ചെന്നൈ: ചെന്നൈയില്‍ പതിനൊന്നുകാരിയെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് 17 അംഗ സംഘം പീഡിപ്പിച്ചത് പ്രസവ സമയത്ത് സ്ത്രീകള്‍ക്ക് നല്‍കുന്ന മയക്കുമരുന്ന് നല്‍കിയെന്ന് റിപ്പോര്‍ട്ട്. അപ്പാര്‍ട്ട്‌മെന്റിലെ സുരക്ഷാ ഗാര്‍ഡും സുഹൃത്തുക്കളും ചേര്‍ന്നാണ് മയക്കുമരുന്ന് നല്‍കി കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

സുരക്ഷാ ഗാര്‍ഡ് നേരത്തെ ഒരു സ്വകാര്യ ആസ്്പത്രിയില്‍ സുരക്ഷാ ജീവനക്കാരനായി പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് പെണ്‍കുട്ടിക്ക് മയക്കുമരുന്ന് കുത്തിവെച്ചത്. 17 പേരടങ്ങിയ സംഘം വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. മയക്കു മരുന്ന് കുത്തിവെക്കാന്‍ ഉപയോഗിച്ച സിറിഞ്ച് പൊലീസ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കണ്ടെടുത്തു.

സുരക്ഷാ ഗാര്‍ഡിനെ കൂടാതെ അപ്പാര്‍ട്ട്‌മെന്റിലെ പ്ലംബര്‍, ഇലക്ട്രീഷ്യന്‍, ലിഫ്റ്റ് ഓപ്പറേറ്റര്‍, അറ്റകുറ്റപണി നടത്തുന്ന ജീവനക്കാരന്‍ തുടങ്ങിയവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. 66കാരനായ ലിഫ്റ്റ് ഓപ്പറേറ്ററാണ് കുട്ടിക്കെതിരെ ആദ്യം ആക്രമണം നടത്തിയത്. തുടര്‍ന്ന് മറ്റുള്ളവര്‍ക്കായി കുട്ടിയെ കാഴ്ചവെക്കുകയും പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നുവെന്ന്് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടി തന്റെ മൂത്ത സഹോദരിയോട് കാര്യങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെ 17 പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ ജൂലൈ 31 വരെ കോടതി റിമാന്റ് ചെയ്തിരിക്കുകയാണ്.