മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് 30 ദിവസത്തെ പരോള്‍. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ ആവശ്യം അറിയിച്ച് മദ്രാസ് ഹൈക്കോടതി സമീപിച്ചതോടെയാണ് പരോള്‍ അനുവദിച്ചത്.

നളിനിയുടെ ആവശ്യം നിഷേധിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എം.എം സുന്ദരേശ്, എം നിര്‍മല്‍ കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

അറസ്റ്റിലായതു മുതല്‍ 27 വര്‍ഷമായി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നളിനി. ജയിലില്‍ വെച്ചുണ്ടായ മകള്‍ അരിത്രയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ആറുമാസത്തെ പരോള്‍ ചോദിച്ചാണ് നളിനി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ 30 ദിവസം മാത്രമാണ് അനുവദിച്ചത്. 27 വര്‍ഷത്തെ ജയില്‍ വാസത്തിനിടെ രണ്ടാം തവണയാണ് നളിനിക്കു പരോള്‍ ലഭിക്കുന്നത്. നേരത്തെ പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ 2016 ല്‍ 24 മണിക്കൂര്‍ പരോളാണ് അനുവദിച്ചിരുന്നത്.

ജീവപര്യന്തം തടവനുഭവിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം കൂടുമ്പോള്‍ ഒരുമാസത്തെ പരോളിന് അവകാശമുണ്ട്. എന്നാല്‍ 27 വര്‍ഷമായി പരോള്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു നളിനിയുടെ പരാതി. 1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരമ്പത്തൂരില്‍ വെച്ചാണ് രാജീവ് ഗാന്ധി ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.