ചെന്നൈ: മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മകന്‍ എംകെ അഴഗിരി എന്‍ഡിഎയിലേക്ക്. ബിജെപി നേതാക്കളുമായി അഴഗിരി ചര്‍ച്ച നടത്തിയെന്നും ഉടന്‍ തന്നെ പുതിയ പാര്‍ട്ടി രൂപീകരണ പ്രഖ്യാപനം ഉണ്ടാകുമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മധുരയില്‍ അഴഗിരിയുടെ വീട്ടിലെത്തിയാണ് ബിജെപി നേതാക്കള്‍ ഇദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. മകന്‍ ദയാനിധി അഴഗിരിയെ മുന്‍നിര്‍ത്തി പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനാണ് നീക്കം. കലൈഞ്ജര്‍ ഡിഎംകെ എന്നായിരിക്കും പാര്‍ട്ടിയുടെ പേരെന്നാണ് വിവരം. ഡിഎംകെ പ്രസിഡന്റ് സ്റ്റാലിന്റെ സഹോദരനാണ് അഴഗിരി.

ശനിയാഴ്ച ചെന്നൈയിലെത്തുന്ന ആഭ്യന്തര മന്ത്രി അമിത് ഷായുമായി അഴഗിരി കൂടിക്കാഴ്ച നടത്തും. നേരത്തെ സിനിമാ താരം ഖുഷ്ബുവും ബിജെപിയില്‍ ചേര്‍ന്നിരുന്നു. സൂപ്പര്‍ താരം രജനീകാന്തുമായും ബിജെപി ചര്‍ച്ച നടത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.