പി. ഇസ്മായില്‍ വയനാട്

ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് നടന്ന മരംകൊള്ള സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകള്‍ കേരള ജനതയെ ഞെട്ടിക്കുന്നതാണ്. വയനാട്ടിലെ മുട്ടില്‍, തൃശൂരിലെ മലയാറ്റൂര്‍, എളനാട് എറണാകുളത്തെ കോടനാട്, ഇടുക്കിയിലെ കോതമംഗലം, മൂന്നാര്‍, പത്തനംതിട്ടയിലെ റാന്നി, കോന്നി, പുനലൂര്‍ എന്നീ റെയ്ഞ്ചുകള്‍ കേന്ദ്രീകരിച്ചാണ് 100 കോടിയുടെ തീവെട്ടിക്കൊള്ള നടന്നത്. വയനാട്ടില്‍ 101 ഉം തൃശൂരില്‍ 510 ഉം എറണാകുളത്ത് 600 ഉം ഇടുക്കിയില്‍ 590 ല്‍ കൂടുതല്‍ ഈട്ടി, തേക്ക് മരങ്ങള്‍ മുറിച്ചുകടത്തിയതായാണ് കണക്കാക്കപ്പെടുന്നത്.

1964ലെ കേരള ഭൂ പതിവ് ചട്ടങ്ങളില്‍ വെള്ളം ചേര്‍ത്താണ് മരംമുറിക്ക് വനം-റവന്യു ഉദ്യോഗസ്ഥരും വകുപ്പ് മന്ത്രിമാരും കളമൊരുക്കിയത്. ചട്ടപ്രകാരം ഓരോ സ്ഥലത്തുമുള്ള ഈട്ടി, തേക്ക്, ചന്ദനം, വെള്ള അകില്‍, തേമ്പാവ്, കമ്പകം, ചടച്ചി, ഇരൂള്‍, ചന്ദനവേമ്പാവ് തുടങ്ങിയവ രാജകീയ വൃക്ഷങ്ങളായി കണക്കാക്കിയും ഇതിന്റെ ഉടമാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയുമാണ് റവന്യു പട്ടയങ്ങള്‍ അനുവദിച്ചത്. ഭൂമി പതിച്ചുകിട്ടുന്ന സമയത്ത് വൃക്ഷ വില അടച്ച് റിസര്‍വ് ചെയ്ത ചന്ദനമരം ഒഴികെയുള്ള എല്ലാ മരങ്ങളും മുറിക്കാമെന്നും ഇതിന് ആരുടെയും അനുമതി വാങ്ങേണ്ടതില്ലന്നും മരംമുറിക്ക് തടസ്സംനില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി കൈകൊള്ളുമെന്നും ചീഫ് റവന്യു പ്രിന്‍സിപ്പള്‍ സെക്രട്ടറി ഡോ. എ. ജയതിലക് 2020 ഒക്ടോബര്‍ 24ന് ഇറക്കിയ ഉത്തരവിന്റെ മറപിടിച്ചാണ് നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള കൂറ്റന്‍ മരങ്ങള്‍ മുറിച്ചുമാറ്റിയത്. നിയമ നടപടികളെ കുറിച്ച് സാധാരണഗതിയില്‍ ഉത്തരവില്‍ പരാമര്‍ശമുണ്ടാവാറില്ല. എല്ലാ കീഴ്‌വഴക്കവും കീഴ്‌മേല്‍ മറിച്ചാണ് ഉത്തരവിറങ്ങിയത്. ഉത്തരവ്പ്രകാരം ചന്ദനം ഒഴികെ പട്ടയ ഉടമ നട്ടുവളര്‍ത്തിയതും പട്ടയഭൂമിയില്‍ റിസര്‍വായി നിലനില്‍ക്കുന്നതുമായ ഏത് മരവും ആര്‍ക്കും മുറിക്കാമെന്നായി. ഉത്തരവ് മരംകൊള്ളക്ക് സഹായകമാവുമെന്നും ഒട്ടേറെ അപാകതകളു ണ്ടെന്നും ജില്ലാകലക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിട്ടും വനം, റവന്യു വകുപ്പ് അധികൃതര്‍ തിരുത്താന്‍ തയ്യാറായില്ല.

നിയമസഭയിലടക്കം കോളിളക്കം സൃഷ്ടിച്ച മുട്ടില്‍ മരംമുറിക്കേസ് പുറംലോകമറിഞ്ഞത് ഉദ്യോഗസ്ഥരുടെ ജാഗ്രത കൊണ്ടായിരുന്നില്ല. മറിച്ച് പെരുമ്പാവൂരിലെ തടി മില്ലുടമകള്‍ക്ക് മര ക്കച്ചവടക്കാരുടെ പാസ് സംബന്ധിച്ച് സംശയം തോന്നിയതുകൊണ്ടും അവര്‍ വനം വകുപ്പ് അധികൃതര്‍ക്ക് വിവരം കൈമാറിയതുകൊണ്ടുമാണ് കോടികളുടെ മരംകടത്തിനെപറ്റി പുറംലോകം അറിഞ്ഞത്. ഉത്തരവ് ഇറങ്ങി മൂന്ന് മാസത്തിന്‌ശേഷം 2021 ഫെബ്രുവരി രണ്ടിനാണ് അത് റദ്ദ് ചെയ്തത്. കലക്ടര്‍മാരും റവന്യൂ വകുപ്പും ഉത്തരവ് പിന്‍വലിക്കുന്ന വിവരം അറിയും മുമ്പേ വിവരം ചോര്‍ത്തികൊടുത്ത് മുറിച്ചിട്ട മരങ്ങള്‍ കടത്തികൊണ്ടുപോകാന്‍ സഹായിച്ചതിന്റെ ചുരുളഴിയേണ്ടതുണ്ട്. മുറിച്ചിട്ട മരങ്ങള്‍ പിടിച്ചെടുക്കാന്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഉത്തരമേഖല, ദക്ഷിണമേഖല, മധ്യമേഖല, ഹൈറേഞ്ച് മേഖല സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം നടപ്പിലാക്കുന്നതില്‍ ആരാണ് തടസ്സംനിന്നത്? മുട്ടിലിലെ മരക്കച്ചവടക്കാര്‍ റെയ്ഞ്ച് ഓഫീസറെയും ഫോറസ്റ്റ് ഓഫീസറെയും 158 തവണ ഫോണില്‍ വിളിച്ചതെന്തിന്? കോഴിക്കോട്ടെ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ടി.കെ സാജന്‍ ഉത്തരവ് പിന്‍വലിച്ചതിന്‌ശേഷവും 50 തവണ പ്രതികളുമായി കണ്ടതും ആശയവിനിമയം നടത്തിയതും അവരുടെ വാഹനത്തില്‍ യാത്ര ചെയ്തതും എന്തിനായിരുന്നു? നിരക്ഷരരും നിരപരാധികളും മരക്കച്ചവടക്കാരുടെ ചൂഷണത്തിന് ഇരകളായിമാറുകയും ചെയ്ത മുട്ടിലിലെ ആദിവാസികളുടെയും കര്‍ഷകരുടെയും പേരില്‍ കേസ് ചുമത്തിയവര്‍ക്ക് ഇന്നോളം കച്ചവടക്കാരെ അറസ്റ്റ് ചെയ്യാന്‍ മടികാട്ടുന്നത് എന്ത് താല്‍പര്യത്തിന്റെ പേരിലാണ്? ഇങ്ങിനെ അനവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്.

മടിയില്‍ കനമില്ലങ്കില്‍ നിയമസഭയില്‍ പി.ടി തോമസ് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിക്കേണ്ട കാര്യമില്ലായിരുന്നു. കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായി മരം മാഫിയക്കാരും പ്രമുഖ ചാനല്‍ ഗ്രൂപ്പിന്റെ തലതൊട്ടപ്പനും വനംവകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചിട്ടും കൈകള്‍ ശുദ്ധമാണെങ്കില്‍ കോടതി മേല്‍നോട്ടത്തിനുള്ള അന്വേഷണത്തിന് ഉത്തരവിടാന്‍ എന്താണ് ഭയം? ഞാന്‍ മന്ത്രിയായ കാലത്തല്ലെന്നും മുമ്പ് നടന്ന സംഭവമാണെന്നും പറഞ്ഞ് രക്ഷപ്പെടാന്‍ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ ശ്രമിക്കുമ്പോള്‍ മുട്ടില്‍ മരംമുറിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥനെ വനം വിജിലന്‍സിന്റെ തലപ്പത്ത് കുടിയിരുത്താനായി ചരടുവലി നടത്തിയതും ശ്രമം പരാജയപ്പെട്ടതും ഭരണ തുടര്‍ച്ചയുടെ മധുവിധുനാളിലായിരുന്നു.

ജന്‍മാവകാശമുള്ള പട്ടയങ്ങളിലല്ലാതെ രാജകീയ മരങ്ങള്‍ മുറിക്കാന്‍ കഴിയില്ലെന്നകാര്യം മറച്ചുവെച്ചും നിയമം ഭേദഗതി ചെയ്യാതെ ഉത്തരവിറക്കിക്കാന്‍ മുഖ്യന്റെയോ ബന്ധപ്പെട്ട വകുപ്പ്മന്ത്രിമാരുടെയോ സമ്മതമില്ലാതെ ഉദ്യോഗസ്ഥനു സ്വന്തമായി കഴിയില്ലെന്ന് ആര്‍ക്കുമറിയുന്ന കാര്യമാണ്. സ്വന്തം പറമ്പിലെ രാജകീയ വൃക്ഷത്തിന് നേരെ കണ്ണോടിച്ചാല്‍ പോലും പാവങ്ങളെ അഴികള്‍ക്കുള്ളിലെത്തിക്കാന്‍ കാണിക്കുന്ന ആവേശത്തിന്റെ നൂറിലൊരംശം കാണിച്ചാല്‍ പശ്ചിമഘട്ടത്തിലെ ആവാസ വ്യവസ്ഥക്കും സസ്യ സമ്പത്തിനും നേരെ കോടാലി നീട്ടിയവരെ പിടികൂടാന്‍ കഴിയും. കടും വെട്ടുകാര്‍ക്ക് മാതൃകാപരമായി ശിക്ഷ ഉറപ്പാക്കുന്നതോടൊപ്പം ഇത്തരം കൊള്ളകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ റെയ്ഞ്ച് അടിസ്ഥാനത്തില്‍ സംരക്ഷിത മരങ്ങള്‍ എണ്ണി തിട്ടപ്പെടുത്താനും കഴിയേണ്ടതുണ്ട്.