ന്യൂഡല്‍ഹി: 14 രൂപത്തിലുമുള്ള 10 രൂപ നാണയങ്ങള്‍ക്ക് മൂല്യമുണ്ടെന്നും ഇവ പിന്‍വലിച്ചിട്ടില്ലെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിശദീകരണം. സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ സവിശേഷതകള്‍ ഉള്‍കൊള്ളുന്നതാണ് ഓരോ നാണയങ്ങളും. ഇവയുടെ ലീഗല്‍ ടെണ്ടര്‍ സ്റ്റാറ്റസ് പിന്‍വലിച്ചുവെന്നത് ഊഹാപോഹങ്ങള്‍ മാത്രമാണ്. അതിന് അടിസ്ഥാനമില്ലെന്നും ആര്‍.ബി.ഐ വിശദീകരിച്ചു. എല്ലാ ബ്രാഞ്ചുകളിലും നാണയങ്ങള്‍ സ്വീകരിക്കണമെന്നും കൈമാറ്റം ചെയ്യണമെന്നും ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നിര്‍ദേശം നല്‍കി. വ്യാജ പ്രചരണങ്ങളെതുടര്‍ന്ന് ചിലയിടങ്ങളില്‍ വ്യാപാരികളും പൊതുജനങ്ങളും ബാങ്കുകളും 10 രൂപ നാണയങ്ങള്‍ ക്രയവിക്രയം ചെയ്യാന്‍ മടി കാണിക്കുന്നുണ്ടെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്ക് വിശദീകരണം.