‘ഡോ. രാജേന്ദ്രപ്രസാദ്, ഡോ. രാധാകൃഷ്ണന്‍, ഡോ. എ.പി.ജെ അബ്ദുല്‍കലാം തുടങ്ങിയവര്‍ നയിച്ച പാതയിലൂടെ സഞ്ചരിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഇന്ത്യയുടെ വൈവിധ്യത്തിലും പുരോഗതിയിലും പാരമ്പര്യത്തിലും പൗരന്മാരിലും നാം അഭിമാനം കൊള്ളുന്നു. വ്യത്യസ്തരാണ്; പക്ഷേ നമ്മള്‍ ഒറ്റക്കെട്ടാണ്. ഇതാണ് നമ്മുടെ പരമ്പരാഗത മൂല്യങ്ങള്‍. ഇതില്‍ ഒരു തരത്തിലുള്ള വൈരുധ്യവും ബദല്‍ അഭിപ്രായവും ഇല്ല. വമ്പിച്ച പുരോഗതിയുള്ള ഒരു സമ്പദ് വ്യവസ്ഥയെയും വിദ്യാസമ്പന്നവും ധാര്‍മികവും പരസ്പരകൊടുക്കല്‍ വാങ്ങലുകളുള്ളതും സന്തുലിതവുമായ ഒരു സമൂഹത്തെയും നമുക്ക് സൃഷ്ടിക്കേണ്ടതുണ്ട്; മഹാത്മാഗാന്ധിയും പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയും സ്വപ്‌നം കണ്ട ഒരു സമൂഹത്തെ’. തീര്‍ത്തും താഴേക്കിടയില്‍ നിന്നുയര്‍ന്നുവന്ന് രാജ്യത്തിന്റെ ഭരണഘടനയുടെ കാവലാളായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്ന, ഡോ. കെ.ആര്‍ നാരായണനു ശേഷമുള്ള രാജ്യത്തിന്റെ രണ്ടാമത്തെ ദലിത്‌രാഷ്ട്രപതിയാണ് ഉത്തര്‍പ്രദേശുകാരനായ രാംനാഥ്‌കോവിന്ദ്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അദ്ദേഹം ഇന്നലെ നടത്തിയ മേല്‍പ്രസംഗത്തിനിടെ തന്റെ പൂര്‍വകാല ജീവിതത്തെക്കുറിച്ചും ധാര്‍മികതയെക്കുറിച്ചും രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുമൊക്കെ ചിന്തോദ്ദീപകമായി പരാമര്‍ശിച്ചുവെങ്കിലും ധര്‍മനിരപേക്ഷത അഥവാ മതേതരത്വം എന്ന വാക്ക് പതിനഞ്ചു മിനിറ്റോളം നീണ്ടുനിന്ന ഹിന്ദി പ്രസംഗത്തില്‍ എവിടെയും ആരും കേട്ടില്ല. കഴിഞ്ഞദിവസം സ്ഥാനമൊഴിയുന്ന വേളയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഓര്‍മിപ്പിച്ച സഹിഷ്ണുതയെക്കുറിച്ചും കോവിന്ദ് മിണ്ടിയില്ല. കഴിഞ്ഞ പതിനാലു തവണയും നടന്ന കേവലമായ അധികാര കൈമാറ്റമല്ല രാംനാഥ് കോവിന്ദിലൂടെ ചൊവ്വാഴ്ച സംഭവിച്ചിരിക്കുന്നത് എന്ന ആശങ്കയുടെ ചുവട്ടിലാണ് ഈ മന:പൂര്‍വമായുള്ള ഒഴിവാകല്‍.
