ്‍ സെവന്‍, ഐഫോണ്‍ സെവന്‍ പ്ലസ് എന്നിവ ഇന്ത്യയില്‍ പുറത്തിറങ്ങാനിരിക്കെയാണ് പഴയ മോഡലുകളുടെ വില ആപ്പിള്‍ കുറച്ചത്.എന്നാല്‍ പുതിയ മോഡലുകളുടെ വിലയുടെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

ഐഫോണ്‍ സിക്സ് എസ് 128 ജിബി മോഡലിന് പുതിയ വില പ്രകാരം 60,000 രൂപ നല്‍കിയാല്‍ മതി. നേരത്തെ ഈ മോഡലിന്റെ വില 82,000 ആയിരുന്നു. 22,000 രൂപയോളമാണ് കുറവ്. ഐഫോണ്‍ സിക്സ് എസ് പ്ലസ് 128 ജിബി മോഡലിന് 70,000 രൂപക്ക് വാങ്ങാം. നേരത്തെ 92,000 രൂപയായിരുന്നു ഈ മോഡലിന്റെ വില. ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറക്കിയ ഐഫോണ്‍ എസ്.ഇ 64ജിബി മോഡലിന് 44,000 രൂപയാണ് വില. നേരത്തെ 49,000 ആയിരുന്നു. അതേസമയം 16ജിബിയുള്ള ഐഫോണ്‍ എസ്.ഇയുടെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.