Connect with us

kerala

പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ മരണം; പ്രധാനാധ്യപികയുടെ സസ്പെന്‍ഷന്‍ നീക്കി; കുടുംബം രംഗത്ത്

അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രധാനധ്യാപികയും മറ്റ് ആരോപണവിധേയരായ അധ്യാപകരെയും സ്‌കൂളില്‍ പ്രവേശിപ്പിക്കരുതെന്നാവശ്യവുമായി കുടുംബം ഡിഡിഇക്ക് പരാതി നല്‍കി.

Published

on

പാലക്കാട്: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജുന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സസ്പെന്‍ഷനിലായിരുന്ന കണ്ണാടി ഹൈസ്‌കൂള്‍ പ്രധാനധ്യാപിക യു.ലിസിയിക്കെതിരായ നടപടി സ്‌കൂള്‍ മാനേജ്മെന്റ് പിന്‍വലിച്ചു. ഇതോടെ പ്രധാനധ്യാപിക വീണ്ടും ചുമതലയേറ്റു. എന്നാല്‍ പ്രധാനധ്യാപികയെ തിരിച്ചെടുത്തത് അന്വേഷണത്തെ ബാധിക്കുമെന്നാരോപിച്ച് അര്‍ജുന്റെ കുടുംബം ശക്തമായി പ്രതികരിച്ചു. സാക്ഷികളായ മറ്റു വിദ്യാര്‍ത്ഥികളെ സ്വാധീനിക്കാനുള്ള ശ്രമമെന്നാണവര്‍ ആരോപിച്ചത്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രധാനധ്യാപികയും മറ്റ് ആരോപണവിധേയരായ അധ്യാപകരെയും സ്‌കൂളില്‍ പ്രവേശിപ്പിക്കരുതെന്നാവശ്യവുമായി കുടുംബം ഡിഡിഇക്ക് പരാതി നല്‍കി. കേസില്‍ ആരോപണവിധേയയായ ക്ലാസ് അധ്യാപിക ടി.ആശ സസ്പെന്‍ഷനില്‍ തുടരുകയാണ്. ഇന്‍സ്റ്റാഗ്രമിലൂടെ കുട്ടികള്‍ തമ്മില്‍ നടത്തിയ സന്ദേശവിനിമയവുമായി ബന്ധപ്പെട്ട വിവാദത്തിശേഷം അര്‍ജുനെ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. സംഭവത്തിന് പിന്നാലെ സഹപാഠികളും ക്ലാസില്‍ പ്രവേശനം നിരസിച്ച് പ്രതിഷേധം നടത്തിയിരുന്നു. ഒക്ടോബര്‍ 14-ന് പല്ലഞ്ചാത്തനൂര്‍ പൊള്ളപ്പാടം ചരലംപറമ്പ് സ്വദേശി ബി.ജയകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ (14) ആണ് ആത്മഹത്യ ചെയ്തത്. കുഴല്‍മന്ദം പൊലീസ് അന്വേഷണം തുടരുകയാണ്. കുടുംബം ആവശ്യപ്പെട്ടിരിക്കുന്നതുപോലെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സ്‌കൂളില്‍ കാര്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending