india

കവര്‍ച്ചയ്ക്കെത്തിയ വീട്ടില്‍ മദ്യപിച്ച് ബിരിയാണി കഴിച്ചുറങ്ങിയ മോഷ്ടാവ് പിടിയില്‍

By webdesk11

February 18, 2023

തമിഴ്‌നാട്: അടച്ചിട്ട വീട്ടില്‍ കവര്‍ച്ചക്ക് എത്തിയ യുവാവ് പിടിയില്‍. കവര്‍ച്ച നടത്താന്‍ കയറിയ വീട്ടില്‍ മദ്യപിച്ച് ബിരിയാണി കഴിച്ചു ഉറങ്ങിയ കള്ളനാണ് പിടിയിലായത്. രാമനാഥപുരം സ്വദേശി സ്വാതിതിരുനാഥന്‍ (27) ആണ് പിടിയിലായത്.

വീടിന്റെ മേല്‍ക്കൂര തകര്‍ത്താണ് ഇയാള്‍ വീടിനകത്ത് എത്തിയത്. ശേഷം പാത്രങ്ങള്‍, ഫാനുകള്‍, വെള്ളി പാത്രങ്ങള്‍ തുടങ്ങിയവ കിടപ്പുമുറിയില്‍ കൂട്ടിയിട്ടു. ഇതിനിടയില്‍ ക്ഷീണം തോന്നിയതോടെ കയ്യില്‍ ഉണ്ടായിരുന്ന മദ്യവും ബിരിയാണിയും കഴിക്കുകയായിരുന്നു. ശേഷം മയക്കം വന്നപ്പോള്‍ ഉറങ്ങിപ്പോയി.

വീടിന്റെ ഓടുകള്‍ ഇളകിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസി വീടിന്റെ ഉടമസ്ഥനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീടുടമസ്ഥനും പൊലീസും എത്തി ഇയാളെ പിടികൂടി. പോലീസ് എത്തിയ സമയത്ത് ഇയാള്‍ കൂര്‍ക്കം വലിച്ച് ഉറക്കുകയായിരുന്നു.