സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് 12 വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ അകലെ കുശിനഗറില്‍ ഇന്നു രാവിലെയാണ് അപകടമുണ്ടായത്. എട്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇവരുടെ നില അതീവ ഗുരുതരമാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു.

ഡിവൈന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.
കുശിനഗര്‍ നഗരത്തിന് സമീപം ദുധിയിലെ ലെവല്‍ക്രോസിലാണ് സംഭവം. ആളില്ലാത്ത ലെവല്‍ക്രോസില്‍ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് ട്രെയിന്‍ ബസിനെ ഇടിച്ചു തെറിപ്പിച്ചത്. ബസില്‍ മുപ്പതോളം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു.

മരിച്ച കുട്ടികളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഗോരഖ്പൂര്‍ ജില്ലാ പൊലീസ് കമ്മീഷണറെ നിയോഗിച്ചതായും യോഗി പറഞ്ഞു.