തിരുവനന്തപുരം രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ഇന്ന് കേരളം കര്‍ണാടകയെ നേരിടും. തിരുവനന്തപുരം മംഗലപുരത്തെ കെ.സി.എ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഈ സീസണില്‍ കേരളത്തിന്റെ മൂന്നാമത്തെ മത്സരമാണിത്. ആദ്യ മത്സരത്തില്‍ മഹാരാഷ്ട്രയ്ക്കും രണ്ടാം മത്സരത്തില്‍ പഞ്ചാബിനുമെതിരെ കേരളം ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങേണ്ടി വന്നിരുന്നു. അതിനാല്‍ മികച്ച തിരിച്ചുവരവിനായാണ് കേരളം ഇന്ന് ഇറങ്ങുന്നത്.
ഇതുവരെ രണ്ടു മത്സരങ്ങളില്‍ നിന്നും കേരളം നേടിയിരിക്കുന്നത് വെറും രണ്ട് പോയിന്റ് മാത്രമാണ്. അതിനാല്‍ കര്‍ണാടകക്കെതിരായ മത്സരം നിര്‍ണായകമാകുന്നു.
മത്സരത്തിന് മുന്നോടിയായി ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ് പുറത്തായ സല്മാന് നിസാറിനെയും, പഞ്ചാബിനെതിരെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത വത്സല്‍ ഗോവിന്ദിനെയും ഈ മത്സരത്തിന് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ പങ്കെടുക്കുന്നതിനാല്‍ ടീമിന്റെ മുഖ്യ താരം സഞ്ജു സാംസണും ലഭ്യമല്ല.
കേരളത്തിന് മികച്ച പ്രകടനം കാഴ്ചവെച്ച് സീസണിലെ ആദ്യ വിജയം സ്വന്തമാക്കാനാണ് ലക്ഷ്യം.