Connect with us

Culture

കൊറിയന്‍ മുഖത്ത് ഭീതിയുടെ കാര്‍മേഘം

Published

on

 

പ്രകോപനപരമായ നീക്കങ്ങളുമായി യു.എസും ഉത്തരകൊറിയയും മുഖാമുഖം നില്‍ക്കുമ്പോള്‍, കൊറിയന്‍ മുഖത്ത് വീണ്ടും യുദ്ധഭീതിയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുകയാണ്. കൊറിയന്‍ ഉപദ്വീപിനെ മാത്രമല്ല, ലോക രാജ്യങ്ങളെ ഒന്നടങ്കം ഈ നീക്കം ആശങ്കപ്പെടുത്തുന്നുണ്ട്. അഫ്ഗാനും ഇറാഖും സിറിയയുമുള്‍പ്പെടെ യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന അനേകം രാജ്യങ്ങള്‍ ഇപ്പോള്‍തന്നെ ഭൂമുഖത്തുണ്ട്. അതുകൊണ്ടുതന്നെ വീണ്ടുമൊരു യുദ്ധമെന്നത് ചിന്തിക്കാന്‍ പോലും കഴിയുന്നതല്ല. പ്രത്യേകിച്ച് രണ്ട് അണ്വായുധ ശക്തികള്‍ തമ്മിലാകുമ്പോള്‍. അപക്വമായ തീരുമാനങ്ങള്‍കൊണ്ട് ലോകത്തെ അമ്പരപ്പിച്ചിട്ടുള്ള രണ്ടു വ്യക്തികളുടെ കൈകളിലാണ് യു.എസിന്റെയും ഉത്തരകൊറിയയുടെയും ഭരണചക്രം എന്നത് ആശങ്കകള്‍ക്ക് കനംകൂട്ടുന്നുണ്ട്.
കൊറിയന്‍ തീരത്തേക്ക് യുദ്ധക്കപ്പല്‍ അയച്ച ഡൊണാള്‍ഡ് ട്രംപിന്റെയും ഇതിന് മറുപടിയെന്നോണം പ്യോങ്യാങില്‍ ആയുധ പ്രദര്‍ശനം ഒരുക്കിയ കിം ജോങ് ഉന്നിന്റെയും നീക്കങ്ങളാണ് പുതിയ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നത്. ദീര്‍ഘനാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന കൊറിയന്‍ സംഘര്‍ഷം വീണ്ടും അശുഭകരമായ വാര്‍ത്തകള്‍ക്ക് ഹേതുവാകുമോ എന്ന് പലരും ഭയപ്പെടുന്നുണ്ട്. കൊറിയന്‍ വിഷയത്തില്‍ ഇരു ചേരികളിലായി നിലയുറപ്പിച്ചിട്ടുള്ള ജപ്പാനെയും ചൈനയെയും അത് അസ്വസ്ഥപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
യു.എന്‍ ഉപരോധത്തെയും അമേരിക്കയുടെ സമ്മര്‍ദ്ദത്തെയും അവഗണിച്ച് ജപ്പാന്‍ തീരത്തേക്ക് ഉത്തരകൊറിയ കഴിഞ്ഞയാഴ്ച ബാലിസ്റ്റിസ് മിസൈല്‍ പരീക്ഷണം നടത്തിയതാണ് പുതിയ പ്രകോപനങ്ങളുടെ തുടക്കം. ഉത്തരകൊറിയയുടെ ഭാഗത്തുനിന്നുള്ള ഈ പ്രകോപനശ്രമം പെട്ടെന്നുണ്ടായതാണെന്ന് പറയാനാവില്ല. മാരക വിനാശം സൃഷ്ടിച്ച 1950ലെ ഉത്തരകൊറിയ- ദക്ഷിണകൊറിയ യുദ്ധത്തിന് 1953ല്‍ യു.എന്നും ചൈനയും പങ്കാളിയായി ഒപ്പിട്ട സമാധാന സന്ധിയോടെ താല്‍ക്കാലിക വിരാമമായെങ്കിലും പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കപ്പെട്ടിരുന്നില്ല. ശീതയുദ്ധ കാലത്ത് ഉള്‍പ്പെടെ പല സമയങ്ങളിലും വീര്യം കൂടിയും കുറഞ്ഞും കൊറിയന്‍ സംഘര്‍ഷം തുടരുന്നുണ്ട്. രണ്ട് കൊറിയകളെ മുന്നില്‍ നിര്‍ത്തി യു.എസും ചൈനയും തമ്മിലുള്ള നിഴല്‍യുദ്ധമാണ് യഥാര്‍ത്ഥത്തില്‍ മേഖലയില്‍ നടക്കുന്നത്. അതുകൊണ്ടുതന്നെയാണ് അര നൂറ്റാണ്ടു പിന്നിട്ടിട്ടും കൊറിയന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതും. ഉത്തരകൊറിയ ആണവ പരീക്ഷണം നിര്‍ത്തണമെന്ന് യു.എസ് ആവശ്യപ്പെടുമ്പോള്‍, കൊറിയന്‍ മേഖല മൊത്തമായും അണ്വായുധ മുക്തമാക്കണമെന്ന വാദമാണ് ചൈന മുന്നോട്ടു വെക്കുന്നത്. തങ്ങളുടെ രാജ്യത്തിന് ദോഷകരമാകുന്ന തരത്തില്‍ ദക്ഷിണകൊറിയയില്‍ യു.എസ് നടത്തിയിട്ടുള്ള സൈനിക വിന്യാസം അവസാനിപ്പിക്കുക എന്നതാണ് ഇതിലൂടെ ചൈന ലക്ഷ്യമിടുന്നത്. എന്നാല്‍ ദക്ഷിണകൊറിയയിലെ സൈനിക സാന്നിധ്യം വെട്ടിക്കുറയ്ക്കാന്‍പോലും യു.എസ് സന്നദ്ധമായിട്ടില്ലെന്ന് മാത്രമല്ല, ഒബാമ ഭരണകൂടത്തിന്റെ അവസാന നാളുകളില്‍ ദക്ഷിണ കൊറിയയിലെ അണ്വായുധ വിന്യാസം അമേരിക്ക ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. നിരന്തര മിസൈല്‍ പരീക്ഷണത്തിലൂടെയാണ് ഈ പ്രകോപനത്തോട് ഉത്തരകൊറിയ പ്രതികരിച്ചത്. ട്രംപ് ഭരണകൂടം യു.എസില്‍ അധികാരത്തില്‍ ഏറുകയും ദക്ഷിണകൊറിയക്ക് നല്‍കി വരുന്ന സൈനിക പിന്തുണ വര്‍ധിപ്പിക്കുകയും ചെയ്തതോടെ പ്രതിസന്ധി ഇരട്ടിയായി. കഴിഞ്ഞയാഴ്ച ഉത്തരകൊറിയ പരീക്ഷിച്ച ബാലിസ്റ്റിക് മിസൈലുകളില്‍ ഒന്ന് ജപ്പാന്‍ തീരത്തുനിന്ന് 300 മീറ്റര്‍ വരെ അകലെ പതിച്ചതോടെയാണ് ഓസ്‌ട്രേലിയന്‍ തീരത്തേക്ക് നീങ്ങുകയായിരുന്ന അമേരിക്കന്‍ വിമാനവാഹനി യുദ്ധക്കപ്പലായ കാള്‍ വിന്‍സന്‍ കൊറിയന്‍ തീരത്തേക്ക് തിരിച്ചുവിടാന്‍ ട്രംപ് നിര്‍ദേശം നല്‍കിയത്. ദക്ഷിണ കൊറിയന്‍ കരസേനയുമായി ചേര്‍ന്ന് സംയുക്ത സൈനികഭ്യാസത്തിന് യു.എസ് തയ്യാറെടുത്ത് വരുന്നതിനിടെയുണ്ടായ പുതിയ സംഭവ വികാസങ്ങള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നുണ്ട്. കൊറിയന്‍ സംഘര്‍ഷം ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത് ജപ്പാനുനേരെയാണ്. അണ്വായുധാക്രമണത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളായ ഹിരോഷിമയും നാഗസാക്കിയും ഉള്‍കൊള്ളുന്ന ജപ്പാന് ഭീതിയേറുന്നതില്‍ അത്ഭുതമില്ല. അതുകൊണ്ടുതന്നെ കൊറിയന്‍ സംഘര്‍ഷത്തിന് അയവു വരുത്താന്‍ യു.എസിനു മേല്‍ ജപ്പാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. യു.എസ് സന്ദര്‍ശനത്തിനെത്തിയ ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍ പിങുമായി യു.എസ് പ്രസിഡണ്ട് പ്രധാനമായി ചര്‍ച്ച ചെയ്തതും കൊറിയന്‍ വിഷയമായിരുന്നു. 1950കളിലെ യുദ്ധാനന്തരം ചൈനയുടെ നിര്‍ദേശങ്ങള്‍ക്കൊത്ത് നീങ്ങിയിരുന്ന ഉത്തരകൊറിയ, പക്ഷേ ഇന്ന് ആ നിയന്ത്രണത്തില്‍ മാത്രം ഒതുങ്ങുന്നില്ല എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. അതുകൊണ്ടുതന്ന പ്യോങ്യാങിനോട് പഴയ മൃദുസമീപനം ചൈനക്കില്ല. മാത്രമല്ല, പ്രശ്‌നം വഷളാകാതെ നോക്കുന്നതിന് റഷ്യയുടെ സഹായംകൂടി ചൈന തേടിയതായാണ് വിവരം. ഉത്തരകൊറിയ വീണ്ടുമൊരു അണ്വായുധ പരീക്ഷണത്തിന് ഒരുമ്പെട്ടാല്‍ ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്ന അപായ സൂചനയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായുള്ള ചര്‍ച്ചക്കിടെ ചൈനീസ് വിദേശകാര്യമന്ത്രി വായ് യി പങ്കുവെച്ചത്. ഇതിനിടെയാണ് അത്യാധുനിക യുദ്ധോപകരണങ്ങളുമായി ഉത്തരകൊറിയന്‍ സൈനിക വാഹനങ്ങള്‍ പ്യോങ്യാങ് ചത്വരം വലംവെച്ചുകൊണ്ട് ‘കരുത്തു’ പ്രകടിപ്പിച്ചത്. കെ.എന്‍ 08 എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ചായിരുന്നു, രാഷ്ട്രസ്ഥാപകന്‍ കിം സങ് ഇലിന്റെ 125ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഉത്തരകൊറിയ സൈനിക പരേഡ് ഒരുക്കിയത്. യു.എസിനെ വരെ ആക്രമിക്കാന്‍ കഴിയുന്ന തരത്തില്‍ ദൂരപരിധിയുള്ള കെ.എന്‍ 08 മിസൈലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇത്തരമൊരു മിസൈല്‍ ഉത്തരകൊറിയ നിര്‍മിച്ചുകഴിഞ്ഞതായി ഒരുവിഭാഗം അവകാശപ്പെടുമ്പോള്‍, പണിപ്പുരയിലാണെന്നും ഭാവിയില്‍ അത് യാഥാര്‍ത്ഥ്യമായേക്കുമെന്നുമാണ് ദക്ഷിണ കൊറിയന്‍ ആയുധ വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ ഉത്തരകൊറിയയുടെ ‘വെളിപ്പെടുത്താത്ത’ ആയുധ രഹസ്യങ്ങള്‍ പലതും ലോക രാഷ്ട്രങ്ങളെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്.
അണ്വായുധ മുക്തമായ കൊറിയ എന്ന യാഥാര്‍ത്ഥ്യത്തിലൂടെ മാത്രമേ ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് അയവു വരുത്താനാകൂ. ദക്ഷിണ കൊറിയയില്‍ വിന്യസിച്ചിട്ടുള്ള അണ്വായുധങ്ങള്‍ നീക്കം ചെയ്യാന്‍ അമേരിക്ക തയ്യാറായെങ്കില്‍ മാത്രമേ ആ ദിശയില്‍ ചെറു പ്രതീക്ഷയെങ്കിലും തളിരിടൂ. അധികാരത്തിലെത്തും മുമ്പുതന്നെ യുദ്ധക്കൊതിയനെന്ന് വിലയിരുത്തപ്പെട്ട ട്രംപ് എന്തു നിലപാടെടുക്കും എന്ന ചോദ്യം തന്നെയാണ് എല്ലാ ആശങ്കകള്‍ക്കുമുള്ള ഉത്തരം. യുദ്ധത്തില്‍ ആരും ജയിക്കുന്നില്ലെന്നും എല്ലാവരും തോല്‍ക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നുമുള്ള യാഥാര്‍ത്ഥ്യം ലോകം ഉള്‍കൊണ്ടിരുന്നെങ്കില്‍ എന്ന് ആശിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘നിമ്രോദ്’ ടീസര്‍ ലോഞ്ച് ചെയ്തു

ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ ആര്‍.എ ഷഫീര്‍, ഈ ചിത്രത്തില്‍ അഭിനയിക്കുന്ന പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ്, അമീര്‍ നിയാസ്, ഗാനമെഴുതിയ ഷീലാ പോള്‍, നായികാ കഥാപാതങ്ങളെ അവതരിപ്പിക്കുന്ന ദിവ്യ പിള്ള, ആത്മീയ രാജന്‍, പാര്‍വതി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു

Published

on

ദുബൈ: സിറ്റി ടാര്‍ഗറ്റ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ അഗസ്റ്റിന്‍ ജോസഫ് നിര്‍മിച്ച് ആര്‍.എ ഷഫീര്‍ സംവിധാനം ചെയ്യുന്ന ‘നിമ്രോദ്’ സിനിമയുടെ ടീസര്‍ ലോഞ്ച് ‘മീറ്റ് ആന്റ് ഗ്രീറ്റ്’ പരിപാടിക്കിടെ ദുബൈയില്‍ നടന്നു. ക്‌ളാരിഡ്ജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിലെ പ്രധാന അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ ആര്‍.എ ഷഫീര്‍, ഈ ചിത്രത്തില്‍ അഭിനയിക്കുന്ന പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ്, അമീര്‍ നിയാസ്, ഗാനമെഴുതിയ ഷീലാ പോള്‍, നായികാ കഥാപാതങ്ങളെ അവതരിപ്പിക്കുന്ന ദിവ്യ പിള്ള, ആത്മീയ രാജന്‍, പാര്‍വതി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

പൂര്‍ണമായും ക്രൈം ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നാലു സ്ത്രീ കഥാപാത്രങ്ങളും പ്രധാന വേഷങ്ങളിലാണുള്ളത്. ദിവ്യ പിള്ള, ആത്മീയ രാജന്‍, പാര്‍വതി ബാബു എന്നിവര്‍ നായികാ നിരയിലെ പ്രധാനികളാണ്. തിരക്കഥ കെ.എം പ്രതീഷ്. ഷീലാ പോളിന്റെ വരികള്‍ക്ക് സംവിധായകന്‍ ആര്‍.എ ഷഫീര്‍ ഈണം പകര്‍ന്നിരിക്കുന്നു. ശേഖര്‍ വി.ജോസഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
സിനിമയുടെ ചിത്രീകരണം ഡിസംബര്‍ അവസാന വാരത്തില്‍ ആരംഭിക്കും. ജോര്‍ജിയ, ഇടുക്കി, കൊച്ചി, പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകളെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Continue Reading

Celebrity

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘ടര്‍ബോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.

Published

on

മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ടര്‍ബോ’. വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടര്‍ബോക്ക് തിരക്കഥയെഴുതുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. ഇപ്പോഴിതാ  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മാസ് ലുക്കില്‍ ജീപ്പില്‍ നിന്നും ഇറങ്ങുന്ന ലുക്കില്‍ മമ്മൂട്ടിയെ കാണാം. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടർബോ.

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.ബ്ലാക് ഷര്‍ട്ടും വെള്ളമുണ്ടും ആണ് വേഷം. ജോസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. മാസ് ആക്ഷന്‍ എന്റര്‍ടൈന്‍മെന്റ് ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവര്‍ത്തിക്കുന്നുണ്ട്.

വിഷ്ണു ശര്‍മയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 2021ല്‍ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഇറങ്ങിയ നാലാമത്തെ ചിത്രം കാതല്‍ പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടി മുന്നേറുകയാണ്.

Continue Reading

Film

ജിജു അശോകന്‍ ചിത്രം ‘പുള്ളി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു

ഇന്ദ്രന്‍സിന്റെ വോയിസ് ഓവറോടെ ആരംഭിക്കുന്ന ട്രെയിലര്‍ പ്രേക്ഷക സിരകളില്‍ ആവേശം പകരുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.

Published

on

ദേവ് മോഹന്‍ നായകനായെത്തുന്ന ജിജു അശോകന്‍ ചിത്രം ‘പുള്ളി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഇന്ദ്രന്‍സിന്റെ വോയിസ് ഓവറോടെ ആരംഭിക്കുന്ന ട്രെയിലര്‍ പ്രേക്ഷക സിരകളില്‍ ആവേശം പകരുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. ജയില്‍ പുള്ളിയുടെ വേഷത്തില്‍ ദേവ് മോഹന്‍ പ്രത്യക്ഷപ്പെടുന്ന ട്രെയിലര്‍ താരത്തിന്റെ കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകള്‍ വെളിപ്പെടുത്തുന്നുണ്ട്.

അതോടൊപ്പം ഇതൊരു മാസ്സ് ആക്ഷന്‍ ചിത്രമാണെന്ന സൂചന നല്‍കുന്നുണ്ട്. എന്നാല്‍ ട്രെയിലറില്‍ പ്രധാനമായും പ്രകടമാവുന്നത് പകയും പ്രതികാരവുമാണ്. കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനാഥന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഡിസംബര്‍ 1നാണ് തിയറ്റര്‍ റിലീസ് ചെയ്യുന്നത്.

ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, വിജയകുമാര്‍, വെട്ടുകിളി പ്രകാശ്, രാജേഷ് ശര്‍മ്മ, സെന്തില്‍, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രതാപന്‍, മീനാക്ഷി, അബിന്‍, ബിനോ, ഉണ്ണിരാജ്, ഇന്ദ്രജിത് ജഗന്‍, ടീന ഭാട്ടിയ, ഭാനുമതി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും അണിനിരക്കുന്നു

Continue Reading

Trending