X

ചായക്കോപ്പയിലെ കൊടുങ്കാറ്റായി ‘തരൂര്‍ വിവാദം ‘

കെ.പി ജലീല്‍

ഇന്ന് ഞായറാഴ്ച പൊതുഅവധിദിവസമായിരുന്നു. പലതും കൊതിച്ചിറങ്ങിയവര്‍ക്ക് നിരാശയുടെ ദിനവും. കോണ്‍ഗ്രസിനകത്ത് വലിയ പ്രശ്‌നങ്ങളുണ്ടെന്നും പാര്‍ട്ടിയില്‍നിന്ന് ചില നേതാക്കളെ പുറത്താക്കുമെന്നും അതോടെ യു.ഡി.എഫ് തകര്‍ന്നടിയുമെന്നും വിചാരിച്ചവര്‍ക്കാണ് നിരാശയുണ്ടായിരിക്കുന്നത്.

തിരുവനന്തപുരം എം.പിയും കോണ്‍ഗ്രസ് നേതാവുമായ ശശിതരൂര്‍ കഴിഞ്ഞയാഴ്ച നടത്തിയ മലബാറിലെ പര്യടനത്തെച്ചൊല്ലിയായിരുന്നു ഒരു വിഭാഗം ആളുകളുടെയും മാധ്യമങ്ങളുടെയും പ്രതീക്ഷ മുഴുവന്‍.തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അനുസരിക്കുന്നില്ലെന്നും പാര്‍ട്ടിയില്‍നിന്ന് അദ്ദേഹത്തെ പുറത്താക്കുമെന്നൊക്കെയായിരുന്നു പ്രചാരണം. എന്നാല്‍ ഇന്നലെ കൊച്ചിയില്‍ നടന്ന പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ കോണ്‍ക്ലേവോടെ അതെല്ലാം തകര്‍ന്നടിയുകയായിരുന്നു.

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും തരൂരിനെതിരാണെന്ന് വരുത്താനായിരുന്നു പദ്ധതി. ഇന്ന് അതിനെ നിഷ്‌കരുണം സതീശന്‍ പൊളിച്ചടുക്കി. താന്‍ തരൂരിനെ ബഹുമാനിക്കുന്നയാളാണെന്നും അദ്ദേഹത്തിന്റെ കഴിവില്‍ അസൂയഉണ്ടെന്നും വരെ പറഞ്ഞതാണ് തല്‍പരകക്ഷികളെ നിരാശരാക്കിയത്. രാവിലെ മുതല്‍ തരൂരും സതീശനും തമ്മില്‍ കാണുമോ ,കണ്ടാല്‍തന്നെ മിണ്ടുമോ എന്നെല്ലാമായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍. തരൂരിനെ പുകഴ്ത്തി സതീശന്‍ സംസാരിച്ചതോടെ അതിന്റെയെല്ലാം മുനയൊടിഞ്ഞു. തനിക്ക് തരൂരിനോട്മിണ്ടുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും താന്‍ മന:പൂര്‍വം സംസാരിക്കുകയാണെങ്കില്‍ അത് അഭിനയമാകുമെന്നും വരെ സതീശന്‍ തുറന്നടിച്ചു. അതോടെയണ് മാധ്യമങ്ങള്‍ ഇളിഭ്യരായത്. മാര്‍ക്‌സിസ്റ്റുകാര്‍ക്കായിരുന്നു ഇതിലേറ്റവും കൗതുകവും പ്രതീക്ഷയും. മൂന്നാമതും ഭരണം ലഭിക്കാന്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും തമ്മില്‍തല്ലുണ്ടായിക്കാണാനാണ് അവരുടെ ആഗ്രഹം.

മുസ്‌ലിം ലീഗ് തരൂരിനെ പിന്തുണക്കുന്നുവെന്ന് വരുത്തി പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചവരും നിരാശരായി. ലീഗിന്റെ നിലപാട് തന്നെയാണ് തരൂരിന്റെകാര്യത്തില്‍ കെ.പി.സി.സിക്കും സതീശനുമുള്ളതെന്നാണ് കെ. സുധാകരന്‍കൂടി പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചതോടെ സ്ഥാപിക്കപ്പെട്ടത്.ഇനി എന്ത് പറഞ്ഞാണ് കോണ്‍ഗ്രസിലുംയു.ഡി.ഫിലും പ്രശ്‌നമുണ്ടെന്ന് വരുത്തുക എന്ന അടുത്ത ഗൂഢാലോചനയിലാണ് ഭരണക്കാരും ഒരുവിഭാഗം മാധ്യമങ്ങളും.
വെളുക്കാന്‍ തേച്ചത് പാണ്ടായെന്നോ വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റായെന്നോ എന്താണ ്‌വിശേഷിപ്പിക്കുക എന്ന ചിന്തയിലാണിക്കൂട്ടര്‍. ഗവര്‍ണറും സര്‍ക്കാരും സര്‍വകലാശാലകളും തമ്മിലുള്ള തര്‍ക്കവും റേഷന്‍കടയില്‍ അരികിട്ടാത്തതും വൈദ്യുതിച്ചാര്‍ജ് വര്‍ധനയും വിഴിഞ്ഞംസമരവും തിരു.കോര്‍പറേഷന്‍ അഴിമതിയും ബന്ധുനിയമനങ്ങളുമെല്ലാം മറയ്ക്കാനിനിയെന്തുവഴി!ഇതെല്ലാം മനസ്സിലാകാതിരിക്കാന്‍ തരൂരിന്റെ ഭാഷയില്‍ യു.ഡി.എഫുകാരെന്താ കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികളാണോ? !

Chandrika Web: