Connect with us

crime

യു.പിയില്‍ 2 മുസ്‌ലിം പുരോഹിതന്മാര്‍ കൂടി കൊല്ലപ്പെട്ടു; ഒരാഴ്ചക്കിടെ നടക്കുന്ന മൂന്നാമത്തെ കൊലപാതകം

ഉത്തര്‍പ്രദേശിലെ മൊറാദാബാദ്, ഷാംലി എന്നീ രണ്ട് ജില്ലകളിലാണ് ജൂണ്‍ 11 ന് രണ്ട് ഇസ്ലാമിക പുരോഹിതന്മാര്‍ കൊല്ലപ്പെടുന്നത്

Published

on

യു.പിയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ കൊല്ലപ്പെട്ടത് 3 മുസ്ലിം പുരോഹിതന്മാര്‍. യു.പിയിലെ പ്രതാപ്ഗഡില്‍ ജൂണ്‍ എട്ടിന് ജമിഅത്ത് ഉലമ-ഇ-ഹിന്ദ് പുരോഹിതന്റെ കൊലപാതകം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മറ്റ് രണ്ട് കൊലപാതകങ്ങള്‍ കൂടി നടക്കുന്നത്. എന്നാല്‍ മൂന്ന് കൊലപാതകങ്ങള്‍ തമ്മിലും ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.

ഉത്തര്‍പ്രദേശിലെ മൊറാദാബാദ്, ഷാംലി എന്നീ രണ്ട് ജില്ലകളിലാണ് ജൂണ്‍ 11 ന് രണ്ട് ഇസ്ലാമിക പുരോഹിതന്മാര്‍ കൊല്ലപ്പെടുന്നത്.മൊറാദാബാദില്‍ വെടിയേറ്റാണ് പുരോഹിതന്‍ കൊല്ലപ്പെട്ടത്. വീടിന് സമീപത്തുവെച്ചായിരുന്നു വെടിയേറ്റത്. ഷാംലിയിലെ പുരോഹിതനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

മൊറാദാബാദിലെ ബെന്‍സിയ ഗ്രാമത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മൗലാന മുഹമ്മദ് അക്രത്തിന്റെ മൃതദേഹം വീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 40 കാരനായ മൗലാന അക്രം കഴിഞ്ഞ 15 വര്‍ഷമായി ബെന്‍സിയ ഗ്രാമത്തിലെ പ്രാദേശിക മസ്ജിദിന്റെ ഇമാമായിരുന്നു.

ചൊവ്വാഴ്ച രാവിലെയുള്ള നമസ്‌കാരത്തിന് മൗലാന അക്രം എത്താത്തത് കണ്ട് പരിസരവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നെഞ്ചില്‍ വെടിയേറ്റ നിലയിലാണ് മൃതദേഹം. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ഏതാനും മീറ്ററുകള്‍ അകലെയുള്ള കെട്ടിടത്തിലാണ് മൃതദേഹം ഉണ്ടായിരുന്നത്.

മൗലാന അക്രത്തിന്റെ മൃതദേഹം ആദ്യം കണ്ടത് തന്റെ ഭാര്യയാണെന്ന് അയല്‍വാസിയായ യൂസഫ് പറഞ്ഞു. ‘പുലര്‍ച്ചെ 5:15 നാണ് കെട്ടിടത്തിന് സമീപത്തായി ഒരാള്‍ തറയില്‍ വീണ് കിടക്കുന്നത് എന്റെ ഭാര്യ കണ്ടത്. അവള്‍ വന്ന് എന്നോട് കാര്യം പറഞ്ഞു. ഞാന്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് അത് മൗലാനയാണെന്ന് മനസിലായത്,’ യൂസഫ് പറഞ്ഞു.

മൗലാനയെ ആരെങ്കിലും രാത്രി വൈകി ഫോണില്‍ വിളിച്ച് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടതാകാമെന്ന് പൊലീസ് പറഞ്ഞു. ‘മൗലാന അക്രം അയാളുടെ വീടിനടുത്ത് തന്നെയാണ് വെടിയേറ്റുവീണത്. മൃതദേഹം ഞങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.. രാത്രിയില്‍ ആരോ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് പുറത്തേക്ക് വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശേഷം വെടിവെച്ചു. സംഭവത്തില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല,’ സിറ്റി പൊലീസ് സൂപ്രണ്ട് അഖിലേഷ് ബദോറിയ പറഞ്ഞു.

‘അദ്ദേഹം 15 വര്‍ഷമായി ഈ പള്ളിയുടെ ഇമാമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. രാംപൂര്‍ സ്വദേശിയായ അദ്ദേഹം ഇമാമായാണ് ഇവിടേക്ക് എത്തിയത്. അദ്ദേഹവുമായി ആര്‍ക്കും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഈ സംഭവം ഞങ്ങളെ ഞെട്ടിപ്പിക്കുന്നതാണ്,’ ഗ്രാമ പ്രധാന് മുഹമ്മദ് ജബ്ബാര്‍ പറഞ്ഞു. ഭാര്യയും ആറ് മക്കളും അടങ്ങുന്നതാണ് മൗലാനയുടെ കുടുംബം.

അതേസമയം ഷാംലി ജില്ലയിലെ മുസ്ലിം പുരോഹിതനായ ഫസ്ലുര്‍ റഹ്മാന്റെ മൃതദേഹം തലയറുത്ത നിലയില്‍ വനപ്രദേശത്താണ് കണ്ടെത്തിയത്. 58 കാരനായ ഇമാമിന്റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ ജിന്‍ഝാനയ്ക്ക് സമീപമുള്ള ബല്ലാ മജ്ര ഗ്രാമത്തിലെ കാട്ടില്‍ നിന്ന് കണ്ടെത്തിയെന്നാണ് പൊലീസ് പറഞ്ഞത്.

ഇയാളുടെ മകനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ‘ശരീരത്തില്‍ നിന്നും തല വെട്ടിമാറ്റിയ നിലയിലായിരുന്നു. 500 മീറ്റര്‍ അകലെയാണ് ശരീരഭാഗങ്ങള്‍ ഉണ്ടായിരുന്നത്.’ഷാംലി എസ്.പി അഭിഷേക് ഝാ പറഞ്ഞു. അതേസമയം ഇമാമിന്റെ മകന് കൊലപാതകത്തില്‍ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്ന ആളാണ് ഇദ്ദേഹത്തിന്റെ മകനെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

പ്രതാപ്ഗഡിലെ ജാമിയത്ത് ഉലമ-ഇ-ഹിന്ദ് ജനറല്‍ സെക്രട്ടറിയും പുരോഹിതനുമായ മൗലാന ഫാറൂഖ് (67) ജൂണ്‍ 8 ശനിയാഴ്ച സോന്‍പൂര്‍ ഗ്രാമത്തില്‍ വെച്ചാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നെലായായിരുന്നു ആക്രമണം. ആ കേസിലും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

യു.പിയിലും ഉത്തരാഖണ്ഡിലും അക്രമം അഴിച്ചുവിട്ട് കൻവാർ തീർത്ഥാടകർ; കാർ തല്ലിതകർത്തു

കാര്‍ തങ്ങളെ കടന്ന് പോയത് മതപരമായ ചടങ്ങുകളെ ബാധിച്ചെന്നാണ് അക്രമികള്‍ അവകാശപ്പെട്ടത്.

Published

on

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കാര്‍ ആക്രമിച്ച് കന്‍വാര്‍ യാത്രക്കാര്‍. കാര്‍ തീര്‍ത്ഥാടകരെ കടന്നുപോയതിനാണ് സംഘം യാത്രക്കാരെ ആക്രമിച്ചത്. മുസാഫര്‍നഗറിലെ ചപ്പാര്‍ ഗ്രാമത്തിലാണ് സംഭവം. കാര്‍ തങ്ങളെ കടന്ന് പോയത് മതപരമായ ചടങ്ങുകളെ ബാധിച്ചെന്നാണ് അക്രമികള്‍ അവകാശപ്പെട്ടത്. തീര്‍ത്ഥാടകര്‍ കാര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കാറിന്റെ ചില്ലുകള്‍ തകര്‍ത്ത തീര്‍ത്ഥാടകര്‍ ഡ്രൈവറെയും യാത്രക്കാരെയും മര്‍ദിച്ചെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന്, മുസാഫര്‍നഗര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കന്‍വാര്‍ തീര്‍ത്ഥാടകരെ തങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയതോടെ അവര്‍ യാത്ര പുനരാരംഭിച്ചെന്നാണ് പൊലീസ് നല്‍കിയ വിശദീകരണം. അതേസമയം പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ഉത്തരാഖണ്ഡിലും കന്‍വാര്‍ തീര്‍ത്ഥാടകര്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഉത്തരാഖണ്ഡിലെ തെഹ്രിയിലെ നീലകണ്ഠ ക്ഷേത്രത്തിന് സമീപം പാര്‍ക്കിങ്ങിന്റെ പേരിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. തര്‍ക്കത്തിനിടെ സെക്യൂരിറ്റി ജീവനക്കാരനെ വാളുകൊണ്ട് ആക്രമിച്ചെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതിനിടെ, കന്‍വാര്‍ യാത്ര കടന്നു പോകുന്ന വഴികളിലെ ഹോട്ടലുടമകളോട് അവരുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയ യു.പി, ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി ഇന്ന് സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എന്‍. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, ഏത് തരം ഭക്ഷണമാണ് വിളമ്പുന്നതെന്ന് ഹോട്ടലുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ നിര്‍ദേശത്തിനെതിരെ ദല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ അപൂര്‍വാനന്ദും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആകര്‍ പട്ടേലും ഞായറാഴ്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ മഹുവ മൊയ്ത്ര അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ഹരജി ഫയല്‍ ചെയ്തിരുന്നു.

Continue Reading

crime

ഭക്ഷണത്തിൽ ഉള്ളി കണ്ടെന്നാരോപണം; ഹോട്ടൽ തല്ലിതകർത്ത് കൻവാർ തീർത്ഥാടകർ

മുസാഫർനഗർ ജില്ലയിലെ സിസൗന ബ്ലോക്കിൽ ദൽഹി-ഹരിദ്വാർ ഹൈവേയിലെ ‘തൗ ഹുക്കേവാല ഹരിയാൻവി ടൂറിസ്റ്റ് ധാബ’ യാണ് തീർത്ഥാടകർ തകർത്തത്.

Published

on

ഭക്ഷണത്തിൽ ഉള്ളി കണ്ടെന്നാരോപിച്ച് ഹോട്ടൽ തല്ലിതകർത്ത് കൻവാർ തീർത്ഥാടകർ. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലാണ് ഭക്ഷണത്തിൽ ഉള്ളി കഷ്ണങ്ങൾ കണ്ടെന്നാരോപിച്ച് ഹോട്ടൽ തകർത്തത്. മുസാഫർനഗർ ജില്ലയിലെ സിസൗന ബ്ലോക്കിൽ ദൽഹി-ഹരിദ്വാർ ഹൈവേയിലെ ‘തൗ ഹുക്കേവാല ഹരിയാൻവി ടൂറിസ്റ്റ് ധാബ’ യാണ് തീർത്ഥാടകർ തകർത്തത്.
കൻവാർ യാത്രാ വഴിയിലുള്ള ഹോട്ടലുകൾ നെയിംപ്ലേറ്റുകൾ പ്രദർശിപ്പിക്കണമെന്ന് ഉത്തർപ്രദേശ് സർക്കാർ നിർബന്ധമാക്കിയതിന് തൊട്ടുപിന്നാലെയാണ് സംഭവം. ഗംഗയിൽ നിന്ന് ശേഖരിച്ച വെള്ളവുമായി ഹരിദ്വാറിലേക്ക് പോയ കൻവാർ തീർത്ഥാടക സംഘം വഴിക്കു വെച്ച് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറുകയായിരുന്നു.
എന്നാൽ കഴിക്കാൻ കൊണ്ട് വെച്ച കറിയിൽ ഉള്ളി കഷ്ണം കണ്ടെന്നും പറഞ്ഞ് പാചകക്കാരൻ ഉൾപ്പടെ ഹോട്ടലിലെ ജീവനക്കാരെ മർദിക്കുകയായിരുന്നു. ഹോട്ടലിലെ ഫർണിച്ചറുകളും മറ്റ് സാധനങ്ങളും തീർത്ഥാടകർ നശിപ്പിച്ചു. ശിവഭക്തർ ലളിതമായ  ഭക്ഷണം കഴിക്കുന്നതിനാൽ, കറിയിൽ ഉള്ളി കണ്ടാൽ അവർ അസ്വസ്ഥരാകുമെന്ന് ചാപ്പർ പോലീസ് സ്റ്റേഷൻ ഓഫീസർ ത്യാഗി പറഞ്ഞു.
എന്നാൽ ആശയ കുഴപ്പം മൂലമാണ് ഇത് സംഭവിച്ചതെന്നും കൻവാർ തീർത്ഥാടകർ ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തില്ലെന്ന കാര്യം തങ്ങൾക്കറിയില്ലെന്നും ഹോട്ടൽ ഉടമ പ്രമോദ് കുമാർ പറഞ്ഞു.സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