രാജ്യത്തെ പകുതിയോളം വരുന്ന ദലിതുകളടക്കമുള്ള ദരിദ്രനാരായണന്മാര്‍ക്ക് ഏഴുപതിറ്റാണ്ടത്തെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിലും വയറുനിറച്ച് ഭക്ഷിക്കാനോ സ്വാഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാനോ കഴിയാത്ത അവസ്ഥയിലാണ് കോവിന്ദിന്റെ അധികാരാരോഹണമെന്നത് ആലോചനാമൃതമാണ്. ദീര്‍ഘവീക്ഷണത്തോടെയുള്ളതും സന്തുലിതവുമായ നയസമീപനങ്ങളിലൂടെയും പരിപാടികളിലൂടെയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്്‌റു മുതല്‍ രാജീവ്ഗാന്ധി വരെയുള്ള ഭരണത്തലവന്മാര്‍ നിര്‍മിച്ചെടുത്ത രാജ്യമാണ് ഇതുവരെയും നാം കണ്ടതും അനുഭവിച്ചതുമായ സ്വച്ഛസുന്ദരമായ ഇന്ത്യ. എന്നാലിന്ന് ഇരുപത്തഞ്ച് ശതമാനത്തോളം വരുന്ന ദലിതുകളും പതിനഞ്ച് ശതമാനത്തോളം വരുന്ന മുസ്്‌ലിംകളുമൊക്കെ ഇന്ന് സംഘ്പരിവാരത്തില്‍ നിന്ന് കടുത്ത ഭീഷണിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ കാപാലികരുടെ സംരക്ഷകരായി ഭരണക്കാരും. ഭരണഘടനാശില്‍പി ഡോ. ഭീംറാവു അംബേദ്കര്‍ തന്റെ സമുദായത്തെക്കുറിച്ച് പ്രകടിപ്പിച്ച ആശങ്ക ഏറിയും കുറഞ്ഞും അതേപടി രാജ്യത്തിന്നും നിലനില്‍ക്കുന്നു. കുലത്തൊഴില്‍ ചെയ്തതിന് കടുത്ത മര്‍ദനമേല്‍ക്കേണ്ടിവരികയും മരത്തില്‍ കെട്ടിത്തൂക്കി കൊല്ലപ്പെടുകയും ചെയ്യേണ്ടിവരുന്ന ദലിതുകള്‍. ഗോമാതാവിന്റെ മറവില്‍ മുസ്‌ലിംകളെ തെരുവില്‍ അടിച്ചുകൊല്ലുന്നു. ഇതിന്മേലേതിലെങ്കിലും നമ്മുടെ പുതിയ രാഷ്ട്രപതി പ്രതികരിച്ചുകണ്ടതായി കഴിഞ്ഞ കാലത്തൊന്നും ഇന്ത്യന്‍ ജനത കേട്ടിട്ടില്ല. ദലിതുകളുടെ പ്രതിനിധിയായി രാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ രാജ്യത്തെ ദലിത് സമൂഹം ആഹ്ലാദിക്കുന്ന കാഴ്ചയും അതുകൊണ്ടുതന്നെ രാജ്യത്തെവിടെയും കാണുന്നുമില്ല. ഇത്തരമൊരു അവസരത്തില്‍ നാടിന്റെ വൈവിധ്യത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും അഖണ്ഡതയെക്കുറിച്ചും ഉപദേശിക്കുന്ന കൂട്ടത്തിലെങ്കിലും രാജ്യത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ മതനിരപേക്ഷതയെക്കുറിച്ച് എന്തുകൊണ്ട് പുതിയ രാഷ്ട്രപതി പരാമര്‍ശിക്കാന്‍ വിട്ടുപോയി എന്നത് യദൃച്ഛയാ സംഭവിച്ചൊരു ഓര്‍മ്മത്തെറ്റ് മാത്രമായി ചുരുക്കിക്കാണാനാവുമോ എന്നത് സംശയജനകമാണ്. രണ്ടു വര്‍ഷം മുമ്പാണ് ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് ‘മതേതരത്വം’ എന്ന വാക്ക് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ബി.ജെ.പിയിലെ ചിലര്‍ ആലോചിച്ചത് എന്നതോര്‍ക്കുക.
