മലപ്പുറം: മലപ്പുറം പടിക്കലിന് സമീപം കൂമണ്ണയില്‍ കുന്നിടിഞ്ഞ് ഫാമിലെ 20 പോത്തുകള്‍ ചത്തു. രണ്ടുപോത്തുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പെരുവള്ളൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഫാമിലെ പോത്തുകളാണ് ചത്തത്. ഇന്ന് രാവിലെ ഏഴരക്കായിരുന്നു സംഭവം.

22 പോത്തുകളെ താമസിപ്പിച്ചിരുന്ന ഫാമിന് മുകളിലേക്ക് മണ്ണും പാറക്കല്ലുകളും ഇടിഞ്ഞു വീഴുകയായിരുന്നു. ജെ.സി.ബി ഉപയോഗിച്ച് പാറക്കല്ലുകള്‍ മാറ്റി പോത്തുകളെ പുറത്തെടുത്തു. പെരുവള്ളൂര്‍ മൂച്ചിക്കല്‍ സ്വദേശികളായ ഷാഫി, മുസ്തഫ എന്നിവരുടെ പോത്തുകളാണ് ദുരന്തത്തില്‍ പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടര്‍ന്ന് കുന്നിടിയുകയായിരുന്നു.

ഏറെക്കാലം മുമ്പ് ഈ പ്രദേശത്ത് മണ്ണെടുത്തിരുന്നു. ഈ ഭാഗത്തു നിന്നാണ് കുന്നിടിഞ്ഞു വീണത്.