തിരുവനന്തപുരം: പന്ത്രണ്ടു ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ അഞ്ഞൂറിന്റെ നോട്ട് കേരളത്തിലുമെത്തി. ബാങ്കുകളിലൂടെയും എടിഎമ്മുകളിലൂടെയും വിതരണം ചെയ്യാന്‍ 150 കോടി രൂപയുടെ 500 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്കിന്റെ തിരുവനന്തരപുരം ഓഫീസിലെത്തിയതയാണ് വിവരം. കേരളത്തിലുടനീളം വിതരണം ചെയ്യാനുള്ള നോട്ടുകളാണിത്. എന്നാല്‍ തിങ്കളാഴ്ച മുതല്‍ 500 രൂപയുടെ നോട്ട് വിതരണം ചെയ്യുമോ എന്നതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. റിസര്‍വ് ബാങ്ക് ആസ്ഥാനത്തു നിന്ന് അനുമതി ലഭിച്ചാല്‍ വിതരണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. 500 രൂപാ നോട്ടുകളുടെ വിതരണം ആരംഭിച്ചാല്‍ നിലവിലെ കറന്‍സി പ്രതിസന്ധിക്ക് അയവുവരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ റിസര്‍വ് ബാങ്ക് ആസ്ഥാനത്തു നിന്ന് സംസ്ഥാനത്തേക്ക് എത്തിച്ച തുക പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കില്ലെന്നാണ് വിവരം. ഒരു പെട്ടിയില്‍ അഞ്ചു കോടി രൂപ വീതമുള്ള 30 പെട്ടി മാത്രമാണ് സംസ്ഥാനത്തേക്ക് എത്തിച്ചിട്ടുള്ളത്. തിങ്കളാഴ്ച മുതല്‍ ബാങ്ക് ശാഖകളിലൂടെ ഇവ വിതരണം ചെയ്യാന്‍ തീരുമാനിച്ചാലും എടിഎമ്മുകളില്‍ നിന്ന് അന്നു മുതല്‍ ലഭ്യമാവില്ല. 2000 രൂപാ നോട്ടിനു സമാനമായി പഴയ നോട്ടിനേക്കാള്‍ ചെറുതും കനംകുറഞ്ഞതുമാണ് ഇവ. അതിനാല്‍ എടിഎമ്മുകള്‍ പുനഃക്രമീകരിച്ച ശേഷം മാത്രമായിരിക്കും പുതിയ നോട്ടുകള്‍ എടിഎമ്മില്‍ ലഭ്യമാവുക. രാജ്യത്തെ മറ്റു നഗരങ്ങളില്‍ 2000 രൂപക്കൊപ്പം 500ന്റെ നോട്ടുകളും നേരത്തെ എത്തിയിരുന്നു.