തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടയില്‍ കാണ്‍പൂര്‍ വിമാനത്താവളത്തില്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കയും. രാഹുല്‍ ഗാന്ധി തന്നെയാണ് ഫെയ്‌സ് ബുക്കിലൂടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദൂരയാത്രകള്‍ക്ക് താന്‍ ചെറിയ ഹെലിക്കോപ്റ്റര്‍ ഉപയോഗിക്കുമ്പോള്‍ സഹോദരി ചെറിയ ദൂരങ്ങള്‍ക്ക് വലിയ ഹെലിക്കോപ്റ്റര്‍ ഉപയോഗിക്കുകയാണെന്ന് പറഞ്ഞു കളിയാക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. രാഹുല്‍ പറയുന്നത് തമാശരൂപേണ തടസപ്പെടുത്താന്‍ പ്രിയങ്ക ശ്രമിക്കുന്നതും കാണാം. മിണ്ടാതിരിയെന്ന് പറഞ്ഞാണ് രാഹുലിനെ തടസപ്പെടുത്താന്‍ ശ്രമിക്കുന്നത്. രാഹുല്‍ പറയുന്നത് ശരിയല്ലെന്ന് ചിരിച്ചുകൊണ്ട് പ്രിയങ്ക പറയുന്നതും കാണാം. ശേഷം ആശ്ലേഷിച്ച് ഇരുവരും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹെലികോപ്റ്ററിനടുത്തേക്ക് പോവുകയും ചെയ്യുന്നു. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ വീഡിയോയ്ക്ക് വന്‍ പ്രചാരമാണ് കുറഞ്ഞനിമിഷങ്ങള്‍ക്കുള്ളില്‍ കൈവന്നത്‌