റസാഖ് ആദൃശ്ശേരി

ഫാസിസം, സാമ്രാജ്യത്വം എന്നീ ഇഴപിരിയാത്ത ദ്വന്ദ്വങ്ങള്‍ക്കെതിരെയും മാര്‍ക്‌സിസത്തിനെതിരെയും വിശ്വാസി സമൂഹത്തിന്റെ ചെറുത്തുനില്‍പ്പും വന്‍ ജാഗ്രതയും ആവശ്യമായ കാലഘട്ടമാണിത്. ഭരണകൂടത്തിന്റെ ഒത്താശയോടു കൂടി ‘ഫാസിസം’ചരിത്രത്തെവരെ അപനിര്‍മ്മിച്ചുകൊണ്ടു രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രത്തിലേക്കു നയിച്ചുകൊണ്ടിരിക്കുമ്പോള്‍ ‘മാര്‍ക്‌സിസം’ സമൂഹത്തില്‍ അധാര്‍മ്മികത വളര്‍ത്തി മതവിശ്വാസംതന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കമ്യൂണിസത്തിന്റെ അടിസ്ഥാനമെന്താണെന്നു മനസ്സിലാക്കാതെ അതിനെ കേവലമൊരു രാഷ്ട്രീയ ആശയമായി കരുതി അത്തരം പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരായി മതവിശ്വാസികള്‍വരെ മാറി കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണുള്ളത്. വിശ്വാസികളായി കൊണ്ടുതന്നെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിനു തടസ്സമില്ലെന്നാണ് ഇപ്പോള്‍ കേരളത്തിലടക്കം കമ്യൂണിസ്റ്റുകള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. മാര്‍ക്‌സിസം ഭൗതിവാദത്തിലധിഷ്ഠിതമാണെന്ന തത്വമൊക്കെ അവര്‍ മന:പൂര്‍വ്വം മറച്ചുവെച്ചുകൊണ്ട്, ഇന്ത്യയില്‍ ഫാസിസത്തിന്റെ ആക്രമണങ്ങളില്‍നിന്നും മുസ്‌ലിംകളെ സംരക്ഷിക്കുന്നത് ഞങ്ങളാണെന്ന വന്‍ പ്രചാരണങ്ങള്‍ നടത്തുന്നു. തേനില്‍ പുരട്ടിയ ഈ വാക്കുകള്‍ വിശ്വസിച്ചുകൊണ്ടും മറ്റു ചിലര്‍ ഭൗതിക നേട്ടങ്ങളും സ്ഥാനമാനങ്ങളും മോഹിച്ചുകൊണ്ടും പാര്‍ട്ടിയുടെ പ്രവര്‍ത്തകരായിമാറുമ്പോള്‍ ക്രമേണ അവരിലേക്ക് നിരീശ്വരവാദം കുത്തിവെച്ചു മതവിരോധിയാക്കിമാറ്റുന്നു. എന്നാല്‍ കാലങ്ങളായി മാര്‍ക്‌സിസ്റ്റുകള്‍ മതങ്ങളെ എതിര്‍ത്തുപോന്നിട്ടുണ്ടെങ്കിലും മതങ്ങള്‍ കൂടുതല്‍ ശക്തമാകുകയും കമ്യൂണിസം ഭൂലോകത്ത്‌നിന്നുതന്നെ ഇല്ലാതാവുകയും ചെയ്തുകൊണ്ടിരിക്കുന്നു.

