മുംബൈ: പാക് സൈന്യം കൊച്ചുമകനെ പിടികൂടിയ വാര്‍ത്തയറിഞ്ഞ് മുത്തശ്ശി ഹൃദയം പൊട്ടി മരിച്ചു. അതിര്‍ത്തിയിലെ സൈനിക പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രാഷ്ട്രീയ റൈഫിള്‍സിലെ അംഗമായ മഹാരാഷ്ട്ര സ്വദേശി ചന്തു ബാബുലാല്‍ ചൗഹാന്റെ മുത്തശ്ശിയാണ് മരിച്ചത്. കുട്ടിക്കാലത്തെ അനാഥനായ ചന്തുവിനെ മുത്തശ്ശി ദത്തെടുത്ത് വളര്‍ത്തുകയായിരുന്നു.

മരണവാര്‍ത്തയെ തുടര്‍ന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് കുടുംബത്തെ വിളിച്ച് സംസാരിച്ചു. ചന്തുവിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയതായും സൈനികനെ തിരികെ എത്തിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും രാജ്‌നാഥ്‌സിങ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി സഹോദരനെ രക്ഷിക്കുമെന്ന് വാക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹത്തില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും ഗണേഷ് ബാബുലാല്‍ ചൗഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെയാണ് പട്രോളിംഗിനിടെ അബദ്ധത്തില്‍ അതിര്‍ത്തി മറികടന്ന ചന്തുബാബുലാലിനെ പാക് സൈന്യം പിടികൂടുന്നത്. ഇത്തരത്തിലുള്ള അബദ്ധങ്ങള്‍ സ്ഥിരമാണെന്നും സൈന്യം അഭിപ്രായപ്പെട്ടിരുന്നു.