പാലക്കാട്: വടക്കഞ്ചേരിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ ഉറപ്പായത്.
കഴിഞ്ഞ ദിവസമാണ് പുളിമ്പറമ്പ് വിശാലത്തെ (55) തെരുവ് നായ ആക്രമിച്ചത്. വീട്ടിന് മുന്‍വശത്തെ ചായ്പ്പില്‍ കട്ടിലില്‍ കിടക്കുമ്പോഴായിരുന്നു സംഭവം. കയ്യില്‍ മാംസം പുറത്തുവരുന്ന തരത്തില്‍ ഗുരുതരമായി പരിക്കേറ്റ വിശാലത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത് കമ്മാന്തറയിലെ ഒരു പശുക്കുട്ടിക്കും പേവിഷബാധയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി പശുക്കുട്ടിക്ക് പനിയുണ്ടായതും ഭക്ഷണം കഴിക്കാത്തതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വടക്കഞ്ചേരി വെറ്റിനറി സര്‍ജന്‍ പി. ശ്രീദേവി പരിശോധന നടത്തി.
പശുക്കുട്ടിയിലും പേവിഷബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടാകാമെന്ന് സംശയിക്കുന്നതായി ഡോക്ടര്‍ അറിയിച്ചു. പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍, തെരുവ് നായയുടെ കടിയേല്‍ക്കുകയോ സമ്പര്‍ക്കത്തിലായിരിക്കുകയും ചെയ്തവര്‍ ഉടന്‍ ചികിത്സ തേടണം എന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.