ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ പുന:രന്വേഷണം വേണമെന്ന പേരളിവാളന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയി, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളിലുള്ള പാളിച്ച, ഗുഢാലോചന നടന്നെന്ന ആരോപണം എന്നിവ കേന്ദ്രീകരിച്ചാവണം വാദമെന്ന് കോടതി അഭിഭാഷകരായ ഗോപാല്‍ സുബ്രമണ്യം, പ്രഭു രാമസുബ്രമണ്യം എന്നിവരോട് നിര്‍ദേശിച്ചു. രാജീവ് വധക്കേസില്‍ ഗൂഢാലോചനാ കുറ്റം ചുമത്തപ്പെട്ട പേരറിവാളന്‍ 26 വര്‍ഷത്തോളമായി ജയിലിലാണ്. നേരത്തെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നെങ്കിലും സുപ്രീംകോടതി ജീവപര്യന്തമാക്കി ചുരുക്കിയിരുന്നു. കേസില്‍ പേരറിവാളന്‍ നിരപരാധിയാണെന്നും അദ്ദേഹത്തെ മന:പൂര്‍വം കുടുക്കുകയായിരുന്നെന്നും വാദമുണ്ട്.