kerala

കാട്ടുപന്നി റോഡ് കുറുകെ ചാടി: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു

By webdesk18

November 09, 2025

പാലക്കാട്: കാട്ടുപന്നി റോഡ് കുറുകെ ചാടിയതിനെ തുടര്‍ന്ന് പാലക്കാട്ട് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് അപകടത്തില്‍ മൂന്നു യുവാക്കള്‍ മരിച്ചു. പാലക്കാട് സ്വദേശികളായ രോഹന്‍ രഞ്ജിത് (24), രോഹന്‍ സന്തോഷ് (22), സനൂജ് (19) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഋഷി (24), ജിതിന്‍ (21), സഞ്ജീവന്‍ എന്നിവര്‍ക്ക് പരിക്കേറ്റു.

അപകടം ഇന്നലെ രാത്രി 11 മണിയോടെയാണ് നടന്നത്. ചിറ്റൂരില്‍ നിന്ന് മടങ്ങിവരവേ കൊടുമ്പ് കല്ലിങ്കല്‍ ജംഗ്ഷനിലാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് വാഹനം മരത്തിലിടിച്ച് വയലിലേക്ക് മറിഞ്ഞു.

കാട്ടുപന്നി റോഡ് കുറുകെ ചാടിയതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. കാറില്‍ മുന്നിലിരുന്ന രണ്ടുപേരും പിറകിലുണ്ടായിരുന്ന ഒരാളുമാണ് രക്ഷപ്പെട്ടത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. വാഹനം വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.