ഇടുക്കി ജില്ലയിലെ തൊടുപുഴ മുനിസിപ്പാലിറ്റിയോട് ചേര്‍ന്നുകിടക്കുന്ന ഇടവെട്ടി പഞ്ചായത്ത് ഭരണ സമിതിക്കും പ്രസിഡന്റ് മുസ്ലിംലീഗിലെ ഷീജ നൗഷാദിനുമെതിരെ സി.പി.എം ഏരിയാ സെക്രട്ടറിയടങ്ങുന്ന ഗുണ്ടകള്‍ നടത്തിയ അതിക്രമത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം.എ സലാം ആവശ്യപ്പെട്ടു. വനിതാ പ്രസിഡണ്ടിനെ പഞ്ചായത്ത് ഓഫീസില്‍ തടഞ്ഞു വെക്കുകയും,അസഭ്യം പറയുകയും,ഭീഷണിപ്പെടുത്തുകയും ചെയ്ത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഗുണ്ടകള്‍ ഇതിനെ ചോദ്യം ചെയ്ത കൗണ്‍സിലറെ ക്രൂരമായി മര്‍ദ്ദിക്കുകയും വനിതാ കൗണ്‍സിലര്‍മാരോട് ഏറെ അപമര്യാദയോടെ പെരുമാറുകയും ചെയ്യുകയാണുണ്ടായത്. ഈ വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ മുസ്ലിം യൂത്ത് ലീഗ് നേതാക്കളടക്കമുള്ള പത്തോളം പേരെ അതി ക്രൂരമായാണ് ഈ സംഘം മര്‍ദ്ദിച്ചത്. ഈ ക്രൂരകൃത്യത്തിന് നേതൃത്വം കൊടുത്ത തൊടുപുഴയിലെ സി.പി.എം നേതാക്കള്‍ക്കെതിരെ ഒരു പെറ്റിക്കേസ് പോലും ചാര്‍ജ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല.

മേല്‍സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തൊടുപുഴ ഡി.വൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിലെ ജനപങ്കാളിത്തത്തില്‍ അസ്വസ്ഥരായ പോലീസ് യാതൊരു പ്രകോപനവുമില്ലാതെ മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ് പ്രയോഗിച്ചു. മാര്‍ച്ചില്‍ പങ്കെടുത്തു എന്ന കാരണത്താല്‍ കണ്ടാലറിയുന്ന പ്രവര്‍ത്തകര്‍ക്കെതിരെ കളളക്കേസെടുക്കുകയും അവരെ ജയിലിലടക്കുകയും ചെയ്തു. കുറ്റക്കാരെ പിടികൂടുന്നതിന് പകരം പ്രതിഷേധിച്ചവരെ വേട്ടയാടുകയാണ് പോലീസെന്ന് പി.എം.എ സലാം പറഞ്ഞു. സി.പി.എം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നിരന്തര സമരത്തിലുളള തൊടുപുഴയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സംസ്ഥാനത്തെ മുഴുവന്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരുടേയും പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിക്കുന്നതിനായി അദ്ദേഹം തൊടുപുഴയിലെത്തി. വിവിധ പാര്‍ട്ടികളില്‍ നിന്ന് മുസ്ലിംലീഗില്‍ ചേര്‍ന്നവരെ മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു.