അസാധുവാക്കിയ 500, 1000 നോട്ടുകള്‍ മൂന്നു ദിവസം കൂടി ഉപയോഗിക്കാന്‍ ഉത്തരവായി. അവശ്യസേവനങ്ങള്‍ക്കായി അസാധു നോട്ടുകള്‍ ഉപയോഗിക്കാനുള്ള ഇളവാണ് 72 മണിക്കൂര്‍ കൂടി നീട്ടിയത്. നേരത്തേ ഇളവു നല്‍കിയ മേഖലകളില്‍ മാത്രമാണ് ഇളവ് ബാധകം.

500, 1000 നോട്ടുകള്‍ക്ക് നിരോധനം നിലവില്‍ വന്ന ശേഷം ആവശ്യസാധനങ്ങള്‍ക്ക് ഉപയോഗിക്കാനായി 72 മണിക്കൂര്‍ നേരമായിരുന്നു സര്‍ക്കാര്‍ നല്‍കിയത്. റയില്‍വേയും കെഎസ്ആര്‍ടിസി, പെട്രോള്‍ പമ്പുകള്‍, പാല്‍ ബൂത്തുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ ഫാര്‍മസികള്‍, വിമാനത്താവളങ്ങള്‍, ശ്മശാനങ്ങള്‍ എന്നിവിടങ്ങളിലാണ് ഇവ സ്വീകരിക്കുക. അതേസമയം, ദേശീയപാതകളിലെ ടോള്‍ പിരിവ് പിന്‍വലിച്ചത് തിങ്കളാഴ്ച വരെ നീട്ടി. നവംബര്‍ 11 വരെ പഴയ കറന്‍സി എടുക്കുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. ഈ ഇളവാണിപ്പോള്‍ 72 മണിക്കൂര്‍ കൂടി ഇളവ് നല്‍കി നവംബര്‍ 14 വരെ നീട്ടിയത്.