crime

യു.പിയിൽ എസ്.പി നേതാവ് കൊല്ലപ്പെട്ടു; ബി.ജെ.പി കൗൺസിലർ ഉൾപ്പെടെ 5 പേർക്കെതിരെ കേസ്

വെള്ളിയാഴ്ച രാത്രിയാണ് ഓം പ്രകാശ് സിങ് എന്നയാളെ വീട്ടിൽ അതിക്രമിച്ച് കയറി ആയുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തിയത്.

Published

on

യു.പിയിലെ  ഗോണ്ട ജില്ലയിൽ സമാജ്‌വാദി പാർട്ടി പ്രാദേശിക നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ ബി.ജെ.പി കൗൺസിലർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച രാത്രിയാണ് ഓം പ്രകാശ് സിങ് എന്നയാളെ വീട്ടിൽ അതിക്രമിച്ച് കയറി ആയുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തിയത്.

പോസ്റ്റ്‌മോർട്ടം നടത്തി സിങിന്‍റെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തെങ്കിലും അന്ത്യകർമങ്ങൾ നടത്താൻ വീട്ടുകാർ വിസമ്മതിച്ചു. പ്രതികളെ പിടികൂടിയതിന് ശേഷം മാത്രമേ സംസ്‌കാര ചടങ്ങുകൾ നടത്തുകയുള്ളൂവെന്ന് വീട്ടുകാർ അറിയിച്ചു. സമാജ്‌വാദി പാർട്ടിയുടെ മുതിർന്ന നേതാവ് യോഗേഷ് പ്രതാപ് സിങ്, മുൻ എം.എൽ.എ ബൈജ്‌നാഥ് ദുബെ, മറ്റ് പാർട്ടി നേതാക്കളും അദ്ദേഹത്തിൻ്റെ വീട്ടിലെത്തിയിരുന്നു. അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് (വെസ്റ്റ്) രാധശ്യാം റായിയും കേണൽഗഞ്ച് പൊലീസ് സർക്കിൾ ഓഫീസർ ചന്ദ്രപാൽ ശർമ്മയും സംഭവസ്ഥലത്തെത്തി. ഉടൻ നടപടിയെടുക്കുമെന്ന് പ്രതിഷേധക്കാർക്ക് ഉറപ്പുനൽകി.

സിങിന്‍റെ ഭാര്യ നീലത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പരസ്പൂർ നഗർ പഞ്ചായത്തിലെ ബി.ജെ.പി കൗൺസിലറായ ഉദയ്ഭൻ സിങ് എന്ന ലല്ലൻ സിങ്, അദ്ദേഹത്തിൻ്റെ മൂന്ന് ആൺമക്കൾ എന്നിവരുൾപ്പെടെ അഞ്ച് പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.

ഭർത്താവിനെയും മകനെയും മർദിച്ചുവെന്നും രണ്ട് തവണ തങ്ങളെ ആക്രമിച്ചിട്ടുണ്ടെന്നും നീലം പരാതിയിൽ പറയുന്നു. ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് നടപടിയുണ്ടായില്ല. മുമ്പ് നൽകിയ പരാതികളിൽ പൊലീസ് നടപടിയെടുത്തിരുന്നെങ്കിൽ തന്‍റെ ഭർത്താവ് ജീവിച്ചിരിക്കുമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading

Trending