നിരവധി ബോട്ടപകടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചിട്ടുള്ള സംസ്ഥാനത്തെ ജലഗതാഗതം ഇപ്പോഴും അപകടകരമായ സാഹചര്യത്തിലെന്ന് കണ്ടെത്തി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്. നിയമസഭയുടെ മേശപ്പുറത്ത് വെച്ച 2016 മാര്‍ച്ചില്‍ അവസാനിക്കുന്ന വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് ഗുരുതരമായ കണ്ടെത്തലുകളുള്ളത്. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എഴുപത് ശതമാനം ഹൗസ് ബോട്ടുകളും ഇന്‍ഷുറന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും റജിസ്റ്റര്‍ ചെയ്തിട്ടുള്ള 754 ഹൗസ് ബോട്ടുകളില്‍ 225 എണ്ണത്തിന് മാത്രമാണ് ഇന്‍ഷുറന്‍സുള്ളതെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
2011- 12 മുതല്‍ 2015-16വരെയുള്ള കാലയളവില്‍ തുറുമുഖ പൊലിസ് നടത്തിയ 17 മിന്നല്‍ പരിശോധനകളില്‍ 42 ഹൗസ് ബോട്ടുകള്‍ക്ക് പിഴ ചുമത്തിയെങ്കിലും പിഴ അടച്ചതിനു ശേഷവും ഇന്‍ഷുറന്‍സില്ലാതെ ഇവ പ്രവര്‍ത്തിച്ചു. ഇന്‍ഷുറന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഹൗസ് ബോട്ടുകളില്‍ യാത്രചെയ്യുന്നവരുടെ സുരക്ഷക്ക് ഭീഷണിയായ നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്നതില്‍ വകുപ്പ് പരാജയപ്പെട്ടു. ആലപ്പുഴ തുറുമുഖ റജിസ്ട്രിക്ക് കീഴില്‍ റജിസ്റ്റര്‍ ചെയ്ത 734 ഹൗസ് ബോട്ടുകളില്‍ 2016 മാര്‍ച്ച്് 31വരെ 321 ഹൗസ് ബോട്ടുകള്‍ റജിസ്‌ട്രേഷന്‍ പുതുക്കിയില്ല. ഇവരില്‍ നിന്നും 11.26 ലക്ഷം രൂപ റജിസ്‌ട്രേഷന്‍ ഇനത്തില്‍ ലഭിക്കാനുണ്ടെന്നും സി.എ.ജി കണ്ടെത്തി. 734 ഹൗസ് ബോട്ടുകള്‍ ഉണ്ടെന്ന് റജിസ്ട്രറുടെ കണക്ക് പ്രകാരം അവകാശപ്പെടുമ്പോള്‍ ടൂറിസം ഡയറക്ടറുടെ കണക്ക് പ്രകാരം 1500 ഹൗസ് ബോട്ടുകളുണ്ട്. വേമ്പനാട് കായലിന്റെ പാരിസ്ഥിതിക പഠനം നടത്തിയ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡവലപ്പ്‌മെന്റ് മാനേജ്‌മെന്റിന്റെ കണ്ടെത്തലുകള്‍ പ്രകാരം വേമ്പനാട് കായലിന്റെ വിനോദ സഞ്ചാര വാഹക ശേഷി 262 ഹൗസ് ബോട്ടുകള്‍ക്കാണ്. എന്നാല്‍ ടൂറിസം വകുപ്പിന്റെ കണക്ക് പ്രകാരം 1500 ഹൗസ് ബോട്ടുകള്‍ കായലിലുണ്ട്. ഇതുകാരണം കായലിന്റെ പാരിസ്ഥിതിക സന്തുലതാവസ്ഥക്ക് ഗുരുതര ഭീഷണി ഉയര്‍ത്തുന്നു. ഹൗസ് ബോട്ടുകളുടെ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റുകള്‍ നല്‍കുന്നത് നിബന്ധനകള്‍ പാലിച്ചിരിക്കണം എന്നാണ്. എന്നാല്‍ ഇത് അധികാരികള്‍ ഉറപ്പു വരുത്താത്തതിനാല്‍ ഏകദേശം 17.66 ലക്ഷം രൂപ വകുപ്പിന് നഷ്ടമായി. ഹൗസ് ബോട്ടുകളില്‍ ഭൂരിഭാഗവും യോഗ്യതയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. അവയില്‍ ജീവന്‍ രക്ഷാ സാമഗ്രികളോ അഗ്‌നി സുരക്ഷാ ഉപകരണങ്ങളോ ആവശ്യത്തിന് ഇല്ലായെന്നും സി.എ.ജി കണ്ടെത്തി.
ഇന്റര്‍ഗ്രേറ്റഡ് കണ്‍സെന്റ് ടു ഓപ്പറേറ്റ് (ഐ.സി.ഒ)നുവേണ്ടി ആലപ്പുഴയിലുള്ള കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിനു സമര്‍പ്പിച്ച 811 ഹൗസ് ബോട്ടുകളില്‍ 437 എണ്ണം സാധുതയുള്ള ഐ.സി.ഒ ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. വീഴ്ച വരുത്തുന്നവരെ കണ്ടെത്തുന്നതിന് ആവശ്യമായ നിരീക്ഷണ സംവിധാനം മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഉണ്ടായിരുന്നില്ല. നിയമപരമായാണ് ഹൗസ് ബോട്ടുകള്‍ സര്‍വീസ് നടത്തുന്നതെന്ന് തുറുമുഖ ഡയറക്ടര്‍ ഉറപ്പുവരുത്താത്തതും അനധികൃതമായി സര്‍വീസ് നടത്താന്‍ ഹൗസ് ബോട്ടുകളെ സഹായിച്ചു. തുറുമുഖ വകുപ്പിന് കീഴില്‍ എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനം ഇല്ലാത്തത് നിയവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഹൗസ് ബോട്ടുടമകള്‍ക്ക് ധൈര്യം നല്‍കി. യോഗ്യതയില്ലാത്തവരെ കൊണ്ട് ജോലി ചെയ്യിക്കുന്നതില്‍ കടുത്ത ശിക്ഷ ഇല്ലാത്തതും ആവശ്യത്തിന് പരിശോധന നടത്താത്തതും കാരണം ഹൗസ് ബോട്ട് ഉടമകള്‍ ഒരേ കുറ്റം നിരവധി തവണ ആവര്‍ത്തിക്കുന്നുവെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹൗസ് ബോട്ടുകളില്‍ ശൗചാലയ മാലിന്യങ്ങള്‍ സംഭരിക്കുന്നതിനുള്ള ബയോ ടാങ്ക് സ്ഥാപിക്കേണ്ടതും പുറത്തേക്കുള്ള എല്ലാ കുഴലുകളും ജല രേഖക്ക് മുകളില്‍ സ്ഥാപിക്കണമെന്നും അത് കായലില്‍ തള്ളരുതെന്നുമാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാല്‍ മാലിന്യങ്ങള്‍ ഹൗസ് ബോട്ടുകളില്‍ നിന്നും കായലില്‍ തള്ളുന്നതിനായി ജലരേഖക്ക് അടിയില്‍ കുഴലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഹൗസ് ബോട്ടുകളില്‍ നിന്നുള്ള ഖരമാലിന്യങ്ങള്‍ പ്ലാസ്റ്റിക് ഉള്‍പെടെ ഹൗസ് ബോട്ടുകള്‍ നങ്കൂരമിടുന്ന സ്ഥലത്ത് കൂട്ടിയിട്ട് കത്തിക്കുന്നതായും ചില ബോട്ടുകള്‍ കായലില്‍ തന്നെ തള്ളുന്നതായും സി.എ.ജി കണ്ടെത്തിയിട്ടുണ്ട്.