സൂററ്റ്: കേരളത്തിന് ഇനി ആശ്വസിക്കാം- രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി നോക്കൗട്ട് കളിച്ചല്ലോ…! അത് തന്നെ വലിയ കാര്യം. ശക്തരായ വിദര്‍ഭക്ക് മുന്നില്‍ അഞ്ചാം ദിവസം തല താഴ്ത്തി 412 റണ്‍സിന്റെ ഗംഭീര തോല്‍വിയും പേറി സച്ചിന്‍ ബേബിയുടെ സംഘം മടങ്ങുകയാണ്. ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കി മല്‍സരത്തില്‍ പിടിമുറുക്കാന്‍ വ്യക്തമായ അവസരം കൈവന്നിട്ടും അത് കളഞ്ഞ് കുളിച്ച് അവസാന ദിവസത്തില്‍ ബാറ്റിംഗിലും തല താഴ്ത്തിയുള്ള നാണംകെട്ട മടക്കം. ആദ്യ രണ്ട് ദിവസങ്ങളിലും മല്‍സരത്തില്‍ വ്യക്തമായ മേല്‍ക്കൈ നേടിയിട്ടും മൂന്നാം ദിവസം മുതല്‍ ഫായിസ് ഫസലിന്റെ വിദര്‍ഭക്ക് മുന്നില്‍ തളര്‍ന്നു. അവസാന രണ്ട് ദിവസങ്ങളിലാണ് വിദര്‍ഭ സമ്പൂര്‍ണ്ണ ആധിപത്യം നേടിയത്.ഇന്നലെ മല്‍സരത്തിന്റെ അവസാന ദിവസത്തില്‍ വിദര്‍ഭ ഒമ്പത് വിക്കറ്റിന് 507 റണ്‍സ് എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ കേരളത്തിന്റെ വിജയലക്ഷ്യം 578 റണ്‍സ് എന്ന ഹിമാലയന്‍ സ്്‌ക്കോറായിരുന്നു. ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരത്തിലേക്ക് ബാറ്റേന്താന്‍ നിയോഗിക്കപ്പെട്ടവര്‍ 52.2 ഓവറില്‍ 165 ല്‍ പുകഞ്ഞു തീര്‍ന്നു. സീസണിലുടനീളം കേരളത്തിനായി മിന്നിയ മറുനാടന്‍ ഓള്‍റൗണ്ടര്‍ ജലജ് സക്‌സേന നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയതോടെ എല്ലാം പെട്ടെന്ന് അവസാനിക്കുമെന്ന് ഉറപ്പായി. പക്ഷേ ജലജിന് പകരം ക്രീസിലെത്തിയ സല്‍മാന്‍ നിസാര്‍ പൊരുതി നിന്നു. ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീനും നന്നായി കളിച്ചപ്പോല്‍ ഈ സഖ്യം പൊരുതി നില്‍ക്കുമെന്ന് തോന്നി. പക്ഷേ അസ്ഹര്‍ 28 ല്‍ മടങ്ങിയതോടെ കൂട്ടത്തകര്‍ച്ച തുടങ്ങി. സഞ്ജു സാംസണ്‍ 18 ലും നായകന്‍ സച്ചിന്‍ ബേബി 26 ലും അരുണ്‍ കാര്‍ത്തിക് മൂന്നിലും മടങ്ങിയതോടെ വിദര്‍ഭ വിജയം ഉറപ്പാക്കി. സല്‍മാന്‍ ഒരു ഭാഗം കാത്ത് 104 പന്തില്‍ 64 റണ്‍സ് നേടി. രോഹന്‍ പ്രേം പുറത്താവാതെ 13 റണ്‍സ് നേടി. വിദര്‍ഭയുടെ രജനീഷ് ഗുര്‍ബാനിയാണ് കളിയിലെ കേമന്‍. ടീമിന്റെ വന്‍ പരാജയത്തില്‍ വലിയ നിരാശയുണ്ടെന്ന് കോച്ച് ഡേവ് വാട്ട്‌മോര്‍ പറഞ്ഞു. ബാറ്റിംഗാണ് ചതിച്ചത്. അനുകൂല സാഹചര്യത്തെ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും മല്‍സര ശേഷം സംസാരിക്കവെ അദ്ദേഹം പറഞ്ഞു.