അഷ്റഫ് വേങ്ങാട്ട്

റിയാദ് : വിശുദ്ധ ഹജ്ജ് കര്‍മത്തിന് വിജയകരമായ പരിസമാപ്തി. കോവിഡ് മഹാമാരി തീര്‍ത്ത പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും മഹത്തായ കര്‍മ്മം നിര്‍വഹിക്കാന്‍ ഭാഗ്യം ലഭിച്ച ഹാജിമാര്‍ പുണ്യ ഗേഹത്തോടും വിശുദ്ധ മക്കയോടും വിട ചൊല്ലി. അവസാന ദിവസത്തെ ജംറകളിലെ കല്ലേറും നിര്‍വഹിച്ച് വിശുദ്ധ ഹറമിലെത്തി വിടവാങ്ങല്‍ ത്വവാഫ് നടത്തി ആത്മസായൂജ്യത്തോടെ പുണ്യഭൂമിയോട് വിടപറയുമ്പോള്‍ ഹാജിമാര്‍ ഗദ്ഗദകണ്ഠരായി .

ആശങ്കള്‍ക്കിടയിലും ഈ പുണ്യകര്‍മ്മം നിര്‍വഹിക്കാന്‍ അവസരം ലഭിച്ചതിന് അല്ലാഹുവിനോട് നന്ദിയോതിയ ഹാജിമാര്‍ ഇതൊരു വ്യക്തിപരമായി മഹാഭാഗ്യമായി കരുതുന്നു . സഊദിയിലുള്ള നൂറ്റിഇരുപതിലധികം വരുന്ന രാജ്യങ്ങളില്‍ നിന്നുള്ള 58518 ഹാജിമാര്‍ക്കാണ് പുണ്യ കര്‍മ്മത്തിന് ഭാഗ്യം ലഭിച്ചത്.

വിശുദ്ധ ഹറമിലെത്തിയ ഹാജിമാരുമായി ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുള്‍റഹ്മാന്‍ അല്‍ സുദൈസ് ചര്‍ച്ച നടത്തി. പരമാവധി സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തോടൊപ്പം തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിശ്ചയദാര്‍ഢ്യം അദ്ദേഹം ഹാജിമാരെ ബോധ്യപ്പെടുത്തി . കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നിരന്തര ഇടപെടലുകളും കോവിഡ് ഭീഷണിക്കിടയിലും വിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ വിജയത്തിന് തിളക്കം വര്‍ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

ഹജ്ജ് ആരോഗ്യ ആഭ്യന്തര മന്ത്രാലയങ്ങളും സുരക്ഷാ വകുപ്പും മറ്റു മന്ത്രാലയങ്ങളും ഇരു ഹറം കാര്യാലയവും സേവനോല്‌സുകരായ ജീവനക്കാരും വളണ്ടീയര്‍മാരും എല്ലാവരും ഒറ്റകെട്ടായി നടത്തിയ അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമാണ് പുണ്യകര്‍
മത്തിന്റെ വിജയമെന്ന് ഡോ. സുദൈസ് ചൂണ്ടിക്കാട്ടി.

പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോളില്‍ മഹത് കര്‍മം നിര്‍വഹിക്കാന്‍ സാധിച്ചത് അഭിമാനകരമാണെന്നും ഒരൊറ്റ തീര്‍ത്ഥാടകന് പോലും കോവിഡ് രോഗബാധ കണ്ടെത്തിയില്ലെന്നും ആരോഗ്യമന്ത്രാലയ അധികൃതരും വെളിപ്പെടുത്തി.
വ്യാഴാഴ്ച്ച തന്നെ നല്ലൊരു വിഭാഗം ഹാജിമാര്‍ ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങിയിരുന്നു. ബാക്കിയുള്ളവര്‍ ഇന്നലെ രാത്രിയോടെയാണ് വിശുദ്ധ ഹറമില്‍ നിന്ന് വിട പറഞ്ഞത്.

ലോകം അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോഴും സുരക്ഷിതമായ ഹജ്ജ് കര്‍മം നടത്താന്‍ സാധിച്ചതില്‍ ലോക രാജ്യങ്ങള്‍ സഊദി ഭരണകൂടത്തെ അഭിനന്ദിച്ചു. ലോകമുസ്ലിംകള്‍ക്കും ഇസ്ലാമിക പ്രവര്‍ത്തങ്ങള്‍ക്കും സഊദി നല്‍കുന്ന സഹായങ്ങളും പിന്തുണയും അവര്‍ണ്ണനീയമാണെന്ന് അറബ്ലോകത്തെ വിവിധ രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു .