ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 15കാരിയെ മഴു കൊണ്ട് വെട്ടിക്കൊന്നു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷമാണ് കൊന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ ബന്ധുവായ നാലുവയസുകാരിയെയും അജ്ഞാതര്‍ ആക്രമിച്ചതായി പൊലീസ് പറയുന്നു.

ചിത്രക്കൂട്ടില്‍ വ്യാഴാഴ്ചയാണ് സംഭവം. കൃഷിയിടത്തില്‍ അച്ഛന് ഭക്ഷണം നല്‍കിയ ശേഷം വീട്ടിലേക്ക് തിരികെ വരുന്നതിനിടെയാണ് സംഭവം നടന്നത്. ഗ്രാമത്തില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മഴു ഉപയോഗിച്ച് വെട്ടിക്കൊന്ന നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടിയുടെ ബന്ധുവും അജ്ഞാതരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. കൊലപാതകത്തിന് മുന്‍പ് 15കാരി ബലാത്സംഗത്തിന് ഇരയായതായി ബന്ധുക്കള്‍ ആരോപിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളുവെന്ന് പൊലീസ് വ്യക്തമാക്കി.