ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കുമ്പോള്‍ നികുതിദായകരെ ആരു നിയന്ത്രിക്കും എന്നതു സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ പോര് മുറുകുന്നു. ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റെ യോഗത്തിലും ഇതുസംബന്ധിച്ച് ധാരണയായില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് ഈ മാസം 19നും 20നും സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ചേരുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. 9,10 തിയതികളില്‍ ചേരാനിരുന്ന കൗണ്‍സില്‍ യോഗം മാറ്റി വെച്ചതായിും ജെയ്റ്റ്‌ലി അറിയിച്ചു. ഈ മാസം 22നകം ചരക്കുസേവന നികുതി സംബന്ധിച്ച എല്ലാ കാര്യങ്ങളും ധാരണയാക്കണമെന്ന പരിപാടി ഇതോടെ താളംതെറ്റി. കേന്ദ്ര ധനമന്ത്രി അധ്യക്ഷനും സംസ്ഥാന ധനമന്ത്രിമാര്‍ അംഗങ്ങളുമായുള്ള ജിഎസ്ടി കൗണ്‍സിലാണ് ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ചുമത്തേണ്ട നികുതി നിശ്ചയിക്കുക. രണ്ടു ദിവസമായി നടന്ന കൗണ്‍സില്‍ നികുതി നിരക്കു തീരുമാനിച്ചു. ഇനി ഓരോ നിരക്കിലും വരുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും സെക്രട്ടറിമാരുടെ സമിതി നിശ്ചയിക്കും. ഒന്നരകോടി രൂപ വരെ വിറ്റുവരവുള്ള എല്ലാ സ്ഥാപനങ്ങളുടെയുംമേല്‍ നികുതി നിര്‍ണയ-പരിശോധന-വിലയിരുത്തല്‍ അധികാരങ്ങള്‍ വേണമെന്ന ആവശ്യമാണ് സംസ്ഥാനങ്ങള്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍ ഉല്‍പ്പന്നവ്യാപാരത്തില്‍ സംസ്ഥാനങ്ങളും സേവനമേഖലയിലുള്ളവയെ കേന്ദ്രവും നിയന്ത്രിക്കുമെന്ന നിലപാടിലാണ് മോദി സര്‍ക്കാര്‍.