കൊല്ലം: കൊല്ലം ജില്ലയിലെ ഓച്ചിറിയില്‍ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി. വഴിയോരക്കച്ചവടക്കാരായ രാജസ്ഥാന്‍ സ്വദേശികളുടെ മകളെയാണ് തട്ടിക്കൊണ്ട് പോയത്. ഇന്നലെയാണ് സംഭവം.

ഓച്ചിറ വലിയകുളങ്ങര പ്രദേശത്ത് വഴിയോരക്കച്ചവടം നടത്തുന്നവരാണ് മാതാപിതാക്കള്‍. ഇന്നലെ രാത്രി 11 മണിക്ക് ഒരു സംഘമാളുകള്‍ ഇവര്‍ താമസിക്കുന്ന ഷെഡ്ഡില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ചപ്പോള്‍ ഇവരെ മര്‍ദ്ദിച്ചു. അവശരാക്കി വഴിയില്‍ത്തള്ളിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ പൊലീസുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസ് സ്‌റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം ആരംഭിച്ചത്.

കൊല്ലം എ.സി.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍ പെണ്‍കുട്ടി ഇപ്പോള്‍ എവിടെയുണ്ടെന്നതുള്‍പ്പടെ കൃത്യമായ ഒരു വിവരവും ഇനിയും പൊലീസിന് കിട്ടിയിട്ടില്ല.