മാര്‍ക്‌സിസവും ദൈവ വിശ്വാസത്തിലധിഷ്ഠിതമായ മതങ്ങളും തമ്മില്‍ മതമാര്‍ക്‌സിസ സംവാദങ്ങളും സംഘട്ടനങ്ങളും ധാരാളം നടന്നിട്ടുണ്ട്. പൊതുവെ, ഇസ്‌ലാം ഉള്‍പ്പെടെയുള്ള മതങ്ങള്‍ മാര്‍ക്‌സിസത്തെ പ്രതിരോധിക്കുന്നു. എന്നാല്‍ ഇസ്‌ലാമിന്റെ സമീപനം പലപ്പോഴും വെറും പ്രതിരോധത്തിന്റെത് മാത്രമല്ല, കടന്നാക്രമണത്തിന്റെ മാനങ്ങള്‍ നേടുന്നവ കൂടിയാണ്. മറ്റു മതങ്ങളാവട്ടെ, ആദ്യം പ്രതിരോധം തീര്‍ത്തുവെങ്കിലും കാലക്രമേണ മാര്‍ക്‌സിസത്തോടു സന്ധിയായി കീഴടങ്ങുന്നതാണ് കണ്ടത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ് കാറല്‍ മാര്‍ക്‌സും ഏംഗല്‍സും കൂടി മാര്‍ക്‌സിസം അഥവാ ശാസ്ത്രീയ സോഷ്യലിസം അവതരിപ്പിക്കുന്നത്. ഭൗതികവാദപരവും ദൈവനിഷേധത്തിലധിഷ്ഠിതവുമായതും സാമ്പത്തിക സമത്വവാദപരവുമായ ഒരു ആശയമായിരുന്നു അത്. മാര്‍ക്‌സിസത്തെ ആദ്യം നേരിട്ട മതം ക്രിസ്തു മതമായിരുന്നുവെങ്കിലും, സ്വന്തം മതത്തിന്റെ മൗലികമായ ലോകവീക്ഷണത്തിലും പ്രത്യയശാസ്ത്രത്തിലും ഊന്നിനിന്നുകൊണ്ടുള്ള സമീപനമെടുക്കാന്‍ ക്രൈസ്തവ സഭകള്‍ക്ക് കഴിഞ്ഞില്ല. പലപ്പോഴും നിരീശ്വരവാദത്തിലധിഷ്ഠിതമായ മാര്‍ക്‌സിസത്തെ ദൈവ വിശ്വാസികള്‍ നിരാകരിക്കുമെന്ന അതിലളിതമായ നിലപാടാണ് പാതിരിമാരും ക്രിസ്തീയ പണ്ഡിതരും സ്വീകരിച്ചത്. ഇതിന്റെ പരിണിത ഫലം അനുരജ്ഞനത്തിന്റെയും വിധേയത്വത്തിന്റെയും പ്രവണതകള്‍ ശക്തിപ്പെട്ടുവെന്നതായിരുന്നു. ലാറ്റിനമേരിക്കയിലും മറ്റും വളര്‍ന്നുവന്ന ‘വിമോചനത്തിന്റെ ദൈവശാസ്ത്രവും’ മറ്റും ഇതിന്റെ അനന്തരഫലങ്ങളായിരുന്നു. സ്വന്തം മതത്തിന്റെ വിമോചനപരമായ വശങ്ങളെ മാര്‍ക്‌സിസത്തിനൊരു ബദല്‍ സംവിധാനമായി ഉയര്‍ത്തിപ്പിടിക്കുന്നതിനുപകരം മാര്‍ക്‌സിസ്റ്റ് ചിന്തകളിലധിഷ്ഠിതമായ സാമൂഹിക പരിവര്‍ത്തനങ്ങളും പ്രവര്‍ത്തനങ്ങളുമാണ് മനുഷ്യ മോചനത്തിനാവശ്യമെന്നു പ്രഖ്യാപിച്ചുകൊണ്ടു പാതിരിമാരും പണ്ഡിതന്മാരും രംഗത്ത്‌വരികയാണുണ്ടായത്.

മാര്‍ക്‌സിസത്തോടുള്ള ഹിന്ദു മതത്തിന്റെ ദാര്‍ശനികവും പ്രത്യയശാസ്ത്രപരവുമായ സമീപനത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഒരു ജീവിതവീക്ഷണമെന്ന നിലയില്‍ ഹിന്ദുമതം മാര്‍ക്‌സിസത്തോടു പ്രതികരിച്ചിട്ടേയില്ലെന്നു പറയാം. ഭാരതീയ സംസ്‌കാകാരത്തിന്റെ അന്തഃസത്ത തന്നെ ഭൗതികവാദവും ദൈവ നിഷേധവുമാണെന്ന മാര്‍ക്‌സിസ്റ്റുകാരുടെ വാദഗതിയോടു ഹിന്ദു മത വിശ്വാസികള്‍ അനുരജ്ഞനത്തിന്റെ സമീപനം സ്വീകരിക്കാറാണുള്ളത്. എന്നാല്‍ മാര്‍ക്‌സിസം അന്യമാണെന്ന സങ്കുചിത ദേശീയപരമായ ഒരു സമീപനം, ഹൈന്ദവ സംസ്‌കാരവും ഇന്ത്യന്‍ സംസ്‌കാരവും ഒന്നാണെന്നു ശഠിക്കുന്ന ആര്‍.എസ്.എസിനെ പോലെയുള്ള സംഘടനാപ്രവര്‍ത്തകര്‍ സ്വീകരിക്കാറുണ്ടെന്നുമാത്രം.
ക്രിസ്തുമതത്തെയും ഹിന്ദു മതത്തെയും അപേക്ഷിച്ച്, അനുരജ്ഞനത്തിന്റെയോ വിധേയത്വത്തിന്റെയോ ശൈലി ഇസ്‌ലാം മാര്‍ക്‌സിസത്തോടു സ്വീകരിച്ചില്ല. മാര്‍ക്‌സിസം ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിട്ടത് ഇസ്‌ലാമിന്റെ ഭാഗത്തുനിന്നായിരുന്നു. ആഗോളാടിസ്ഥാനത്തില്‍തന്നെ ഏറ്റവും ശക്തമായ ആശയസമരം എക്കാലത്തും നടന്നുകൊണ്ടിരിക്കുന്നത് ഇസ്‌ലാമും മാര്‍ക്‌സിസവും തമ്മിലാണ്. കേരളത്തിലും മാര്‍ക്‌സിസത്തെ പ്രത്യയശാസ്ത്രപരമായി ശക്തമായി നേരിട്ടത് ഇസ്‌ലാം തന്നെയായിരുന്നു. കേരളത്തില്‍ കമ്യൂണിസം കുറേശ്ശെ വേരോടിയെങ്കിലും മുസ്‌ലിംകള്‍ക്കിടയില്‍ അതിന്റെ സ്വാധീനംനന്നെ കുറവാണ്. ഇത് മാര്‍ക്‌സിസ്റ്റ് ആചാര്യന്മാരെയും നേതാക്കളെയും വളരെയധികം അലോസരപ്പെടുത്തുന്നു. അതിനാല്‍തന്നെ തരംകിട്ടുമ്പോഴൊക്കെ അവര്‍ മുസ്‌ലിംകള്‍ക്കെതിരെ തിരിയാറുണ്ട്. പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ അതിനു ശക്തി കൂടാറുമുണ്ട്.

