india

മുംബൈയില്‍ ട്രാക്കിലൂടെ നടക്കുകയായിരുന്ന യാത്രക്കാരെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ച് 2 മരണം

By webdesk17

November 07, 2025

മുംബൈയില്‍ ട്രാക്കിലൂടെ നടക്കുകയായിരുന്ന യാത്രക്കാരെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ച് 2 മരണം. 3 പേര്‍ക്ക് പരുക്ക്. സാന്‍ഡ്ഹേഴ്സ്റ്റ് സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. ഇന്നലെ വൈകുന്നേരം സെന്‍ട്രല്‍ റെയില്‍വേ ഗതാഗതം പെട്ടെന്ന് നിര്‍ത്തിവച്ചതാണ് അപകടത്തിന് കാരണമായത്. ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കാതെ ചില യാത്രക്കാര്‍ ട്രാക്കിലൂടെ നടക്കാന്‍ തീരുമാനിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്.

യാത്രക്കാരുടെ തിരക്കിനിടെ ഗതാഗതം പൂര്‍ണമായും നിര്‍ത്തി വെച്ചിരുന്നു. മുംബൈ ലോക്കല്‍ ട്രെയിന്‍ അപകട കേസില്‍ രണ്ട് എഞ്ചിനീയര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ റെയില്‍വേ ജീവനക്കാരുടെ സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ്് അപകടം. വൈകുന്നേരം 5:40 ഓടെ ആരംഭിച്ച പ്രതിഷേധം 6:40 വരെ തുടര്‍ന്നു.

സെന്‍ട്രല്‍, ഹാര്‍ബര്‍ റെയില്‍വേകളിലെ ഗതാഗതം പ്രതിഷേധത്തിനിടെ പൂര്‍ണമായും നിര്‍ത്തിവച്ചിരുന്നു. പ്രക്ഷോഭത്തിനു പിന്നാലെ സെന്‍ട്രല്‍ റെയില്‍വേയിലും ഹാര്‍ബര്‍ റെയില്‍വേയിലും ഗതാഗതം തടസ്സപ്പെട്ടു. ഇതുമൂലം സിഎസ്എംടി, ദാദര്‍, താനെ, കുര്‍ള, ഘാട്കോപ്പര്‍ തുടങ്ങിയ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.