മലപ്പുറം: സമൂഹത്തെ കാർന്ന് തിന്നുന്ന ക്യാൻസറായി മാറിയ ലഹരിയെ തുടച്ച് നീക്കാൻ യുവത ഉണരണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം പഞ്ചായത്ത് കേന്ദ്രങ്ങളിൽ നടക്കുന്ന, ലഹരിക്കെതിരെ വൺ മില്യൺ ഷൂട്ടും പ്രതിജ്ഞയുടെയും സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത് ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളുടെ പിന്നിലെല്ലാം ലഹരിക്ക് പ്രധാന പങ്കുണ്ട്. മാതാപിതാക്കളെ പോലും വെട്ടിക്കൊലപ്പെടുത്തുന്ന ഞെട്ടിക്കുന്ന വാർത്തകളാണ് അടുത്ത ദിവസങ്ങളിലായി പുറത്ത് വന്ന് കൊണ്ടിരിക്കുന്നതെന്നും ഫിറോസ് കൂട്ടിച്ചേർത്തു. കലാലയങ്ങളെ ലക്ഷ്യമാക്കി ഇടപെടൽ നടത്തുന്ന ലഹരി മാഫിയക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നതിന് യുവക്കൾ മുന്നോട്ടു വരണം. സമൂഹത്തെ തകർക്കുന്ന ലഹരിക്കെതിരെ ജനമനസ്സുകളെ ഉണർത്താനാണ് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലങ്ങളിൽ വൺ മില്യൺ ഷൂട്ട് നടത്തുന്നതെന്ന് ഫിറോസ് വ്യക്തമാക്കി.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് കാടേരി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുസ്‌ലിം ലീഗ് ദേശീയ അസി. സെക്രട്ടറി സി കെ സുബൈർ, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു , സംസ്ഥാന വൈസ് പ്രസിഡണ്ട് ഫൈസൽ ബാഫഖി തങ്ങൾ, മലപ്പുറം ജില്ലാ പ്രസിഡണ്ട് ശരീഫ് കുറ്റൂർ, ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ്, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി. വി അഹമ്മദ് സാജു, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ, ബാവ വിസപ്പടി, ഗുലാം ഹസ്സൻ ആലംഗീർ, എൻ.കെ അഫ്സൽറഹ്മാൻ, കുരിക്കൾ മുനീർ, ജില്ല ഭാരവാഹികളായ സലാം ആതവനാട്, ഐപി ജലീല്‍, കെ എം അലി, ഷെരീഫ് വടക്കയില്‍, ടി.പി ഹാരിസ് , കെ.സി ശിഹാബ് , സി അസീസ്, യൂസുഫ് വല്ലാഞ്ചിറ , നിസാജ് ഇടപ്പറ്റ തുടങ്ങിയവർ പങ്കെടുത്തു.