തിരുവനന്തപുരം: രാഷ്ട്രീയം നോക്കി നടപടി വേണ്ടെന്ന് പൊലീസിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് സ്റ്റേഷനുകളില്‍ തുല്യനീതി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരോട് പ്രത്യേക മമത വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ആസ്ഥാനത്ത് സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം നല്‍കിയത്. വഴിമുടക്കി റോഡ് ഉപരോധിക്കുന്നവരുടെ കാലുപിടിക്കരുത്. സമരക്കാരെ അറസ്റ്റ് ചെയ്യണം. വഴിയാത്ര മുടക്കരുത്. ആറു മാസത്തിനുശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ പൊലീസ് മേധാവികളോട് വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസാരിച്ചത്.
പൊലീസ് സ്റ്റേഷനുകളില്‍ നീതി തേടി വരുന്നവരോട് രാഷ്ട്രീയം നോക്കി ഉദ്യോഗസ്ഥര്‍ പെരുമാറരുത്. രാഷ്ട്രീയ നേതാക്കളോടും പ്രവര്‍ത്തകരോടും പൊലീസ് സംസാരിച്ചതുകൊണ്ടു പ്രശ്‌നമില്ല. പക്ഷേ, നീതി നടപ്പാക്കുമ്പോള്‍ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങരുത്. യു.എ.പി.എ, കാപ്പ നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുത്. ഇതു സര്‍ക്കാര്‍ നയമല്ല. ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണം. ലോക്കപ്പ് മര്‍ദനം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത്തരം സംഭവം ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. പൊലീസ് ഏതെങ്കിലുമൊരു വിഭാഗത്തിന് അനുകൂലമാണെന്നോ എതിരാണെന്നോ ഉള്ള ധാരണ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭൂരിപക്ഷ വിഭാഗങ്ങളും ന്യൂനപക്ഷവിഭാഗങ്ങളുമൊക്കെ നമ്മുടെ നാട്ടിലുണ്ട്. രാജ്യത്തെ ഇന്നത്തെ സാഹചര്യത്തില്‍ പൊലീസിനെക്കുറിച്ച് അവരില്‍ പലതരം ആശങ്കകളും ഉണ്ടാകാം. അത്തരം ആശങ്കകള്‍ പൊലീസിന്റെ നടപടികളിലൂടെ ഇല്ലാതാക്കാന്‍ കഴിയണം.
ഓരോ ജില്ലകളിലും പൊലീസ് മേധാവികള്‍ നടത്തിയ സ്റ്റേഷന്‍ പരിശോധനകളുടെ എണ്ണവും മുഖ്യമന്ത്രി ചോദിച്ചു. പലയിടങ്ങളിലും മാസത്തിലൊരിക്കല്‍ മൂന്നും നാലും സ്റ്റേഷനുകള്‍ മാത്രം പരിശോധിച്ച എസ്.പിമാരുണ്ട്. ഒരു ജില്ലയിലെ പൊലീസ് മേധാവി ഏതുസമയത്തും സ്റ്റേഷനുകളില്‍ പരിശോധനക്ക് വരാന്‍ സാധ്യതയുണ്ടെന്ന പേടി താഴെതട്ടില്‍ ഉണ്ടാകണമെന്നും നല്ല പ്രകടനം കാഴ്ചവെക്കുന്ന ജില്ലയുടെ മേധാവിക്ക് പ്രത്യേക ഉപഹാരം നല്‍കാന്‍ ആലോചിക്കുന്നുണ്ടെന്നും പറഞ്ഞാണ് മുഖ്യമന്ത്രി മുക്കാല്‍ മണിക്കൂര്‍ നീണ്ട വീഡിയോ കോണ്‍ഫറന്‍സിങ് അവസാനിപ്പിച്ചത്.
ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, സോണല്‍ എ.ഡി.ജി.പിമാര്‍, റേഞ്ച് ഐ.ജിമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.