ഒരു പാവം കുട്ടിയെ മാനസികമായും ശാരീരികമായും തകര്‍ത്ത് മരണത്തിലേക്ക് തള്ളിയിട്ട ഒരാള്‍ ഒരു ദയവും അര്‍ഹിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ് ആത്മഹത്യ ചെയ്ത കേസില്‍ വിധി വന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിലനില്‍ക്കുന്ന നിയമം അനുസരിച്ച് നല്‍കാവുന്ന ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഈ വിധി നമുക്കെല്ലാം താക്കീതും പാഠവുമാക്കട്ടെ. പെണ്‍മക്കളെ ധൈര്യവതികളായി വളര്‍ത്താന്‍, നിര്‍ഭയരായി ജീവിക്കാന്‍ അവസരം ഒരുക്കുക. പണവും പണ്ടവും പറമ്പും ചോദിച്ചു വരുന്നവന് ഒരു കാരണവശാലും കല്യാണം കഴിപ്പിച്ച് കൊടുക്കരുതെന്ന് വി.ഡി സതീശന്‍ ഓര്‍മിപ്പിച്ചു.

വിവാഹ നിശ്ചയം കഴിഞ്ഞോ വിവാഹം കഴിഞ്ഞോ പെണ്‍കുട്ടിയെ അലോസരപ്പെടുത്തുന്നതോ പേടിപ്പിക്കുന്നതോ അപമാനിക്കുന്നതോ ആയ എന്തെങ്കിലും വരന്റെയോ കുടുംബത്തിന്റെയോ ഭാഗത്തു നിന്നുണ്ടായാല്‍ ഉടനടി ഇടപെട്ട് ഉചിതവും കൃത്യവുമായ നടപടി എടുക്കണം. വിസ്മയ എന്ന മകളുടെ ഓര്‍മ്മ ഓരോ പെണ്‍കുട്ടിക്കും സംരക്ഷണ കവചമാകണമെന്നും ഇതാവട്ടെ വിസ്മയക്ക് നല്‍കാവുന്ന ഏറ്റവും ഉചിതമായ ശ്രദ്ധാഞ്ജലിയെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. വിസ്മയയുടെ ഓര്‍മയ്ക്ക് മുന്നില്‍ പ്രണാമം, മാതാപിതാക്കളെയും സഹോദരനെയും ചേര്‍ത്ത് പിടിക്കുന്നു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍ എന്നിവര്‍ക്ക് അഭിനന്ദനമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ് ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം തടവാണ് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധി പുറപ്പെടുവിച്ചത്. പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.