നാഗ്പൂര്‍: മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂര്‍ ജില്ലയിലെ റെയില്‍വേ ട്രാക്കില്‍ രണ്ടു കടുവക്കുഞ്ഞുങ്ങളെ ട്രെയിനിടിച്ച് ചത്ത നിലയില്‍ കണ്ടെത്തി. നാഗ്പൂരില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ ചന്ദ്രാപ്പൂര്‍-നാഗ്ബിദ് സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം.

രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. കുഞ്ഞുങ്ങള്‍ക്ക് ഏകദേശം ആറ് മാസം പ്രായമുണ്ട്. ട്രെയിന്‍ തട്ടിയ ഉടന്‍ തന്നെ കടുവക്കുഞ്ഞുങ്ങള്‍ ചത്തതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. മൃതദേഹത്തില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചിട്ടുണ്ട്.

നേരത്തെ മഹാരാഷ്ട്രയില്‍ അവനി എന്ന പെണ്‍കടുവയെ വെടിവെച്ചു കൊന്നത് വലിയ വിവാദമായിരുന്നു.