ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ക്ക് ദാരുണാന്ത്യം. മരണപ്പെട്ടവരില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു. പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാ കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ യാത്രക്കാര്‍ ട്രെയിനുകളില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ തിരക്കാണ് അപകടകാരണം.
1520 മിനിറ്റിനുള്ളില്‍ നൂറുകണക്കിന് യാത്രക്കാര്‍ 13, 14 പ്ലാറ്റ്‌ഫോമുകളില്‍ പെട്ടെന്ന് തടിച്ചുകൂടിയതിനെ തുടര്‍ന്നാണ് സംഭവം. തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടന്‍ തന്നെ എല്‍.എന്‍.ജെ.പി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രയാഗ്‌രാജിലേക്ക് പോകുന്ന സ്വതന്ത്ര സേനാനി എക്‌സ്പ്രസും ഭുവനേശ്വര്‍ രാജധാനി എക്‌സ്പ്രസും വൈകിയതിനാല്‍ ഈ ട്രെയിനുകളിലെ യാത്രക്കാര്‍ 12, 13, 14 പ്ലാറ്റ്‌ഫോമുകളില്‍ ഉണ്ടായിരുന്നു. പിന്നാലെ എത്തിയ പ്രയാഗ്‌രാജ് എക്‌സ്പ്രസ് ട്രെയിന്‍ 14ാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എത്തിയതോടെ ജനക്കൂട്ടം ഇതില്‍ കയറാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്.
1500 ജനറല്‍ ടിക്കറ്റുകള്‍ വിറ്റുപോയതായി വിവരം ലഭിച്ചുവെന്നും അതുകൊണ്ടാണ് ജനക്കൂട്ടം നിയന്ത്രണാതീതമായതെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ റെയില്‍വേ, കെ.പി.എസ് മല്‍ഹോത്ര പറഞ്ഞു. സ്‌റ്റേഷനിലെ വലിയ തിരക്ക് കാരണം നിരവധി യാത്രക്കാര്‍ ശ്വാസംമുട്ടി ബോധരഹിതരായി വീണുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സംഭവം നടന്നയുടന്‍ ഡല്‍ഹി പൊലീസും ആര്‍.പി.എഫും സ്ഥലത്തെത്തി പരിക്കേറ്റവരെ ലോക് നായക് ജയ് പ്രകാശ് (എല്‍.എന്‍.ജെ.പി) ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ‘ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ ഉണ്ടായയ തിക്കിലും തിരക്കിലും ദുഃഖിതനാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരോടും ഒപ്പം ഞാനും പങ്കുചേരുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഈ തിക്കിലും തിരക്കിലും പെട്ട എല്ലാവരെയും അധികാരികള്‍ സഹായിക്കും,’ അദ്ദേഹം എക്‌സിലെ പോസ്റ്റില്‍ എഴുതി.
സംഭവത്തില്‍ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി മര്‍ലേന എത്തി. ‘മഹാകുംഭത്തിന് യാത്ര ചെയ്യുന്ന ഭക്തര്‍ക്ക് ഇത്തരമൊരു അപകടം ഉണ്ടായത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. കേന്ദ്ര സര്‍ക്കാരിനോ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോ ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയില്ല. പ്രയാഗ്‌രാജില്‍ ശരിയായ ക്രമീകരണങ്ങളില്ല, വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഭക്തര്‍ക്ക് മതിയായ ഗതാഗത സൗകര്യങ്ങളുമില്ല,’ അതിഷി എക്‌സില്‍ പോസ്റ്റ് ചെയ്തു.