തിരുവനന്തപുരം: ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന പൊലീസ് ആക്ട് ഭേദഗതി സര്‍ക്കാറിന് പിന്‍വലിക്കേണ്ടി വന്നത് വന്‍ പ്രതിഷേധത്തെ തുടര്‍ന്ന്. തന്റെ സ്റ്റാലിനിസ്റ്റ് മുഖം പുറത്തെടുക്കാനായിരുന്നു പുതിയ ഭേദഗതിയിലൂടെ പിണറായി ശ്രമിച്ചത്. എന്നാല്‍ കേരളം ഒറ്റക്കെട്ടായി നിയമത്തിനെതിരെ രംഗത്ത് വന്നതോടെ ഓര്‍ഡിനന്‍സ് മരവിപ്പിച്ച് പിണറായി രക്ഷപ്പെടുകയായിരുന്നു.

ഏതൊരു പരാമര്‍ശവും അപകീര്‍ത്തികരമെന്നാരോപിച്ച് പൊലീസിന് സ്വമേധയാ കേസെടുക്കാന്‍ അവസരം കൊടുക്കുന്നതാണ് 118 എ വകുപ്പ്. സര്‍ക്കാറിനെതിരെയും സിപിഎമ്മിനെതിരെയും എല്ലാത്തിനും അപ്പുറം പിണറായി എന്ന വ്യക്തിക്കെതിരെയും ഉണ്ടാവുന്ന വിമര്‍ശനങ്ങളെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് സര്‍ക്കാര്‍ ഈ ഭേദഗതി കൊണ്ടുവന്നത്. സര്‍ക്കാറിനെ വിമര്‍ശിക്കുന്നതിന് മുമ്പ് ആരും ഒരു തവണ ആലോചിക്കും എന്നതാണ് ഈ നിയമത്തിന്റെ പ്രത്യേകത. മാധ്യമങ്ങളെക്കൂടി നിശബ്ദമാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടായിരുന്നു പിണറായി ഇത് കൊണ്ടുവന്നത്.

കളവ് പ്രചരിപ്പിക്കാതിരുന്നാല്‍ പോരെ എന്നായിരുന്നു ഇന്നലെ നിയമത്തെ ന്യായീകരിച്ചുകൊണ്ട് സിപിഎം പ്രവര്‍ത്തകരുടെ വാദം. എന്നാല്‍ ഇന്ന് നിയമം പിന്‍വലിച്ചതോടെ പുതിയ ക്യാപ്‌സൂള്‍ വന്നു. പിണറായി സര്‍ക്കാറിന്റെ ധീരമായ തീരുമാനം എന്നായി. സര്‍ക്കാര്‍ ആലോചിച്ച് കൊണ്ടുവന്ന ഒരു ഓര്‍ഡിനന്‍സ് പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി പിന്‍വലിച്ചാലും അത് ധീരമെന്നാണ് സഖാക്കളുടെ വാഴ്ത്തുപാട്ട്.