കോഴിക്കോട്: രാജ്യത്തും ആഗോളതലത്തിലും സാമ്പത്തിക സാഹചര്യങ്ങള്‍ മാറുന്നതിനാല്‍ പ്രവാസികൂട്ടായ്മകളുടെ പ്രവര്‍ത്തനമുന്‍ഗണനകളും മാറണമെന്ന് മുസ്്‌ലിംലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കോഴിക്കോട് ടാഗോര്‍ഹാളില്‍ സഊദി കെഎംസിസി നാഷനല്‍ കമ്മിറ്റി സംഘടിപ്പിച്ച സാമ്പത്തിക തൊഴില്‍ നയങ്ങളും പ്രവാസികളും സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ എല്ലാ സാമ്പത്തിക പ്രതിസന്ധികളും രക്ഷിച്ചത് പ്രവാസികളാണ്. അവസരങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിച്ചെങ്കിലേ പ്രതിസന്ധികളില്‍ അതിജയിക്കാനാവൂ. രാജ്യത്ത് മോദിയുടെ മുന്നാലോചനയില്ലാത്ത നടപടികള്‍ ഓടിക്കൊണ്ടിരുന്ന വണ്ടിയെ പെട്ടെന്ന് പിടിച്ചുകെട്ടിയ പോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സമയത്തിനനുസരിച്ച പ്രവര്‍ത്തനപദ്ധതികള്‍ ഈ സാഹചര്യത്തില്‍ പ്രവാസികള്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളചരിത്രത്തിലെ ഏറ്റവും വലിയ ദാരിദ്ര്യ ലഘൂകരണ യജ്ഞമായിരുന്നു അറബ് നാടുകളിലേക്കുള്ള പ്രവാസമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദന്‍ സിപി ജോണ്‍ പറഞ്ഞു. ഭൂമിക്കായി ആദ്യം സമരം നടത്തിയത് മാപ്പിളമാരാണ്. ഭൂപരിഷ്‌കരണത്തില്‍ സിഎച്ചും കുരിക്കളും പങ്കുവഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. മാപ്പിളമാരായിരുന്നു പ്രവാസത്തിലും മുന്നില്‍നയിച്ചത്. കാലത്തിനനുസരിച്ച് മാറ്റം പ്രവാസിസംരംഭങ്ങള്‍ ആവശ്യപ്പെടുന്നു. തൊഴില്‍ നൈപുണ്യ വികസനത്തിലേക്കും സംരംഭകത്വത്തിലേക്കും പ്രവാസികള്‍ മാറിച്ചിന്തിക്കണം. മലപ്പുറത്തെ കാര്‍ഷിക സാധ്യതകള്‍ അഗ്രോഎന്റര്‍പ്രണ്യൂര്‍ഷിപിലേക്കു നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാരുണ്യത്തില്‍ നിന്നു നൈപുണ്യത്തിലേക്കു വരണമെന്ന് അഡ്വ.സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോട് ചെയ്തത് മര്യാദയില്ലാത്ത പ്രവര്‍ത്തിയാണ്. സാമ്പത്തിക അടിയന്തിരവാസ്ഥ പ്രഖ്യാപിച്ചു ചെയ്തിരുന്നെങ്കില്‍ നിയമവിധേയമാക്കാമായിരുന്നു. അതില്ലാത്തതിനാല്‍ ഇപ്പോഴത്തേത് വലിയ കൊള്ളയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ പ്രശ്്‌നം ഉള്‍കൊണ്ടേ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകൂവെന്ന് ബിജെപി നേതാവ് അഡ്വ.പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ അതിപ്രസരം വലിയ പ്രശ്‌നമാണ്. നാണയം പിന്‍വലിച്ചതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ആണ് മാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഒരു പ്രവാസി പോളിസി നടപ്പാക്കണമെന്ന് മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ ജന.സെക്രട്ടറി കെഎന്‍എ ഖാദര്‍ പറഞ്ഞു. രാജ്യമിപ്പോള്‍ ഗാന്ധിയുടെ നാടല്ല, ഗോഡ്‌സെയുടെ നാടായിരിക്കുന്നു. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് കടം കൊടുക്കാന്‍ സമ്പത്തുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ബാങ്കുകളുടെ ലയനം നടത്തുന്നത്. ആദായനികുതിയില്ലാത്ത രാജ്യമെന്ന് ഭാവിയില്‍ മോദി പ്രഖ്യാപിച്ചേക്കാം. പക്ഷേ അതും ട്രാന്‍സാക്ഷന്‍ ടാക്‌സിലൂടെ കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തെ ഓരോ വ്യക്തികളുടെ ചലനങ്ങള്‍ക്കും നികുതി നല്‍കേണ്ട സ്ഥിതിയാണുണ്ടാക്കുക. ആളുകളെ അനുസരിക്കാന്‍ ശീലിപ്പിക്കുകയെന്ന പദ്ധതിയാണ് ക്യൂവില്‍ നിര്‍ത്തി മോദി സര്‍ക്കാര്‍ ജനതയെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.