മാര്‍ക്‌സിസം വളരെ വ്യക്തമായൊരു ജീവിതവീക്ഷണം അവതരിപ്പിക്കുന്നുണ്ട്; വൈരുദ്ധ്യാത്മക ജീവിതവീക്ഷണമാണത്. മനുഷ്യനുള്‍കൊള്ളുന്ന സമൂഹത്തിന്റെ വളര്‍ച്ചയെയും അതിനെ പരിവര്‍ത്തിപ്പിക്കേണ്ടതിന്റെയും അന്തിമമായി സ്ഥാപിച്ചെടുക്കാനാഗ്രഹിക്കുന്ന ഒരു സമൂഹത്തിന്റെയും ചിത്രമാണ് മാര്‍ക്‌സിസം വരച്ചുകാണിക്കുന്നത്. ചരിത്രത്തിന്റെ ഭൗതിക വ്യാഖ്യാനത്തിന്റെ സഹായത്തോടെയാണിത്. ഈ വശങ്ങളെ വൈജ്ഞാനികമായി തന്നെ സമീപിക്കുകയും സക്രിയമായി പ്രതികരിക്കുകയും ചെയ്യണമെങ്കില്‍ മതം വ്യക്തമായ ഒരു ജീവിതവീക്ഷണം ഉള്‍കൊള്ളുന്നതായിരിക്കണം. കൂടാതെ ജീവിതത്തിന്റെ സമസ്ത തലങ്ങളെയും സമഗ്രമായും വ്യവസ്ഥാപിതമായും സ്പര്‍ശിക്കുന്നതായിരിക്കുകയും വേണം. അതായത് മാര്‍ക്‌സിസം ഉയര്‍ത്തുന്ന സൈദ്ധാന്തികവും പ്രായോഗികവുമായ വെല്ലുവിളികളെ അതിജയിക്കാന്‍ മതത്തിനു കഴിയേണ്ടതുണ്ട്. ഇസ്‌ലാമിന്റെ ഇത്തരം സവിശേഷതകളാണ് മാര്‍ക്‌സിസത്തെ നേരിടാന്‍ അതിനെ പ്രാപ്തമാക്കുന്നത്. പ്രവര്‍ത്തനക്ഷമവും ചിന്താഭദ്രവുമായ മതമാണ് ഇസ്‌ലാം. അതുകൊണ്ടുതന്നെയാണ് ഇസ്‌ലാമിനെതിരെ ഭീകരവാദവും തീവ്രവാദവും തുടങ്ങിയ എത്രയോ ആരോപണങ്ങളുന്നയിച്ചു ശത്രുക്കള്‍ അതിനെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടും, ഒരു പോറലുമേല്‍ക്കാതെ ലോകത്തിന്നു ഏറ്റവും കൂടുതല്‍ വളരുന്ന മതമായി ഇസ്‌ലാം മാറുന്നത്.

ദൈവത്തിലും അവന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളിലും (പ്രവാചകത്വം) ആത്യന്തികമായ ജീവിത ലക്ഷ്യത്തിലുമുള്ള (പരലോകം) വിശ്വാസമാണ് ഇസ്‌ലാമിന്റെ ആധാരം. മാര്‍ക്‌സിസമാവട്ടെ, ഭൗതികവാദപരവും നിരീശ്വരവാദത്തിലധിഷ്ഠിതവുമാണ്. മാര്‍ക്‌സിസവും ഇസ്‌ലാമും തമ്മിലുള്ള സംഘട്ടനത്തിന്റെ അടിസ്ഥാന കാരണം ഈ വൈരുദ്ധ്യമാണ്. മാര്‍ക്‌സിസം കേവലമൊരു ദൈവനിഷേധമല്ല. മറിച്ചു ശക്തമായൊരു ജീവിതവീക്ഷണത്തിന്റെ അനിവാര്യ ഫലമാണാ നിഷേധം. അതുപോലെതന്നെ സുദൃഢവും യുക്തി ഭദ്രവുമായ ഒരു ജീവിതവീക്ഷണത്തിന്റെ അനിവാര്യതാല്‍പര്യമാണ് ഇസ്‌ലാമിന്റെ മൗലിക വിശ്വാസം. അപ്പോള്‍ ഈ സംഘട്ടനം രണ്ടു ജീവിതവീക്ഷണങ്ങള്‍ തമ്മിലാണെന്നു വ്യക്തം.
ഇസ്‌ലാമും മാര്‍ക്‌സിസവും തമ്മില്‍ ആശയപരമായ സംഘട്ടനങ്ങള്‍ നടക്കുന്നുവെങ്കിലും, ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം മാര്‍ക്‌സിസം ഒരു സൈദ്ധാന്തിക വെല്ലുവിളിയേ അല്ല. സ്വതന്ത്രവും പരസ്പര വിരുദ്ധവുമായ രണ്ടു തരം ചിന്താധാരകള്‍ തമ്മിലുള്ള സംഘട്ടനമായിട്ടു മാത്രമേ അതിനെ കാണാന്‍ പറ്റുകയുള്ളു. മാര്‍ക്‌സിസം മുന്നോട്ടുവെച്ച വൈരുദ്ധ്യാത്മക ഭൗതികവാദവും ചരിത്രപരമായ ഭൗതികവാദവും ഇസ്‌ലാമിന്റെ മുന്നില്‍ അടിയറവു പറയുന്നു. ഇസ്‌ലാമിന്റെ പ്രപഞ്ച വീക്ഷണം മാര്‍ക്‌സിസ്റ്റ് ചിന്തകന്മാര്‍ പോലും ചിലപ്പോള്‍ അംഗീകരിക്കുന്നത് കാണാം. മാര്‍ക്‌സിസം അവതരിപ്പിച്ച മാര്‍ക്‌സിസ്റ്റ് സമ്പദ്ശാസ്ത്രം അഥവാ മിച്ചമൂല്യസിദ്ധാന്തം, ഇസ്‌ലാം അവതരിപ്പിച്ച സമ്പദ് ശാസ്ത്രത്തിനുമുന്നില്‍ കിടപിടിക്കാന്‍ കഴിയാത്തതാണ്. മാര്‍ക്‌സിസ്റ്റ് ചിന്തയിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ ആകര്‍ഷിക്കപ്പെടാനുള്ള കാരണം, ഒരു പുതിയ മനുഷ്യനെയും പുതിയ ലോകത്തെയും സംബന്ധിച്ച വാഗ്ദാനമായിരുന്നുവല്ലോ. എന്നാല്‍ മനുഷ്യ സ്വാതന്ത്ര്യത്തെയും നീതിബോധത്തെയും സംബന്ധിച്ച ഇസ്‌ലാമിന്റെ വീക്ഷണമാണ് കൂടുതല്‍ പ്രസക്തമായിട്ടുള്ളതെന്നു കാണാം. തികഞ്ഞ ഭൗതികവാദത്തിലോ ആത്മീയതയിലോ അധിഷ്ഠിതമല്ലാത്ത; ലൗകികതയുടെയും ആത്മീയതയുടെയും സമന്വയം സാധിക്കുന്ന ഇസ്‌ലാമിന്റെ സവിശേഷ സമീപനം പല നവ മാര്‍ക്‌സിസ്റ്റുകളെയും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ഒരു സമഗ്ര ജീവിത വ്യവസ്ഥയും ലോകവീക്ഷണവുമെന്ന നിലയില്‍ മാര്‍ക്‌സിസത്തിന്റെ പ്രചണ്ഡമായ പ്രചാരണങ്ങള്‍ക്കുമുന്നില്‍ തലയുയര്‍ത്തിനില്‍ക്കാന്‍ ഇസ്‌ലാമിനു കഴിയുന്നു.

മാര്‍ക്‌സിസം ഒരു ജീവിത പദ്ധതിയാണെന്നും അത് മതങ്ങള്‍ക്കെതിരാണെന്നും പകല്‍ വെളിച്ചം പോലെ വ്യക്തമായിട്ടും, ഇന്ത്യയില്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തോടുള്ള അഭിനിവേശം കാരണം മതത്തിനെതിരെയുള്ള തത്വങ്ങളും പ്രയോഗങ്ങളും മറച്ചുപിടിക്കാന്‍ മാര്‍ക്‌സിസ്റ്റുകള്‍ നിര്‍ബന്ധിതരാവുകയാണ്. മാര്‍ക്‌സിസവും മതവും വിരുദ്ധ വീക്ഷണങ്ങളുള്ള രണ്ടു ചിന്താസരണികളാണെന്നു മനസ്സിലാക്കിയിട്ടും ഒരു മാര്‍ക്‌സിസ്റ്റുകാരനു മതവിശ്വാസിയാകാം എന്നു പറയുന്നവരെക്കുറിച്ചു സഹതപിക്കാനേ കഴിയുകയുള്ളു. കാരണം സമൂഹത്തെ സമൂലമായി പരിവര്‍ത്തിപ്പിക്കാനുള്ള തൊഴിലാളി വര്‍ഗത്തിന്റെ സമരത്തിനു വിഘാതമായി നില്‍ക്കുന്ന ശക്തിയായാണ് അവര്‍ മതത്തെ കണ്ടതെന്നു മാര്‍ക്‌സിനെയും ഏംഗല്‍സിനെയും വായിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. കൂടാതെ ചൂഷണങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന വര്‍ഗത്തിനുമുന്നില്‍ ആത്മീയ മോചനത്തിന്റെ ളോഹയുമായി പ്രത്യക്ഷ്യപ്പെട്ടു പരലോകത്തെ ശാന്തിയെക്കുറിച്ചു സുവിശേഷമറിയിക്കുന്ന ഒന്നാണ് മതമെന്നും അതാവട്ടെ, മനുഷ്യ മോചനത്തിനുമുന്നില്‍ വിലങ്ങുതടിയായി നില്‍ക്കുക മാത്രമാണെന്നും മാര്‍ക്‌സിസ്റ്റുകള്‍ ശക്തമായി വാദിച്ചു.

ഭൗതികവാദത്തിലധിഷ്ഠിതമായ മാര്‍ക്‌സിസ്റ്റ് ദര്‍ശനം അടിസ്ഥാനപരമായി മതത്തെയോ ദൈവത്തെയോ അംഗീകരിക്കുന്നില്ല. പ്രപഞ്ചാതീതനായ ഒരു ശക്തിയെയോ മരണാനന്തര ജീവിതമോ വിഭാവനം ചെയ്യാനാവില്ലയെന്നാണ് അവരുടെ ഉറച്ച വിശ്വാസം. യുക്തിവാദികളുടെ അതേ നയങ്ങള്‍ തന്നെയാണ് മാര്‍ക്‌സിസ്റ്റുകളും പിന്തുടരുന്നത്. യുക്തിവാദത്തെ മൗലികമായി മാര്‍ക്‌സിസ്റ്റുകള്‍ ഇതുവരെ തള്ളി പറഞ്ഞിട്ടില്ലയെന്നതാണ് യാഥാര്‍ത്ഥ്യം. ഇ.എം.എസ് എഴുതി. ‘സോഷ്യലിസ്റ്റ് വിപ്ലവത്തിനു വേണ്ടിയുള്ള സമരം വിജയിപ്പിക്കുന്നതിനു ജാതിമതാദി സാമൂഹിക വ്യവസ്ഥകള്‍ക്കും അവയുടെതായ ആശയശക്തികള്‍ക്കും എതിരായി രൂക്ഷമായ സമരം നടത്തേണ്ടതുണ്ട്. അക്കാര്യത്തില്‍ ഇടമുറുക് പ്രതിനിധാനം ചെയ്യുന്ന യുക്തിവാദികളും മാര്‍ക്‌സിസ്റ്റുകളും തമ്മില്‍ സഹകരിക്കാനുള്ള സാധ്യതയുണ്ട്. മാര്‍ക്‌സിസ്റ്റുകളും സമരോത്സുകരായ ഭൗതികവാദികളും തമ്മില്‍ ഐക്യമുന്നണി എന്ന ആശയം ലെനിന്റെതാണ്’ (ഇ.എം.എസ്: ചിന്ത വാരിക, 29 ജൂലൈ 1983). ഇതിനര്‍ത്ഥം, ഒരാള്‍ മാര്‍ക്‌സിസ്റ്റായാല്‍ അയാള്‍ ക്രമേണ നിരീശ്വരവാദത്തിലെക്കോ യുക്തിവാദത്തിലേക്കോ എത്തിപ്പെടും എന്നതാണ്. ഇതിനു നമ്മുടെ ചുറ്റുപാടുകള്‍ പരിശോധിച്ചാല്‍ ധാരാളം ഉദാഹരണങ്ങള്‍ കണ്ടെത്താന്‍ കഴിയും.

ഇന്ത്യയില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചുവരുന്ന മുസ്‌ലിം വിരോധവും മൃദു ഹിന്ദുത്വവും ഈ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടുള്ളത് തന്നെയാണ്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ പിന്തുടരുന്ന വ്യക്തിനിയമം സ്ത്രീകളോടു അനീതി ചെയ്യുന്നുവെന്ന അവരുടെ വാദവും ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് ബില്ലിനെ അവര്‍ പിന്തുണച്ചതും ശരീഅത്ത് നിയമങ്ങള്‍ റദ്ദാക്കി ഏക സെക്യൂലര്‍ സിവില്‍ കോഡ് കൊണ്ടുവരണമെന്ന സി.പി.എമ്മിന്റെ നയവുമൊക്കെ ഇതിനുള്ള ഉദാഹരണങ്ങളാണ്.