ബഹുസ്വര സാംസ്‌കാരികതയില്‍ ലോകത്തിന് മാതൃകയായ ഇന്ത്യയില്‍ മുമ്പും തീവ്ര വലതുപക്ഷത്തിന് അധികാരം ലഭിച്ചിട്ടുണ്ടെങ്കിലും ഇത്തവണയാണ് ഒരു ബി.ജെ.പി-ആര്‍.എസ്.എസ് അനുഭാവിയെ രാജ്യത്തിന്റെ അത്യുന്നത പദവിയിലേക്ക് പിടിച്ചിരുത്താന്‍ ആ ശക്തികള്‍ക്കായിരിക്കുന്നത്. 2014 മുതല്‍ ബി.ജെ.പി നടത്തിവരുന്ന അധികാര കടന്നുകയറ്റത്തിന്റെ മറ്റൊരു നാഴികക്കല്ലാണ് കോവിന്ദ് രാഷ്ട്രത്തിന്റെ സര്‍വസൈന്യാധിപനുമായി തെരഞ്ഞെടുക്കപ്പെടുന്നതിലൂടെ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, ലോക്‌സഭാ സ്പീക്കര്‍ പോലുള്ള ഉന്നത ഭരണഘടനാ സ്ഥാനങ്ങളില്‍ തങ്ങളുടെ ഇംഗിതക്കാരെ കയറ്റിയിരുത്തുന്നതില്‍ വലതുപക്ഷ തീവ്രശക്തികളും അതിന്റെ രാഷ്ട്രീയ രൂപമായ രാഷ്ട്രീയ സ്വയം സേവക സംഘവും വിജയിച്ചു കഴിഞ്ഞതായാണ് സമകാലികയാഥാര്‍ത്ഥ്യം. രാജ്യം ഏതു ദിശയിലേക്കാണ് വരുംനാളുകളില്‍ ചരിക്കാന്‍ പോകുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് കോവിന്ദിന്റെ സ്ഥാനാരോഹണത്തിലൂടെ രാജ്യം ചിന്തിച്ചുകൊണ്ടിരിക്കുന്നത്.
ദേശീയതയെ ഹിന്ദുത്വത്തിന്റെ പര്യായമായി അവതരിപ്പിച്ച് പൗരന്മാരെ തെറ്റിദ്ധരിപ്പിച്ചും തമ്മില്‍ തല്ലിച്ചും കൊല്ലിച്ചും രാജ്യഭരണം മുന്നോട്ടുകൊണ്ടുപോകുന്നൊരു പ്രധാനമന്ത്രിയും കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന കണക്ക് പുത്തന്‍ വംശീയ വെറികള്‍ പാടി നടക്കുന്നൊരു പാര്‍ട്ടി പ്രസിഡന്റും ഉള്ള നിലക്ക് തങ്ങളുടെ ഹിന്ദു രാഷ്ട്ര അജണ്ട വൈകാതെ പുറത്തെടുക്കാനാകും എന്ന ആശയമാണ് പല സംഘ്പരിവാരവിശാരദന്മാരും പങ്കുവെക്കുന്നത്. എന്നാല്‍ അതിലേക്കുള്ള വഴി എളുപ്പമാക്കുകയാവരുത് കോവിന്ദിന്റെ കര്‍ത്തവ്യം. മറിച്ച് പരമാധികാര, മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക് എന്ന രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്ക് ഒരു പോറലും സംഭവിക്കപ്പെടാതെ കാത്തുരക്ഷിക്കേണ്ട ഭാരിച്ചതും അതീവഗൗരവമാര്‍ന്നതുമായ ഉത്തരവാദിത്തമാണ് മോദിയുടെ കാലത്തെ രാഷ്ട്രപതിക്ക് നിര്‍വഹിക്കാനുള്ളത്. നിരപരാധികള്‍ കൊലചെയ്യപ്പെടുമ്പോഴും ജനശബ്ദം ആഞ്ഞടിക്കേണ്ട പാര്‍ലമെന്റില്‍നിന്ന് ഒളിച്ചോടിയും സാമാജികരെ പുറത്താക്കിയും പിന്‍വാതിലിലൂടെ ഓര്‍ഡിനന്‍സുകള്‍ പാസാക്കിയെടുക്കുമ്പോഴും നാടിനെ ബാധിക്കുന്ന അധികാരികളുടെ കൊള്ളരുതായ്മകള്‍ സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി പ്രണബ്മുഖര്‍ജി നിരന്തരം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ കോവിന്ദിലൂടെ ഇനിയുള്ള കാലം ഓര്‍ഡിനന്‍സ് രാജ് അടക്കമുള്ള അജണ്ടകള്‍ സുഗമമായി നടപ്പാക്കാമെന്നാകും ഭരണക്കാരുടെ ചിന്ത. അതാകാതിരിക്കട്ടെ ഇനിയുള്ള അഞ്ചു സംവല്‍സരവും റെയ്‌സിന കുന്നില്‍ നിന്ന് നമുക്ക് കേള്‍ക്കേണ്ടിവരുന്നത്.