1986 ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് ശരീഅത്തിനെതിരെ നടത്തിയ കടന്നാക്രമണം ഓര്‍മ്മിക്കുക. ഇസ്‌ലാമിക ശരീഅത്തിനെതിരെയും മുസ്‌ലിം സമുദായത്തിനെതിരെയും അന്നവര്‍ നടത്തിയ ദുഷ്പ്രചാരണങ്ങളെ മുസ്‌ലിംകള്‍ ശക്തമായി ചെറുത്തു. അവസാനം താന്‍ ശരീഅത്തിനെക്കുറിച്ചു ആഴത്തില്‍ പഠിച്ചിട്ടില്ലെന്നു തുറന്നു സമ്മതിച്ചു ഇ.എം.എസ് പിന്മാറിയെങ്കിലും മതങ്ങളോടുള്ള അവരുടെ വിരോധം കൂടുതല്‍ പ്രകടമായ സന്ദര്‍ഭമായിരുന്നു അത്.

പോളണ്ടിലെ തൊഴിലാളി നേതാവായ ലെക് വലേസ ഒരിക്കല്‍ എഴുതി: ‘അധികാരം കിട്ടുന്നതിനു മുമ്പ് കമ്യൂണിസ്റ്റുകള്‍ പറഞ്ഞിരുന്നത,് നിങ്ങള്‍ക്ക് ഇപ്പോള്‍ ഭക്ഷണം കിട്ടുന്നില്ല. വസ്ത്രമില്ല. നിങ്ങള്‍ക്ക് ഇപ്പോള്‍ പാര്‍പ്പിടമില്ല.അതിനാല്‍ നിങ്ങള്‍ ഞങ്ങളെ അധികാരത്തിലേറ്റൂ; നിങ്ങള്‍ക്ക് ഭക്ഷണം തരാം, വസ്ത്രം തരാം, പാര്‍പ്പിടം തരാം. പക്ഷേ, അധികാരം കിട്ടിയപ്പോള്‍ ഞങ്ങള്‍ക്ക് ഭക്ഷണം കിട്ടിയില്ല. മാത്രമല്ല, ഭക്ഷണം തരൂ .., പാര്‍പ്പിടം തരു., വസ്ത്രം തരൂ… എന്നു പറയാനുള്ള അവകാശം പോലും കിട്ടിയില്ല’ (പ്രെഫ: കെ.എം ഫ്രാന്‍സിസ്: മാര്‍ക്‌സിസം തകരുമോ പേജ് 31). പതിറ്റാണ്ടുകളോളം നീണ്ടു നിന്ന കമ്യൂണിസ്റ്റ് ഭരണത്തിന്റെ അനുഭവത്തില്‍ നിന്നാണ് ലെക് വലേസ ഇപ്രകാരം പറയുന്നത്. അധികാരം ലഭിക്കുന്നതിനുവേണ്ടി ഏത് മാര്‍ഗവും സ്വീകരിക്കാന്‍ കമ്യൂണിസ്റ്റുകള്‍ തയ്യാറാവും എന്നര്‍ത്ഥം. അധികാരം കിട്ടിയാലോ യഥാര്‍ത്ഥ സ്വഭാവം പുറത്തുവരുകയും ചെയ്യും. അപ്പോള്‍ മാര്‍ക്‌സിസത്തിന്റെ ആളായി പോയതില്‍ ദു:ഖിക്കാന്‍ പോലും സാധ്യമായില്ലെന്നു വരാം. നീണ്ട കാലം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം നടത്തിയ പശ്ചിമ ബംഗാളിലെ അവസ്ഥയെന്നു പഠനവിധേയമാക്കിയാല്‍ ഇത് കൂടുതല്‍ വ്യക്തമാവും.